തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില നാട്ടുകാരെ പൊള്ളിച്ച് മുന്നേറുന്നു. ഇടവേളകളില്ലാതെ സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് വർധിച്ചത് 8 രൂപ 49 പൈസയും പെട്രോളിന് കൂടിയത് 6 രൂപ 75 പൈസയുമാണ്.

അതേസമയം രാജ്യത്ത് 120 രൂപയും കഴിഞ്ഞും ഇന്ധന വില കുതിക്കുകയാണ്. രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 120 രൂപയും 49 പൈസയുമാണ്. ഡീസലിന് 111 രൂപയും 40 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 59 പൈസയും ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയിൽ 108 രൂപ 55 പൈസ പെട്രോളിനും 102. രൂപ 40 പൈസ ഡീസലിനുമായി.

നിലവിൽ, വിമാനക്കമ്പനികൾക്ക് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ് അല്ലെങ്കിൽ ജെറ്റ് ഇന്ധനം) വിൽക്കുന്ന വിലയേക്കാൾ 36.19 ശതമാനം കൂടുതലാണ് പെട്രോളിന്. ഡൽഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ അഥവാ ലിറ്ററിന് ഏകദേശം 79 രൂപയാണ്. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോൾ, ഡീസൽ വില പരിഷ്‌കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ തുടങ്ങിയ അയൽ സംസ്ഥാനങ്ങളുമായുള്ള ഇന്ധന വില തമ്മിലുള്ള വ്യത്യാസം സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകളെ പ്രതിസന്ധിയിലാക്കി. ലോക്ക്‌ഡൗൺ, കൊറോണ സമയത്ത് വാറ്റ് നിരക്ക് വർദ്ധിപ്പിച്ചത് തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം, 200 ഓളം പെട്രോൾ പമ്പുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

കുറഞ്ഞ വാറ്റ് കാരണം അയൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡും കുറഞ്ഞ നിരക്കിൽ ഇന്ധനം വിൽക്കുന്നു, അതിനാൽ ഉപഭോക്താക്കൾ പഞ്ചാബ് പെട്രോൾ പമ്പുകൾക്ക് വലിയ നഷ്ടം വരുത്തുന്ന അതിർത്തി സംസ്ഥാനങ്ങളിലെ പെട്രോൾ സ്റ്റേഷനുകളിൽ തിരക്ക് വർദ്ധിക്കുന്ന അവസ്ഥയുമുണ്ട്.

അതിനിടെ ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് കേരളത്തിൽ നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. 2018-ൽ ഡീസലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോഴാണ് മിനിമം ചാർജ് എട്ടുരൂപയാക്കിയത്. ഇപ്പോൾ 41 രൂപവരെ കൂടി. യാത്രക്കാരുടെ എണ്ണവും വൻതോതിൽ കുറഞ്ഞു. 2011-ൽ 34,000 ബസുകൾ ഉണ്ടായിരുന്നെങ്കിൽ കോവിഡിനുമുൻപ് അത് 12,000 ആയി ചുരുങ്ങി. ഇപ്പോൾ 6000 ബസുകളാണ് നിരത്തിലുള്ളത്.

മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റർ നിരക്ക് ഒരുരൂപയായി വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽനിന്ന് അഞ്ച് രൂപയാക്കുക, സ്വകാര്യബസുകളുടെ വാഹനനികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.