- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പീതാംബരൻ മാസ്റ്റർ ഔട്ട്; പിസി ചാക്കോ ഇൻ; എകെ ശശീന്ദ്രനെ മന്ത്രിയാക്കിയതിന് പിന്നാലെ മുതിർന്ന നേതാവിനെ മാറ്റി പ്രധാന ശിഷ്യനെ നേതൃത്വം ഏൽപ്പിച്ച് ശരത് പവാർ; പാർട്ടിയിലെ തമ്മിലടി ഇല്ലാതാക്കാൻ ഇടപെട്ട് കേന്ദ്ര നേതൃത്വം; കേരളത്തിലെ എൻസിപിക്ക് ഇനി പ്രസിഡന്റ് പിസി ചാക്കോ
തിരുവനന്തപുരം: ഇനി ടിപി പീതാംബരൻ മാസ്റ്റർക്ക് വിശ്രമകാലം. എൻസിപിയുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോയെ ദേശീയ അധ്യക്ഷൻ ശരത് പവാർ നിയോഗിച്ചു. അടിയന്തരമായി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പിസി ചാക്കോയോട് പാർട്ടി ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു. ഇടതുപക്ഷവുമായുള്ള ചർച്ചകളിൽ ഇനി എൻസിപിയെ നയിക്കുക ചാക്കോയാകും. എകെ ശശീന്ദ്രനെ മന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെയാണ് ചാക്കോയെ അധ്യക്ഷനാക്കുന്നത്.
ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും തമ്മിൽ വലിയ ഭിന്നതയുണ്ടായിരുന്നു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു പീതാംബരൻ മാസ്റ്ററിന് താൽപ്പര്യം. എന്നാൽ ദേശീയ നേതൃത്വം ശശീന്ദ്രനെ പിന്തുണച്ചു. ഇതോടെ തന്നെ പീതാംബരൻ മാസ്റ്ററിന് പാർട്ടി ഭാരവാഹിത്വം നഷ്ടമാകുമെന്ന സൂചനകളെത്തി. ഇതാണ് ഇപ്പോൾ ശരിയാകുന്നതും. എന്നും ശരത് പവാറിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യരിൽ ഒരാളായിരുന്നു പിസി ചാക്കോ. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് ചാക്കോ എൻസിപിയിൽ എത്തിയത്.
കോൺഗ്രസിൽ നിന്ന് ചാക്കോ രാജിവച്ച ഉടൻ തന്നെ എൻ.സി.പി. അദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിലാണ് പി.സി.ചാക്കോ കോൺഗ്രസിൽ നിന്ന് രാജി വച്ചത്. കോൺഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ കടുത്ത വിമർശന മുന്നയിച്ചാണ് പി.സി.ചാക്കോ രാജി വച്ചത്. എൻ.സി.പി. നേതാവും ദേശീയ രാഷ്ട്രീയത്തിലെ ശക്തനുമായ ശരത് പവാറുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പി.സി.ചാക്കോ. എൻ.സി.പി. കേരളത്തിൽ രൂപീകൃതമായ കാലത്തു തന്നെ ചാക്കോ എൻ.സി.പിയിലേക്ക് പോകുമെന്ന് പ്രചരണം ഉയർന്നിരുന്നു. പിന്നീട് ശരത്പവാറുമായി ഈക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയും ചെയ്തിരുന്നു.
ശരത് പവാർ കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വിശ്വസ്ത ശിഷ്യനായിരുന്നു പിസി ചാക്കോ. ശരത് പവാർ എൻസിപി ഉണ്ടാക്കിയപ്പോൾ ചാക്കോയും കോൺഗ്രസ് വിട്ടു പോകുമെന്ന് കരുതി. എന്നാൽ കേരളത്തിലെ സാഹചര്യം മനസ്സിലാക്കി ചാക്കോ കോൺഗ്രസിൽ നിന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായി. പല നിർണ്ണായക ചുമതലകളും വഹിച്ചു. ഡൽഹിയിൽ കോൺഗ്രസിന് കാലിടറിയതോടെ ചാക്കോയുടെ കഷ്ടകാലം തുടങ്ങി. തോമസിനെ പോലെ ചാക്കോയും രാഹുൽ ഗാന്ധിയുടെ കണ്ണിലെ കരടായി. ഇതോടെ കോൺഗ്രസിൽ ആരും പരിഗണിക്കാത്തെ നേതാവായി പിസി ചാക്കോ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ല. രാജ്യസഭയിലേക്കും പരിഗണിച്ചില്ല. നിയമസഭയിലും അവഗണന നേരിട്ടു.
എൻസിപിയുടെ കേരളാ ഘടകത്തെ നയിക്കാൻ ആളില്ലാത്ത സ്ഥിതിയുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് ചാക്കോയെ ശരത് പവാർ എൻസിപിയിൽ എത്തിച്ചത്. പീതാംബരനും എകെ ശശീന്ദ്രനും എന്നും അടിയാണ്. തോമസ് ചാണ്ടി പോയതോടെ എൻസിപി കേരളത്തിൽ നാഥനില്ലാ കളരിയായി. ഉഴവൂർ വിജയന്റെ മരണവും അംഗീകാരമുള്ള നേതാവിന്റെ അഭാവമുണ്ടാക്കി. ഈ സാഹചര്യത്തിലാണ് കേരളത്തിൽ സംഘടനയെ ചലിപ്പിക്കാൻ പിസി ചാക്കോയ്ക്ക് കഴിയുമെന്ന് ശരത് പവാർ തിരിച്ചറിയുന്നത്. എൻസിപിയുടെ സംസ്ഥാന നേതൃത്വം പിസി ചാക്കോയെ ഏൽപ്പിക്കാനാണ് ശരത് പവാറിനും താൽപ്പര്യം.
ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു പി.സി. ചാക്കോ. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെ രാജി വച്ചിരുന്നു. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് ചാക്കോ ആരോപിച്ചിരുന്നു. അന്ന് മുതൽ ദേശീയ നേതൃത്വത്തിന്റെ കണ്ണിലെ കരടായി ചാക്കോ മാറി. ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെകുറിച്ചന്വേഷിച്ച ജോയ്ന്റ് പാർലമെന്ററി കമ്മിറ്റി (ജെ.പി.സി)യുടെ അദ്ധ്യക്ഷനായിരുന്ന ചാക്കോ പിന്നീട് ദേശീയ രാഷ്ട്രീയത്തിൽ തന്നെ അപ്രസക്തനായി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ സ്ഥാനങ്ങളും ഇല്ലാതെയായി.
1980ൽ ആദ്യമായി നിയമസഭയിൽ അംഗമാവുകയും നായനാർ വ്യവസായമന്ത്രിയാവുകയും ചെയ്ത നേതാവാണ് പിസി ചാക്കോ. പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തി. 1991 ൽ പത്താം ലോകസഭയിലേക്കും, 1996 ൽ പതിനൊന്നാം ലോകസഭയിലേക്കും, 1998ൽ പന്ത്രണ്ടാം ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ൽ തൃശ്ശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു പതിനാലാം ലോക്സഭയിലെ പ്രമുഖരിൽ ഒരാളായി. പക്ഷേ 2014ൽ ചാലക്കുടിയിൽ മത്സരിച്ച ചാക്കോയെ ഇന്നസെന്റ് പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒതുക്കപ്പെടൽ തുടങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ