- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പെട്രോളിന് 110 രൂപ പിന്നിട്ടു; ജനത്തെ പൊള്ളിച്ച് ഇന്ധനവില കുതിക്കുമ്പോഴും ഭരണാധികാരികൾക്ക് കുലുക്കമില്ല; ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയും; ക്രൂഡ് ഓയിൽ വില രാജ്യാന്തര തലത്തിലും കുതിക്കുന്നു
കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിച്ച് പെട്രോൾ വിലയിൽ വീണ്ടും വർധന. ഇന്ധനവില ഇന്നും കൂട്ടിയതോടെ പെട്രോൾ വില 110 രൂപ കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണു കൂട്ടിയത്. തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില ലീറ്ററിന് 110.10 രൂപയിൽ എത്തി. ഡീസലിന് 103.77 രൂപയിയിലുമാണ്.
ഇന്ധന വില നൂറു കടന്ന് കുതിക്കുമ്പോഴും കേന്ദ്രസർക്കാറിനും സംസ്ഥാന സർക്കാറിനും കുലുക്കമില്ല. വില കുറയ്ക്കമെന്ന പ്രസ്താവന പോലും ഒരു നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുമില്ലെന്നതും ശ്രദ്ധേമയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 2018നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ക്രൂഡ് ഓയിൽ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്. ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തയാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു റിപ്പോർട്ട്.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രതിദിനം 0.4 ദശലക്ഷം ബാരലിൽ കൂടുതൽ ഉൽപാദനം വർധിപ്പിക്കില്ലെന്ന ഒപെക്കിന്റെ തീരുമാനത്തിന് ശേഷം അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ആയ ബ്രെന്റ് ക്രൂഡ് ബാരലിന് 82 ലേക്ക് കുതിച്ചതാണ് ഇന്ധന നിരക്ക് വലിയ തോതിൽ വർദ്ധിക്കാൻ കാരണം.
ഒരു മാസം മുമ്പ്, ബ്രെന്റ് ബാരലിന് 72 ഡോളർ ആയിരുന്നു. എണ്ണയുടെ ഇറക്കുമതിക്കാരായതിനാൽ, പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിൽ ഇന്ത്യ വില നൽകുന്നു. അന്താരാഷ്ട്ര എണ്ണവിലയിലെ കുതിച്ചുചാട്ടം പെട്രോളിന് സെപ്റ്റംബർ 28നും ഡീസലിന് സെപ്റ്റംബർ 24 നും അതുവരെയുണ്ടായിരുന്ന മൂന്നാഴ്ചത്തെ വിലവര്ധനയില്ലാത്ത കാലയളവ് അവസാനിപ്പിച്ചു. ജൂലൈ/ഓഗസ്റ്റ് മാസങ്ങളിൽ വില കുറയ്ക്കുന്നതിന് മുമ്പ്, മെയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഡീസൽ വില 9.14 രൂപ വർദ്ധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ