തിരുവനന്തപുരം: പൊലീസിന്റെ കണ്ണിൽ ഒളിവിലാണ് ജയചന്ദ്രൻ. കുട്ടിക്കടത്ത് കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. കീഴ് കോടതിയിൽ ഹാജരായി ജാമ്യം എടുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കീഴ് കോടതിയിൽ കീഴടങ്ങിയാൽ റിമാൻഡ് ഉറപ്പ്. മുൻകൂർ ജാമ്യം ഹർജി തള്ളിയതു കൊണ്ട് പേരൂർക്കട പൊലീസിന് ഇയാളെ അറസ്റ്റും ചെയ്യാം. എന്നാൽ പേരൂർക്കടയിൽ തന്നെ ചുറ്റിക്കറങ്ങുന്ന ലോക്കൽ കമ്മറ്റി അംഗത്തെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യില്ല. എങ്ങനേയും ജയചന്ദ്രന് ജാമ്യം സംഘടിപ്പിച്ചു കൊടുക്കാനാണ് ആലോചന.

ഹൈക്കോടതിയിൽ പോയാലും ഈ കേസിൽ ജാമ്യം കിട്ടില്ല. അതുകൊണ്ട് തന്നെ കേസിൽ അതിവേഗ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിക്കും. കുറ്റപത്രം നൽകിയാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ല. ഇത് ചൂണ്ടിക്കാട്ടി കോടതിയിൽ നിന്നും ജയചന്ദ്രന് ജാമ്യം നേടാനാകും. ഈ സാഹചര്യം ഒരുക്കാനാകും ഇനി പൊലീസ് ശ്രമിക്കുക. കുട്ടിക്കടത്തു കേസിൽ ശിശുക്ഷേമ സമിതിയിൽ നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി എന്ന തരത്തിലാണ് ജാമ്യ ഹർജിയിൽ ജയചന്ദ്രൻ വാദമുയർത്തുന്നത്. എന്നാൽ അമ്മ തൊട്ടിലിൽ നിന്നു കിട്ടിയെന്നാണ് ശിശുക്ഷേമ സമിതി കുടുംബ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ജയചന്ദ്രന്റെ മൊഴി നിർണ്ണായകമാണ്. ശിശുക്ഷേമ സമിതിക്ക് കുട്ടിയെ കൈമാറി എന്ന തരത്തിൽ ജയചന്ദ്രൻ പൊലീസിന് മൊഴി നൽകിയാൽ ശിശുക്ഷേമ സമിതിയിലേക്കും അന്വേഷണം നീളും. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്. ഇത് മനസ്സിലാക്കി ജയചന്ദ്രന്റെ അറസ്റ്റും മൊഴി എടുക്കലും വേണ്ടെന്ന് വയ്ക്കാനാണ് സമ്മർദ്ദം. കേസിലെ രണ്ടു മുതൽ ആറു വരെയുള്ള പ്രതികൾക്ക് കേസിൽ ജാമ്യം കിട്ടിയിരുന്നു. കുട്ടിക്കടത്തിൽ ജയചന്ദ്രനൊപ്പം നിന്നുവെന്ന കുറ്റം മാത്രമേ ഇവർക്കെതിരെയുള്ളൂ. പ്രധാന ഗൂഢാലോചനകൻ ജയചന്ദ്രനാണ്. ഇതു മനസ്സിലാക്കിയാണ് കോടതി ജയചന്ദ്രന് മുൻകൂർ ജാമ്യം നിഷേധിച്ചത്.

ഒക്ടോബർ 14നാണ് കുട്ടിക്കടത്ത് വാർത്തകൾ എത്തുന്നത്. ഇതിന് ശേഷമാണ് പൊലീസ് കേസെടുത്തത്. അതിന് ശേഷം ജയചന്ദ്രൻ സിപിഎമ്മിന്റെ പേരൂർക്കട ലോക്കൽ സമ്മേളനത്തിൽ പോലും പങ്കെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തില്ല. ഉന്നത കേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമായിരുന്നു അത്. സ്വന്തം മകളുടെ കുട്ടിയെ ഇല്ലീഗൽ ചൈൽഡ് എന്നായിരുന്നു ജയചന്ദ്രൻ വിശേഷിപ്പിച്ചത്. എന്നിട്ടും ബാലനീതി വകുപ്പ് ജയചന്ദ്രനെതിരെ ചുമത്തിയിട്ടില്ല. കുട്ടിക്കടത്ത് വകുപ്പുള്ളതു കൊണ്ട് മാത്രമാണ് ഇതൊരു ജാമ്യമില്ലാ കേസായി മാറിയത്.

അന്വേഷണ ഘട്ടത്തിൽ ജയചന്ദ്രന്റെ അറസ്‌റ്റൊഴിവാക്കി ഭാവിയിൽ കേസ് തന്നെ അട്ടിമറിക്കാനാണ് നീക്കം. ദുർബ്ബലമായ കുറ്റപത്രമാകും ഇതിന് വേണ്ടി സമർപ്പിക്കുകയെന്നും സൂചനയുണ്ട്. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ ജഡ്ജി എൽ.ജയവന്ദാണ് ജാമ്യഹർജി തള്ളിയത്. കേസ് ഡയറി പരിശോധിച്ചതിൽ മുഖ്യപ്രതിയായ ഒന്നാം പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതെന്നും കുട്ടിക്കടത്ത് കേസിലെ മുഖ്യ സൂത്രധാരനാണ് ഒന്നാം പ്രതിയെന്നാണ് രേഖകൾ കൊണ്ട് കാണുന്നതെന്നും ജാമ്യം തള്ളിയ ഉത്തരവിൽ കോടതി നിരീക്ഷിച്ചു. പ്രതിക്ക് വിചാരണ കോടതിയായ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി ജാമ്യപേക്ഷ സമർപ്പിക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. കൂട്ടു പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഒന്നാം പ്രതിക്ക് ജാമ്യത്തിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഗൗരവമേറിയ കൃത്യം ചെയ്ത പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള അഡീ.പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാറിന്റെ വാദം കൂടി അംഗീകരിച്ചാണ് കോടതി ജയചന്ദ്രന് ജാമ്യം നിരസിച്ചത്.

കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെപ്രതികളായ മാതാവും സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നവംബർ 2 ന് ഉപാധികളോടെ അനുവദിച്ചിരുന്നു. അറസ്റ്റു ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ പ്രതികളെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പടുത്തുവാനോ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് ജഡ്ജി മിനി. എസ്. ദാസ് നവംബർ 2 ന് ജാമ്യം അനുവദിച്ചത്. പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന വാദമായിരുന്നു പ്രതികൾ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തങ്ങൾ മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച് വളർത്താനാണ് എൽപ്പിച്ചത്. ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്. മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് കഴക്കൂട്ടം ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്.

തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്. യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്. കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല. ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും ജയചന്ദ്രൻ വാദിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പൊലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 360 (ആളെ കടത്തിക്കൊണ്ടു പോകൽ) , 361 (മാതാപിതാക്കളുടെ രക്ഷകർതൃ ത്തിൽ നിന്നും തട്ടിക്കൊണ്ടു പോകൽ) , 471 (വ്യാജ നിർമ്മിതരേഖ അസൽ പോലെ ഉപയോഗിക്കൽ) എന്നീ വകുപ്പുകൾ ചേർത്താണ് കേസന്വേഷണം നടക്കുന്നത്.