- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ രണ്ടാം നിലയം നിർമ്മിക്കുമെന്ന് നയപ്രഖ്യാപനം; പദ്ധതി യാഥാർത്ഥ്യമായാൽ കെഎസ്ഇബിക്ക് പ്രതിവർഷം ലാഭം 500 കോടി രൂപ; നിർമ്മിക്കുന്നത് 780 മെഗാവാട്ട് ശേഷിയുള്ള പുതിയ നിലയം; വൈദ്യുതി മേഖലയ്ക്ക് പുത്തനുണർവു നൽകാൻ ഇടുക്കിയിലെ രണ്ടാം നിലയംവരുമ്പോൾ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വൈദ്യുത മേഖലയ്ക്ക് തന്നെ പുത്തൻ ഉണർവ്വ് നൽകുന്നതാണ് കഴിഞ്ഞദിവസത്തെ നയപ്രഖ്യാപനത്തിൽ ഗവർണ്ണർ നടത്തിയ ഇടുക്കിയിലെ രണ്ടാം നിലയത്തിന്റെ പ്രഖ്യാപനം.7,000 കോടി രൂപ മുടക്കി ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ രണ്ടാം നിലയം നിർമ്മിക്കുമെന്നാണ് ഇന്നലെ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ സൂചിപ്പിച്ചത്. 780 മെഗാവാട്ട് ശേഷിയുള്ള പുതിയ നിലയമാണ് നിർമ്മിക്കുന്നത്. ഇപ്പോൾ 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വർഷം 500 കോടി രൂപയുടെ ലാഭമാണ് കെഎസ്ഇബിക്കു ലഭിക്കുക.
നിലയത്തിനുള്ള വിശദ രൂപരേഖ തയാറാക്കാൻ കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഭൂഗർഭ വൈദ്യുതനിലയമാണ് സ്ഥാപിക്കുക. കുളമാവ് ഡാമിൽ പുതിയ ഇൻടേക്ക് സ്ഥാപിച്ച് അവിടെ നിന്നെത്തുന്ന വെള്ളം പെൻസ്റ്റോക്ക് വഴി പുതിയ നിലയത്തിലെത്തിക്കുന്ന രീതിയിലാണ് റിപ്പോർട്ട്.
ഇടുക്കിയിൽ രണ്ടാം വൈദ്യുതനിലയം പുതിയ നിലയം കൂടി യാഥാർഥ്യമാകുന്നതോടെ ഇടുക്കി പദ്ധതിയുടെ ശേഷി 1560 മെഗാവാട്ട് ആകും. നിലവിൽ വൈകുന്നേരങ്ങളിൽ 12 രൂപ നിരക്കിലാണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. എന്നാൽ, പുതിയ നിലയത്തിൽ ഒരു രൂപയിൽ താഴെ ചെലവിൽ ഉൽപാദനം നടക്കും. ഇതോടെ പ്രതിവർഷം 500 കോടി രൂപയോളം ലാഭം ഉണ്ടാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
മാത്രമല്ല 2 നിലയങ്ങളിലും പകൽ ഉൽപാദനം കുറച്ച് വൈദ്യുതി ഏറ്റവും ആവശ്യമായ പീക്ക് ലോഡ് സമയത്ത് കൂടുതൽ ഉൽപാദിപ്പിക്കാനാണു ലക്ഷ്യം. വൈകിട്ട് 5 മുതൽ 10 വരെയുള്ള സമയത്താണ് പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ഏറ്റവും കൂടുതൽ പണം നൽകേണ്ടത്.
പുതിയ നിലയം വരുന്നതോടെ വൈകിട്ട് ഇടുക്കി പദ്ധതിയിലെ 12 ജനറേറ്ററുകൾ പൂർണതോതിൽ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ വൈദ്യുതി ദൗർലഭ്യം പരിഹരിക്കാൻ ഫലപ്രദമായ മാർഗമാണ് പുതിയ പദ്ധതി. പകൽ സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
സൗരോർജ വൈദ്യുതിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനുള്ള നടപടികളും കെഎസ്ഇബി നടത്തുന്നുണ്ട്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നാണ് ലഭിക്കുന്നത്. പുതിയ നിലയം കൂടി പൂർത്തിയാക്കിയാൽ ഉൽപാദനം ഇരട്ടിയാക്കാം.
മറുനാടന് മലയാളി ബ്യൂറോ