- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളർ; ഇന്ന് കൊടുക്കേണ്ടത് 56 ഡോളറും; തിരുവനന്തപുരത്ത് ഇന്ന് വില 89 രൂപ; പാവങ്ങളുടെ ചുമലിൽ അധിക ഭാരം നൽകുന്ന കേന്ദ്ര സർക്കാറിന് പിണറായിയുടേയും പിന്തുണ! ജനത്തെ പിഴിഞ്ഞ് സർക്കാരുകൾ അടിച്ചു പൊളിക്കുമ്പോൾ
കൊച്ചി: കേന്ദ്ര സർക്കാരിന്റെ എല്ലാം എതിർക്കുന്ന സംസ്ഥാന സർക്കാർ. പൗരത്വ നിയമത്തിലും കർഷക നിയമത്തിലും ബദലുകൾ മുമ്പോട്ട് വച്ച കേരളം. പക്ഷേ പെട്രോൾ വില വരുമ്പോൾ കേന്ദ്ര സർക്കാരിനെ തിരുത്താനോ സ്വയം മാതൃക കാട്ടാനോ ധനമന്ത്രി തോമസ് ഐസക്കും തയ്യാറല്ല. സംസ്ഥാനത്ത് ഇന്ധന വിലയിൽ തുടരുന്ന റെക്കോർഡ് വർധനയിൽ നടുവൊടിഞ്ഞു ജനം വലയുകയാണ്. ഇതിന്റെ പേരിൽ ഒരു സമരത്തിന് ഒരു രാഷ്ട്രീയക്കാരും തയ്യാറല്ല. അമിത നികുതിയാണ് എല്ലാത്തിനും കാരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അടിച്ചു പൊളിക്കാനുള്ള വഴി.
ഡീസൽ ലീറ്ററിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണു ബുധനാഴ്ച കൂട്ടിയത്. കൊച്ചി നഗരത്തിൽ ഡീസൽ വില ലീറ്ററിന് 80 രൂപ 77 പൈസയായി. പെട്രോളിന് 86 രൂപ 57 പൈസ. തിരുവനന്തപുരത്തെ ഗ്രാമീണ മേഖലകളിൽ പലയിടത്തും പെട്രോൾ വില ലീറ്ററിന് 90 രൂപയ്ക്കടുത്തെത്തി. സോഷ്യൽ മീഡിയയിൽ ഇതിൽ പ്രതിഷേധം ശക്തമാണ്. ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കിട്ടുന്ന ലാഭം കാട്ടിയാണ് രോഷ പ്രകടനം. എന്നാൽ ഖജനാവിനെ മുടിക്കാൻ എന്തും ചെയ്യുന്ന രാഷ്ട്രീയക്കാർക്ക് ഈ നികുതി കിട്ടിയേ തീരൂ. ഇതോടെ വെട്ടിലാകുന്നത് സാധാരണക്കാരും. കോവിഡ് ഭീതിയിൽ പൊതുഗതാഗതം ഉപേക്ഷിച്ചു സ്വകാര്യ വാഹനങ്ങളിലേക്കു മാറിയവരെല്ലാം പ്രതിസന്ധിയിലായി.
ദിവസവും 100 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്നവർ മിനിമം 200 രൂപയ്ക്ക് അടിക്കാൻ നിർബന്ധിതരായി. ഈ മാസം 13 മുതൽ ഏതാണ്ട് മൂന്നു രൂപയോളമാണു കൂട്ടിയത്. നിത്യോപയോഗ സാധനങ്ങളുടെ വിലനിയന്ത്രിക്കുമെന്നു സർക്കാരുകൾ അവകാശപ്പെടുമ്പോഴും ഇന്ധനവിലയിൽ നികുതിയിളവിനുപോലും കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവുന്നില്ലെന്നു വിമർശനമുണ്ട്. പെട്രോളിനേയും ഡീസലിനേയും ജി എസ് ടിയുടെ പരിധിയിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെടാൻ രാഷ്ട്രീയ പാർട്ടികളും തയ്യാറല്ല. കാരണം എല്ലാ സർക്കാരുകളും ഈ നികുതി പണത്തിൽ കണ്ണം നട്ടിരിക്കുകയാണ്.
കേരളം ഉമ്മൻ ചാണ്ടി ഭരിക്കുന്ന സമയത്ത് വില കുതിച്ചുയരുമ്പോൾ ഖജനാവിലേക്ക് വരുന്ന അധിക നികുതി വേണ്ടെന്ന് വച്ച് ആശ്വാസം സാധാരണക്കാരിലേക്ക് പകർന്ന് നൽകിയിരുന്നു. എന്നാൽ ഇന്ന് അതിന് പിണറായി സർക്കാരും തയ്യാറല്ല. കുറഞ്ഞത് അഞ്ച് രൂപയെങ്കിലും പിണറായി സർക്കാർ വിചാരിച്ചാലും കുറയ്ക്കാവുന്നതേ ഉള്ളൂ. എന്നാൽ വില കൂടുമ്പോൾ അധിക വരുമാനത്തിന് വേണ്ടി അത് ധനമന്ത്രി തോമസ് ഐസക്കും ചെയ്യുന്നില്ല. സെസുകളിലൂടേയും മറ്റും ഭാരം കൂട്ടുന്നതും ചിന്തിക്കുന്നു. അങ്ങനെ മോദിക്കൊപ്പം പിണറായി സർക്കാരും ജനത്തെ കൊള്ളയടിക്കാൻ ഒപ്പം കൂടുന്നു.
എട്ട്് കൊല്ലമുമ്പ് ആഗോള വിപണിയിൽ ബാരലിന് 125 ഡോളറായിരുന്നു വില. അന്ന് ഇന്ത്യയിലെ പെട്രോൾ വില ലിറ്ററിന് 75 രൂപ. ഇന്ന് ബാരൽ വില ഡോളറിന് 56 രൂപ. എന്നാൽ വില 90 രൂപയും. രാജ്യാന്തര വിപണയിൽ എണ്ണ വില കൂട്ടുമ്പോൾ നികുതി കൂട്ടി പെട്രോൾ-ഡീസൽ വില കേന്ദ്ര സർക്കാർ ഉയർത്തും. എണ്ണ കമ്പനികളിൽ നിന്ന് അങ്ങനെ നേട്ടം കേന്ദ്ര സർക്കാരിന് കിട്ടും. എണ്ണ വില രാജ്യാന്തര വിപണിയിൽ പതിയെ ഉയരുമ്പോൾ അതിന്റെ ഗുണം നികുതി കുറച്ച് കേന്ദ്ര സർക്കാർ നൽകുകകയുമില്ല. ഇതിനൊപ്പം വില എണ്ണ കമ്പനികൾ കൂട്ടൂകയും ചെയ്യും. വലിയ ക്രൂരതയാണ് മോദി സർക്കാർ ഇന്ധന വില ഉയർത്തി കൊറോണക്കാലത്ത് ഇന്ത്യാക്കാർക്ക് നൽകുന്നത്. വില കുറയുമ്പോഴൊന്നും സാധാരണക്കാർക്ക് അതിന്റെ നേട്ടം കിട്ടില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹത്തിനുള്ളിൽ പുകയുന്നത്. പക്ഷേ ഏറ്റെടുക്കാൻ പ്രതിപക്ഷം പോലുമില്ല.
ലോക്ഡൗൺ കാലത്ത് ക്രൂഡ് വില 20 ഡോളറിന് താഴേക്ക് ഇടിഞ്ഞ് സമീപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. അതിന്റെ പ്രയോജനം ജനത്തിന് കൊടുക്കാത്ത സർക്കാരും എണ്ണ കമ്പനികളും ആ നിലയിൽനിന്ന് നേരിയ തോതിൽ തിരിച്ചുകയറിയപ്പോൾ ദിനംപ്രതി വില വർധിപ്പിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണ വില ഇടിഞ്ഞപ്പോൾ വില കുറയ്ക്കുന്നതിനു പകരം, 2020 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ വർധിപ്പിക്കുക കൂടി ചെയ്തു. ഇതിനെതിരെ ആരും അതിശക്തമായ പ്രതിഷേധം ഉയർത്തുകയുമില്ല. കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും നികുതിയുടെ നേട്ടം കിട്ടുമെന്നതു കൊണ്ടാണ് ഇത്.
2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. 2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം നൽകി. 2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല. എന്നാൽ വില ഉയരുമ്പോൾ ആനുപാതികമായി കൂടുകയും ചെയ്തു. അങ്ങനെ അന്താരാഷ്ട്ര വിപണയിലെ മാറ്റം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചതേ ഇല്ലെന്നതാണ് വസ്തുത.
ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 56 ഡോളറാണ് ഇപ്പോഴത്തെ വില. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 4000 ഓളം രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 26 രൂപയേ ഉള്ളൂ. അങ്ങനെ പുറത്ത് 26 രൂപയ്ക്ക് കിട്ടുന്ന സാധനം ഇന്ത്യയിലെത്തുമ്പോൾ 89 രൂപയാകുന്നു. ക്രൂഡോ ഓയിൽ സംസ്കരണത്തിന് ഇത്രയും തുകയാകുമെന്ന ന്യായം വിലപ്പോവുകയുമില്ല. അപ്പോൾ പിന്നെ എന്തിനാണ് ഈ കൊള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം.
2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.
അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 30 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം. വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്.
മറുനാടന് മലയാളി ബ്യൂറോ