- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നരേന്ദ്ര മോദിയുടെ വർഗീയ ഫാസിസം ചെറുത്തു തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ സാമൂഹിക നയം; തുല്യനീതിയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുഭവിക്കാൻ കഴിയുന്ന ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം; മോദിയുടെ കോന്നി പ്രസംഗത്തിന് മറുപടിയുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ
പത്തനംതിട്ട: പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വിജയ് റാലിയോട് അനുബന്ധിച്ച് മോദി നടത്തിയ പ്രസംഗത്തിൽ തങ്ങൾക്കെതിരേ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന വർഗീയ ഫാസിസം ചെറുത്തു തോൽപ്പിക്കുക എന്നതാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമൂഹിക നയം. ദേശവിരുദ്ധർക്കൊപ്പം നിലകൊള്ളുന്ന, വർഗീയതയുടെ പ്രചാരകനായ നരേന്ദ്ര മോദി പോപ്പുലർ ഫ്രണ്ടിന്റെ മഹത്തായ സാമൂഹിക നയങ്ങളെ ചോദ്യം ചെയ്യുന്നതിൽ യാതൊരു ധാർമ്മികതയുമില്ല. ഇന്ത്യയിൽ ഇന്ന് പ്രസക്തമായത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്നോട്ടു വച്ചിട്ടുള്ള സാമൂഹിക നയങ്ങൾ തന്നെയാണ്.
ഫാസിസ്റ്റ് ഭീകരതയായ ആർഎസ്എസിനെ പ്രതിരോധിച്ച് തുല്യനീതിയും സ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുഭവിക്കാൻ കഴിയുന്ന ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത്. അവസര സമത്വം നിഷേധിക്കപ്പെടുന്ന അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനായാണ് പോപ്പുലർ ഫ്രണ്ട് നിലകൊള്ളുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ നയങ്ങൾ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസിന്റേയും ബിജെപിയുടേയും നീക്കത്തെ അസ്വസ്ഥപ്പെടുത്തുന്നു എന്നതാണ് മോദിയുടെ പ്രസ്താവനയിൽ നിന്നും വ്യക്തമാവുന്നത്. ഇന്ത്യയുടെ ബഹുസ്വരതയേയും വൈജാത്യങ്ങളേയും തകർത്ത് ഒരു ഏകശിലാ സംസ്‌കാരം രൂപീകരിക്കാനുള്ള ആർഎസ്എസ് അജണ്ടകളെ തിരിച്ചറിഞ്ഞ് അതിനെതിരായ ജനകീയ പ്രതിരോധ മുന്നേറ്റമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വളർത്തിയെടുക്കുന്നത്. ഈ മുന്നേറ്റം രാജ്യത്തിന്റെ 18 സംസ്ഥാനങ്ങളിൽ വേരുറപ്പിച്ച് കഴിഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലേക്ക് ഈ സന്ദേശം പകരാനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ആർഎസ്എസിനെ എത്രത്തോളം പ്രകോപിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മോദിയുടേയും യോഗിയുടേയും കേരളത്തിലെ പ്രസ്താവനകൾ. ജനാധിപത്യ അവകാശങ്ങൾക്കും അവസര സമത്വത്തിനും വേണ്ടി ശബ്ദമുയർത്തുന്ന എല്ലാ മുന്നേറ്റങ്ങളും ആർഎസ്എസ് അജണ്ടകൾക്ക് വിഘാതമാണ്. അതിനെതിരായ അസഹിഷ്ണുതയാണ് ഇത്തരം പ്രസംഗങ്ങളിലൂടെ പ്രകടമാവുന്നത്. വർഗീയത അഴിച്ചുവിട്ട് കലാപങ്ങളും കൊലപാതകങ്ങളും കൊള്ളിവയ്‌പ്പുകളും നടത്തി അധികാരത്തിലെത്തിയ മോദിക്ക് പോപ്പുലർ ഫ്രണ്ടിനെ പോലെയുള്ള ജനകീയ പ്രസ്ഥാനങ്ങളെ വിമർശിക്കാൻ എന്ത് ധാർമികതയാണുള്ളത്. തികഞ്ഞ വർഗീയ വാദിയുടെ കവല പ്രസംഗത്തിന്റെ നിലവാരത്തിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രസ്താവന തരം താഴുന്നത് ആ പദവിക്ക് ചേർന്നതല്ല.
ഇന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാ നെറികേടുകളുടേയും ആസ്ഥാനമായി മാറുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തല്ലിക്കൊലകളും ആൾക്കൂട്ട കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും ദിനംപ്രതി വർധിക്കുകയാണ്. യോഗി ഭരിക്കുന്ന യുപി ഏറ്റവും വലിയ ഭരണകൂട ഭീകരതയുടെ നാടായി മാറി. ജനാധിപത്യവും ഭരണഘടനയും അട്ടിമറിച്ച് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാര അജണ്ടകൾക്കാണ് നരേന്ദ്ര മോദി സർക്കാർ നേതൃത്വം നൽകുന്നത്. വിശ്വാസത്തിന്റെയും വേഷത്തിന്റെയും സംസ്‌കാരത്തിന്റെയും പേരിൽ പൗരന്മാരെ വേർതിരിക്കുകയും രാജ്യത്ത് നിന്ന് അട്ടിപ്പായിക്കാനും അടിച്ചമർത്താനും ശ്രമിക്കുന്ന പ്രത്യയ ശാസ്ത്രമാണ് നരേന്ദ്ര മോദിയും കൂട്ടരും പ്രസംഗിക്കുന്നതും പ്രയോഗിക്കുന്നതും.
ഇതിനെതിരേ നിലകൊള്ളുകയെന്ന സാമൂഹിക ദൗത്യമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിർവഹിക്കുന്നത്. അത് ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ആ നിലപാടിൽ പ്രസ്ഥാനം ഉറച്ചു നിൽക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ, സംസ്ഥാന സെക്രട്ടറി എസ്. നിസാർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ്. സജീവ് പഴകുളം എന്നിവർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്