- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറശ്ശാലക്കാർക്ക് സെഞ്ച്വറിയുടെ പെട്രോൾ ദിനം; സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു; 2008ൽ ക്രൂഡ് ഓയിൽ ബാരലിന് 144 ഡോളറായിരുന്നപ്പോൾ മലയാളി കൊടുത്തത് ഒരു ലിറ്ററിന് 50 രൂപയോളം; ഇന്ന് ക്രൂഡ് ഓയിൽ വില 76 ഡോളറും; നികുതിയിലൂടെ സാധാരണക്കാരെ കൊള്ളയടിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ; കോവിഡു കാലത്ത് പെട്രോളടിച്ച് ജനം മുടിയുമ്പോൾ
തിരുവനന്തപുരം: ഇനി സെഞ്ച്വറിയുടെ വില അറിയാൻ ക്രിക്കറ്റു കളി കാണേണ്ടതില്ല. പെട്രോൾ പമ്പിൽ പോയാൽ മതി. പെട്രോൾ വില 26 പൈസ കൂടി കൂട്ടിയതോടെ കേരളത്തിലും വില ലീറ്ററിനു നൂറു കടന്നു. ഇന്നലെ വില 99.78 രൂപയായിരുന്ന തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ ഇതോടെ ഇന്നു വില 100.04 രൂപ. തിരുവനന്തപുരം നഗരത്തിൽ 99.80 രൂപയും കൊച്ചിയിൽ 97.98 രൂപയുമാണു വില. വില വർദ്ധന തുടർന്നാൽ കേരളത്തിൽ ഉടനീളം ദിവസങ്ങൾക്കുള്ളിൽ തന്നെ പെട്രോൾ വില നൂറ് കടക്കം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 76 ഡോളറായിരുന്നു. ക്രൂഡ് വില 144 ഡോളറെന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന 2008ൽ ഇന്ത്യയിൽ പെട്രോളിനുണ്ടായിരുന്നത് ഇപ്പോഴത്തേതിന്റെ പകുതിയിൽ താഴെ വിലമാത്രം. ബിജെപി സർക്കാർ അധികാരത്തിൽ എത്തുമ്പോഴും ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളറായിരുന്നു. അന്ന് 70 രൂപയ്ക്ക് താഴെയായിരുന്നു പെട്രോൾ വില. ഇതാണ് ഇപ്പോൾ സെഞ്ച്വറി കടക്കുന്നത്. കോവിഡിന്റെ പ്രതിസന്ധിയിൽ ജനം ഉഴലുമ്പോഴാണ് ഇത്.
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നശേഷം മെയ് 4 മുതൽ പെട്രോൾ ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. 53 ദിവസത്തിനിടെ 29 തവണ വില കൂടി. പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13 രൂപയുമാണ് ഇക്കാലയളവിൽ കൂടിയത്. കേരളത്തിൽ പ്രീമിയം പെട്രോൾ വില ഈ മാസം എട്ടിനുതന്നെ നൂറു കടന്നിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാത്തതും സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുകയാണ്.
ഡീസൽ ലീറ്ററിന് 8 പൈസയാണ് ഇന്നത്തെ വിലവർധന. തിരുവനന്തപുരത്ത് 94.87 രൂപയും കൊച്ചിയിൽ 93.17 രൂപയുമാണു പുതിയ വില. രാജ്യത്ത് ആദ്യമായി പെട്രോൾവില നൂറു കടന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഈമാസം 12നു ഡീസൽവിലയും 100 രൂപ കടന്നിരുന്നു. മറ്റേത് വസ്തു പോലെ തന്നെയും ഡിമാന്റും സപ്‌ളൈയും അനുസരിച്ച് തീരുമാനിക്കപ്പെടുന്നതാണ് ഇതിന്റെ വില. സാമ്പത്തിക വളർച്ചയുണ്ടാവുമ്പോൾ അതിനനുസരിച്ച് ക്രൂഡ് ഓയിലിന്റെ ഡിമാന്റിലും വർധനയുണ്ടാവും. സ്വാഭാവികമായും ഇന്ധനവില കൂടും.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില നന്നേ കുറഞ്ഞു. ഒരു ബാരലിന് എഴുപത് ഡോളറായിരുന്നത് അറുപത്തിമൂന്ന് ഡോളറായി മാറി. എന്നാൽ ലോക്ക്ഡൗണിനിടയിലും രാജ്യത്ത് ഇന്ധന വില ദിനംപ്രതിയെന്നോണം ഉയർന്നുകൊണ്ടേയിരിക്കുന്നു. നികുതി കൂട്ടിയതായിരുന്നു ഇതിന് കാരണം. രാജ്യത്തേക്ക് ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും എത്തിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ ഓയിൽ റിഫൈനറികളാണ്. 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഈ ക്രൂഡ് ഓയിൽ, ഓയിൽ മാർക്കറ്റിങ് കമ്പനികൾ ശുദ്ധീകരിച്ച് ഡീലർമാർ അഥവാ പമ്പുടമകളിൽ എത്തിക്കുന്നു.
പമ്പുടമകളുടെ കമ്മിഷനും ഓയിൽ മാർക്കറ്റിങ് കമ്പനികൾ ഈടാക്കുന്ന ചാർജുമെടുത്താൽ അത് ഒരു സാധാരണനിരക്ക് മാത്രം. അതായത് കേന്ദ്ര സംസ്ഥാന ടാക്‌സുകളാണ് പെട്രോൾ വിലയിൽ നിർണ്ണായകമാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 29 രൂപയിൽ നിന്ന ക്രൂഡ് ഓയിൽ വില ലോക്ക്ഡൗണിനെത്തുടർന്ന് 15ലെത്തിയപ്പോഴും റീട്ടെയിൽ വിലയിൽ ഒരു കുറവുമില്ലായിരുന്നു. അതായത് അഞ്ചിരട്ടിയോളം വിലയാണ് സാധാരണക്കാരിൽ നിന്നും അന്ന് ഈടാക്കി വന്നത്. കുറയുന്ന വില ഒന്നാകെ ടാക്‌സിൽ ഉയർത്തുന്നു.
കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജനുവരി വരെയുള്ള കണക്കെടുത്താൽ ക്രൂഡ് ഓയിൽ വില 13 ശതമാനം കുറഞ്ഞു. എന്നാൽ അതേസമയം തന്നെ ഇന്ധനവില 13 ശതമാനം വർധിച്ചു. 2020 മെയ് അഞ്ചിന് ക്രൂഡ് ഓയിൽ വില ചുരുങ്ങി 14 രൂപയായി. എന്നാൽ അന്ന് റീട്ടെയിൽ വില കുറയ്‌ക്കേണ്ടതിന് പകരം കേന്ദ്രം ഓരോ ലിറ്ററിനും പത്ത് രൂപ വീതം ടാക്‌സ് വർധിപ്പിച്ചു. എക്കാലത്തെയും റെക്കോഡായി 48 ശതമാനം ടാക്‌സാണ് കേന്ദ്രം പിരിച്ചെടുത്തത്.
എണ്ണക്കമ്പനികളും ക്രൂഡ് ഓയിൽ വിലയുമാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും അടിസ്ഥാന വിലയ്ക്കുമേൽ വീണ്ടും വീണ്ടും ടാക്‌സ് ഉയർത്തിക്കൊണ്ടേയിരിക്കുന്നു. വില കുറഞ്ഞ സമയത്ത് പലപ്പോഴായി കൂട്ടിയ നികുതിപ്പണം കുറയ്ക്കാനും തയാറാവുന്നില്ല. ഇതാണ് പെട്രോൾ വില സെഞ്ച്വറി അടിക്കാനുള്ള കാരണം. സംസ്ഥാന സർക്കാരും നികുതി കുറയ്ക്കാൻ താൽപ്പര്യം കാട്ടുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ