അടൂർ: പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ഇതു വരെ വെളിച്ചത്തു വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ എന്ന് പറയുന്നതു പോലെ ഈ ബാങ്കിൽ നിന്ന് കൈയിട്ടു വാരാത്തവർ കുറവാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഏറ്റവും ഒടുവിലായി തട്ടിപ്പ് നടത്തിയ പ്യൂൺ മുകേഷ് എടുത്തത് 31.50 ലക്ഷമാണ്. ഇതു കൊണ്ട് ഇയാൾ രണ്ടു വണ്ടിയാണ് വാങ്ങിയിരിക്കുന്നത്. 18 ലക്ഷത്തിന്റെ എസ്യുവിയും 12 ലക്ഷത്തിന്റെ ഹോണ്ട സിറ്റിയും. സ്റ്റോർ കീപ്പറിൽ നിന്ന് പ്യൂണായി അടുത്തിടെ മാത്രം സ്ഥാനക്കയറ്റം കിട്ടിയ മുകേഷിന് മാസ ശമ്പളം കാൽലക്ഷത്തിൽ താഴെ മാത്രമാണ്. തുടരെ തുടരെ രണ്ട് ആഡംബര കാറുകൾ ഇയാൾ വാങ്ങിയതു കണ്ട് നാട്ടുകാർ അന്തം വിട്ടു നിന്നു. അപ്പോൾ തന്നെ എന്തോ തട്ടിപ്പ് നടന്നിരിക്കാമെന്ന് ചിലരെങ്കിലും ഊഹിക്കുകയും ചെയ്തു. ഇപ്പോൾ തട്ടിപ്പ് വാർത്ത പുറത്തു വന്നപ്പോഴാണ് കാർ വാങ്ങിയതിനുള്ള പണം എവിടെ നിന്നാണെന്ന വിവരം പുറത്തു വരുന്നത്.
സിപിഎം-ബിജെപി-കോൺഗ്രസ് ഒത്തൊരുമ സംഘം എന്നു വേണം ഈ ബാങ്കിനെ വിളിക്കുവാൻ. കാരണം ആര് ഭരിച്ചാലും ഗുണഭോക്താക്കൾ ഈ മൂന്നു പാർട്ടിയിലുള്ള പ്രധാന നേതാക്കളും ശിങ്കിടികളുമാണ്.

താൻ മാത്രമല്ല, മറ്റു പലർക്കും തട്ടിപ്പിൽ പങ്കുണ്ട് എന്ന സൂചനയാണ് പൂൺ മുകേഷ് നൽകുന്നത്. ഇയാൾ ഫോണും ഓഫ് ചെയ്ത് നാടു വിട്ടിരിക്കുകയാണ്. താൻ കുടുങ്ങിയാൽ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പ്രസന്നകുമാർ, ഡയറക്ടർ ബോർഡ് അംഗം കൃഷ്ണകുമാർ എന്നിവർ ഒപ്പം കാണുമെന്നൊരു ഭീഷണിയും ഇയാൾ മുഴക്കുന്നുണ്ടത്രേ. അടൂർ ബോയ്സ് ഹൈസ്‌കൂൾ ജങ്ഷനിലെ ശാഖയിൽ നിന്നാണ് 31.50 ലക്ഷം രൂപ തട്ടിയെടുത്തത്. ഇവിടെ പണം കൈകാര്യം ചെയ്യുന്നതിന് ഈ പ്യൂണിനെയാണ് നിയോഗിച്ചിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രമുള്ളയാൾക്ക് സെക്രട്ടറി ഇൻ ചാർജ് നൽകി നിലവിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയും ഞെട്ടിച്ചിരിക്കുകയാണ്.

15 ലക്ഷത്തോളം രൂപ മാത്രമേ താൻ എടുത്തിട്ടുള്ളൂവെന്നും ശേഷിച്ചത് മറ്റു ചിലർക്ക് നൽകിയെന്നുമൊക്കെയാണ് പ്യൂൺ പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം. സിപിഎമ്മിന്റെ നേതാക്കളായ രണ്ടു കരാറുകാർക്കാണ് ഈ പണം നൽകിയതത്രേ. പ്യൂണിനെ കരുവാക്കി തട്ടിപ്പ് നടത്താൻ ബാങ്കിന്റെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ, ഇപ്പോൾ ഇവർ തങ്ങൾ ഒന്നുമറിഞ്ഞിട്ടില്ല, പ്യൂൺ ഒറ്റയ്ക്ക് തട്ടിപ്പ് നടത്തി എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതാക്കളുടെ സാന്നിധ്യത്തിൽ പ്യൂണിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണം മുഴുവൻ തിരിച്ചടച്ചു കൊള്ളാമെന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുള്ളതായും സൂചനയുണ്ട്. തന്റെ ബന്ധുക്കളുടെ അക്കൗണ്ട് മുഖേനെയാണ് പ്യൂൺ തട്ടിപ്പ് നടത്തിയത്.

സജീവമല്ലാത്ത അക്കൗണ്ടുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബാങ്കിൽ നിന്ന് പണം എടുത്ത ശേഷം അക്കൗണ്ടിൽ മൈനസ് ചെയ്യുക എന്ന പ്രക്രിയയാണ് നടത്തുക. ഉദാഹരണമായി സജീവമല്ലാത്ത അക്കൗണ്ട് വഴി ഒരു ലക്ഷം പിൻവലിക്കും. അപ്പോൾ അക്കൗണ്ടിൽ -1 ലക്ഷം എന്ന് കാണിക്കും. അതായത് ഈ അക്കൗണ്ട് ഉടമയ്ക്ക് ഒരു ലക്ഷം ഇട്ടു കൊടുത്തിരിക്കുന്നു. അത് പിന്നീട് തിരികെ ബാങ്കിന് അടയ്ക്കണം. ഒരു തരത്തിൽ പറഞ്ഞാൽ പലിശ രഹിത അഡ്വാൻസ്. ഈ തുക ജീവനക്കാരൻ തന്നെ പിൻവലിച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കും. മാർച്ച് 31 ന് മുൻപ് പണം തിരികെ ബാങ്കിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കും. ഓഡിറ്റ് കഴിഞ്ഞ് അക്കൗണ്ട് ക്ലിയർ ആയിക്കഴിയുമ്പോൾ വീണ്ടും ഈ പണം മൈനസ് ചെയ്ത് എടുക്കും. അടുത്ത മാർച്ച് 31 ന് മുൻപ് തിരിച്ചടച്ച് ഓഡിറ്റുകാർക്ക് മുന്നിൽ നല്ല പിള്ളയാകും. ഇങ്ങനെ എടുക്കുന്ന പണം ഇവർ നാട്ടിൽ പലിശയ്ക്ക് കൊടുക്കുകയോ കരാർ ജോലികൾക്ക് ഉപയോഗിക്കുകയോ വസ്തു വാങ്ങുകയോ ഒക്കെ ചെയ്യും.

ഇപ്പോൾ പിടി വീണിരിക്കുന്ന തട്ടിപ്പ് 2019-20 സാമ്പത്തിക വർഷത്തെയാണ്. ബന്ധുക്കളായ അഞ്ചു പേരുടെ അക്കൗണ്ട് മുഖേനെയാണ് തിരിമറി. ഇവർ പരാതിക്ക് പോകാത്തതിനാൽ തട്ടിപ്പുകാരന് നിലവിൽ പൊലീസ് കേസുണ്ടാകില്ല. പകരം പണം തിരിച്ചടച്ച് ബാങ്കിന്റെ അച്ചടക്ക നടപടി നേരിട്ടാൽ മതിയാകും. പുതിയ സോഫ്ട്വെയർ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടി ആറു മാസമായി ജോലി നടക്കുകയാണ്. നേരത്തേ ഇവോൾവ് എന്ന സോഫ്ട്വെയറാണ് ഉപയോഗിച്ചിരുന്നത്. അതിന് സുരക്ഷിതത്വം ഇല്ലെന്ന് പറഞ്ഞ് തൊട്ടടുത്തുള്ള മറ്റൊരു സഹകരണ ബാങ്കിൽ ഉപയോഗിക്കുന്ന സോഫ്ട്വെയർ എടുക്കാൻ തീരുമാനിച്ചു. പുതിയത് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ തട്ടിയെടുത്ത പണം തിരികെ നിക്ഷേപിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യാൻ പറ്റിയില്ല. പുതുതായി സോഫ്ട്വെയർ സ്ഥാപിക്കുന്നവർ ബാക്ക് അപ്പ് എടുത്തു പരിശോധിച്ചപ്പോൾ അഞ്ച് അക്കൗണ്ടുകളിൽ മൈനസ് ചെയ്ത് പണം പിൻവലിച്ചതായി കണ്ടെത്തി. ഇത് സെക്രട്ടറി ഇൻ ചാർജിന് റിപ്പോർട്ട് ചെയ്തു.

പണം പോയിരിക്കുന്നത് എങ്ങോട്ടാണ് എന്ന് അറിയാവുന്ന സെക്രട്ടറി ഇൻ ചാർജ് ഈ അവസരം കൃത്യമായി വിനിയോഗിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. ബിജെപിക്കാരനായ പ്യൂണിനെ ബലിയാടാക്കി സെക്രട്ടറി സ്വന്തം ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. മൈനസ് ചെയ്ത് പണം പിൻവലിച്ചത് സെക്രട്ടറി അറിഞ്ഞിട്ടില്ലെന്ന വാദത്തോട് യോജിക്കാൻ കഴിയുന്നതല്ല. ഇദ്ദേഹത്തിനെതിരേയും പരാതിയുണ്ട്. ബോണ്ടില്ലാതെയും ബോണ്ടിന് ഉപരിയായും സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും ഇദ്ദേഹം വായ്പ എടുത്തിരുന്നുവെന്നാണ് വിവരം. മിത്രപുരം ശാഖയിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ അഡ്‌മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോൾ സെക്രട്ടറി ഇൻ ചാർജ് ആക്കി നിയമിക്കുകയായിരുന്നു. സിപിഎം ലോക്കൽ കമ്മറ്റിയംഗം രാധാകൃഷ്ണൻ പിള്ള, കൃഷ്ണകുമാർ തുടങ്ങിയവരാണ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ ഉണ്ടായിരുന്നത്. യു.ഡി.എഫിന്റെ കൈവശമുള്ള ബാങ്ക് കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം നടന്നു വന്നിരുന്നത്. ഇതിന് ഒത്താശ ചെയ്യാൻ വേണ്ടി പത്താം ക്ലാസ് യോഗ്യതയുള്ളയാൾക്ക് സെക്രട്ടറിയുടെ ചുമതലയും കൊടുത്തു. ഈ ഭരണ സമിതിയുടെ കാലത്താണ് മിത്രപുരം ശാഖയിൽ ഗിരീഷ് എന്ന ജീവനക്കാരൻ 60 ലക്ഷം രൂപയുടെ തട്ടിപ്പ് സമാന രീതിയിൽ നടത്തിയത്.