- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ജഡ്ജി ഇപ്പോഴും ഉപയോഗിക്കുന്നത് പെഗസ്സസ് ചോർത്തിയ ഫോണെന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ; വിഷയം പാർലമെന്റിൽ ഉന്നയിച്ചു പ്രതിപക്ഷം; ആഭ്യന്തര മന്ത്രി അമിത്ഷാ വിശദീകരിക്കണമെന്ന ആവശ്യവുമായി സുബ്രഹ്മണ്യം സ്വാമി; ഫോൺ ചോർത്തൽ വിവാദത്തിൽ കുലുങ്ങി ഇന്ദ്രപ്രസ്ഥം
ന്യൂഡൽഹി: ഇസ്രഈൽ നിർമ്മിത ചാര സോഫ്റ്റ്വെയറായ പെഗസ്സസ് ഉപയോഗിച്ച് ഇന്ത്യയിലെ ഉന്നതരുടെ ഫോൺ ചോർത്തിയ വാർത്തയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സുപ്രീംകോടതി ജഡ്ജിയുടേയും ഫോൺ ഇന്ത്യയിൽ നിന്ന് ചോർത്തിയതായാണ് റിപ്പോർട്ടുകളുള്ളത്. എന്നാൽ ഫോൺ ചോർത്തൽ സമയത്ത് ഇദ്ദേഹം സുപ്രീംകോടതി ജഡ്ജിയായിരുന്നോ എന്ന് വ്യക്തമല്ല. ഇപ്പോഴും ഇദ്ദേഹം ഈ ഫോൺ തന്നെയാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ടിലുള്ത്. 40തോളം മാധ്യമപ്രവർത്തരുടെ വാർത്തകളും ചോർത്തിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ.
ചാര സോഫ്റ്റ്വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ലോക്സഭയിൽ എൻ.കെ പ്രേമചന്ദ്രനും നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുസഭകളും പെഗസ്സസ് വിവാദത്തെ തുടർന്ന് ബഹളത്തിൽ മുങ്ങി. ഇതോടെ സഭ നിർത്തിവെച്ചു. പ്രധാനമന്ത്രി പ്രസംഗിക്കവേയാണ് സഭയിൽ ബഹളമുണ്ടായത്.
അതേസമയം ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ഭരണപക്ഷ എംപിയായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താൽ അത് യുക്തിസഹമായിരിക്കുമെന്നും അല്ലെങ്കിൽ വാട്ടർഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാൽ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
കർഷക സമരം, ഇന്ധന വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെ വലിയതോതിൽ പ്രതിരോധത്തിലാക്കുമെന്ന് കരുതപ്പെട്ടിരുന്നപ്പോഴാണ് പൊടുന്നനെ പുതിയ വിവാദംകൂടി തലപൊക്കിയത്. മന്ത്രിമാർ അടക്കമുള്ളവരുടെ ഫോൺ ചോർത്തിയെന്ന ആരോപണം ഉയരുകയും പ്രതിപക്ഷത്തെ കൂടാതെ ഭരണപക്ഷാംഗങ്ങൾ തന്നെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിഷയം പാർലമെന്റിൽ കേന്ദ്രസർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മോദി സർക്കാരിലെ മൂന്ന് മന്ത്രിമാർ, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കൾ, സുരക്ഷാ ഏജൻസികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികൾ, 40 പത്രപ്രവർത്തകർ, ബിസിനസുകാർ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോൺനമ്പറുകൾ നിരീക്ഷിക്കുകയോ ചോർത്തുകയോ ചെയ്തതായാണ് പുറത്തുവന്ന റിപ്പോർട്ട്. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗസ്സസിന്റെ സാന്നിധ്യം ഈ നമ്പറുകളിൽ ചിലതിൽ കണ്ടതായാണ് വിദേശമാധ്യമങ്ങളായ 'വാഷിങ്ടൺ പോസ്റ്റ്', 'ദ ഗാർഡിയൻ' എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ 'ദ വയർ' വെബ് മാധ്യമവും റിപ്പോർട്ട് ചെയ്തത്.
ഇസ്രഈൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർകമ്പനിയായ എൻ.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയർ പ്രോഗ്രാമാണ് പെഗസ്സസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്വേർഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, വന്നതും അയച്ചതുമായ മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷൻ തുടങ്ങി മുഴുവൻ വിവരവും ചോർത്താൻ ഇതിലൂടെ സാധിക്കും.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗസ്സസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ , ആൻഡ്രോയിഡ് ഫോണുകളിൽ പെഗസ്സസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ , ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പെഗസ്സസ് ചോർച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങൾ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോർത്തിയത് എന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം.
പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോർത്തപ്പെട്ടത്.
2019ലാണ് പെഗസ്സസ് സോഫ്റ്റ് വെയർ ആഗോളതലത്തിൽ ചർച്ചയാവുന്നത്. 20 രാജ്യങ്ങളിൽ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോർന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യു.എസ്. ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോർത്തൽ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗസ്സസ് ആക്രമണത്തിൽ ഇന്ത്യക്കാരുടെ ഫോണുകളും ചോർത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാർത്തകൾ വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ