- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സിപിഎം; രണ്ടുപേരുടെ ഫോണുകൾ നഷ്ടപ്പെട്ടു എന്ന് പറയുന്നത് ദുരൂഹത; മൻസൂറിനെ കൂട്ടിയതും ഗൂഢാലോചനയെന്ന് ആരോപണം; ക്വട്ടേഷൻ സംഘമെന്നതിന് തെളിവായി തട്ടിക്കൊണ്ട് പോകലും; പെരിങ്ങര സന്ദീപ് കൊലയിൽ ആറുമാസത്തെ കോൾ പരിശോധനയ്ക്കും നീക്കം
ആലപ്പുഴ: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കുള്ള ക്വട്ടേഷൻ ബന്ധത്തിന് കൂടുതൽ തെളിവ്. ഇവർ കരുവാറ്റയിൽ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതികളാണ്. തട്ടിക്കൊണ്ടുപോകാൻ ഇവർക്കു ക്വട്ടേഷൻ നൽകിയ ആളെ അറസ്റ്റ് ചെയ്തു. സന്ദീപിന്റെ കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദം ശക്തമാണ്. ഈ സാഹചര്യത്തിൽ പ്രതികളുടെ ആറു മാസത്തെ ഫോൺ ഡീറ്റയിൽസ് പരിശോധിക്കാനാണ് നീക്കം.
തിരുവല്ലയിൽ സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. കേസിലെ അഞ്ചാം പ്രതി അഭിയെന്ന വിഷ്ണുകുമാർ വേങ്ങലയിലെ ബിജെപിബന്ധമുള്ള സുഹൃത്തിനോട് സംസാരിക്കുന്നതാണ് ശബ്ദരേഖ. കൃത്യം നടന്നതിന് തൊട്ടുടൻ വിളിച്ചതെന്ന് കരുതുന്ന സംഭാഷണത്തിൽ, ഒരു നിരപരാധിയുടെ ജീവനെടുത്തതിന്റെ കൂസലില്ലാതെയാണ് സംസാരിക്കുന്നത്. താനാണ് അവന്റെ (സന്ദീപിന്റെ) പെടലിക്ക് വെട്ടിയതെന്നും ചത്തുപോയെന്നും 'സീൻ'ആയെന്നും പറയുന്നു.
പൊലീസിനുമുമ്പാകെ ഡമ്മി പ്രതികളെ ഹാജരാക്കാനുള്ള ശ്രമവും ഫോൺ സംഭാഷണത്തിൽ വിവരിക്കുന്നു. പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവർ കീഴടങ്ങുമെന്നും എന്നാൽ, തന്നോട് കീഴടങ്ങേണ്ടെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ഇയാൾ പറയുന്നു. തനിക്ക് പകരം മറ്റ് പ്രതികളെ ജയിലിൽ കയറ്റാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുവേണ്ട സൗകര്യങ്ങളും നിർദേശങ്ങളും ചെയ്തുതന്നതായും ഇയാൾ പറയുന്നു. ഇത് കൃത്യത്തിനുപിന്നിലെ ഗൂഢാലോചനയിലേക്കും ആസൂത്രകരിലേക്കുമാണ് വിരൽചൂണ്ടുന്നത്. ആക്രമണം നടത്തിയശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലെ സുഹൃത്തിനെയാണ് വിളിച്ചത്. കോൺഫറൻസ് കാളിൽ തിരുവല്ലയിലെ ഒരു സുഹൃത്തിനെയും ഉൾപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികൾക്കെതിരെ മറ്റൊരു ക്വട്ടേഷൻ കേസ് കൂടി വരുന്നത്. ഈ കേസിൽ കരുവാറ്റ പാലപ്പറമ്പിൽ രതീഷ് (40) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. സന്ദീപിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതും രതീഷാണ്. പ്രതികൾ ഒളിച്ചിരുന്ന കരുവാറ്റയിലെ വീട്ടിൽനിന്നു രതീഷിനെയും കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കരുവാറ്റ ചാമപ്പറമ്പിൽ വടക്കതിൽ അരുണിനെ (25) സന്ദീപ് വധക്കേസ് പ്രതികളായ ജിഷ്ണു രഘു (23), പ്രമോദ് (23), നന്ദു അജി (24) എന്നിവർ ചേർന്ന് ബൈക്കിൽ തട്ടിക്കൊണ്ടു പോയത്. അരുണിന്റെ ബൈക്കും ഇവർ എടുത്തു.
അരുണിനെ തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജിലെത്തിച്ചു. കട്ടിലിനടിയിൽ കയ്യും കാലും കെട്ടിയിട്ട ശേഷം മുറി പൂട്ടി. അതിനു ശേഷമാണ് സന്ദീപിനെ കൊലപ്പെടുത്താൻ പ്രതികൾ പോയത്. മുഹമ്മദ് ഫൈസൽ കുറ്റപ്പുഴയിലെ ലോഡ്ജിലുണ്ടെന്ന് അറിഞ്ഞ പൊലീസ് അവിടെയെത്തി പരിശോധിച്ചപ്പോഴാണ് കെട്ടിയിട്ട നിലയിൽ അരുണിനെ കണ്ടത്. ദേഹമാസകലം മർദനമേറ്റിരുന്ന അരുണിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സന്ദീപ് വധക്കേസിലെ 2 പ്രതികൾ അരുണിന്റെ ബൈക്കിലാണു സഞ്ചരിച്ചതെന്നു കണ്ടെത്തിയിരുന്നു.
അരുണും രതീഷും ബന്ധുക്കളും സുഹൃത്തുക്കളുണ്. 2 മാസം മുൻപ് അരുണിന്റെ നേതൃത്വത്തിൽ രതീഷിന്റെ സ്‌കൂട്ടർ കത്തിച്ചിരുന്നു. ഇതിനു പകരം അരുണിന്റെ ബൈക്ക് രതീഷിനു നൽകുകയോ വില നൽകുകയോ വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടു പോയത്. സന്ദീപ് കൊല കേസിൽ ബിജെപി പ്രവർത്തകനും യുവമോർച്ച മുൻ ഭാരവാഹിയുമായ തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ (22), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25) എന്നിവരാണ് ഇതുവരെ പിടിയിലായത്.
ജിഷ്ണുവും സന്ദീപുമായി മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്‌തെന്നും വിഷ്ണു സംഭാഷണത്തിൽ പറയുന്നുണ്ട്. സന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാർ പറയുന്നുണ്ട്. സംഭവത്തിൽ പ്രതികളുടെ എല്ലാവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം സനൽകുമാർ ആവശ്യപ്പെട്ടു. പ്രതികളിൽ രണ്ടുപേരുടെ ഫോണുകൾ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് നഷ്ടപ്പെട്ടു എന്നാണ് പ്രതികൾ പറയുന്നത്. ഇക്കാര്യം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. നിലവിൽ സൈബർസെൽ സഹായത്തോടെ ഫോണുകൾ പരിശോധിച്ചുവരുകയാണ്.
സന്ദീപ് കുമാറിനെ കുത്തിക്കൊന്ന കൊലയാളി സംഘത്തിൽ കാസർകോട് മൊഗ്രാലിലെ മൻസൂറിനെ ഉൾപ്പെടുത്തിയത് ആർഎസ്എസ്-ബിജെപി ഗൂഢപദ്ധതിയാണെന്ന് സിപിഎം ആരോപിക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടലും അഥവാ പിടിക്കപ്പെട്ടാൽ ഇയാളെ മറയാക്കി മുഖംരക്ഷിക്കലുമായിരുന്നു നേതാക്കളുടെ ലക്ഷ്യം. മുഹമ്മദ് ഫൈസൽ എന്ന വ്യാജപ്പേരിൽ കണ്ണൂരിലെ തെറ്റായ വിലാസം പൊലീസിൽ നൽകിയത് ഈ ഉദ്ദേശ്യത്തോടെയായിരുന്നു. കൊലയാളികൾ പിടിയിലായതിനുപിന്നാലെ, മുഹമ്മദ് ഫൈസൽ കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്ന് സംഘപരിവാർ പ്രചരിപ്പിച്ചുവെന്നും സിപിഎം വിശദീകരിക്കുന്നു.
കണ്ണൂർ ചെറുപുഴ സ്വദേശി മുഹമ്മദ് ഫൈസൽ എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച നാലാം പ്രതി മൻസൂർ കാസർകോട് മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാൻവളപ്പിൽ പുണെ മൊയ്തീന്റെ മകനാണ്. കഞ്ചാവുകടത്തും വാഹനമോഷണവും പതിവാക്കിയ ഇയാൾ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്. ജയിലിൽനിന്നാണ് ജിഷ്ണുവടക്കമുള്ള പ്രതികളുമായി പരിചയപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ