ന്യൂഡൽഹി: വാക്‌സിൻ നയത്തിൽ ഇന്ത്യയ്ക്ക് വൻ വീഴ്ച വന്നെന്ന വിലയിരുത്തൽ സജീവം. രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. ലോകത്ത് ലഭ്യമായതിൽ ഏറ്റവും ഫലപ്രാപ്തിയുള്ള വാക്‌സീനുകളാണ് ഫൈസറും (95%) മൊഡേണയും (94.1%). ഫൈസർ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ ഉൽപാദനത്തിനുള്ള സാധ്യത തേടി സമീപിച്ചിരുന്നു. എന്നാൽ അനുമതി നൽകിയില്ല. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഫൈസറാണ് കോവിഡിനെ നേരിടുന്നതിൽ ഏറ്റവും ഫലപ്രദം. ഇസ്രയേലും മറ്റ് ഗൾഫ് രാജ്യങ്ങളും ഫൈസറിനെയാണ് പ്രതിരോധത്തിനായി കൂടുതൽ ആശ്രയിച്ചത്. കോവീഷീൽഡ് കണ്ടെത്തിയത് ഓക്‌സ്‌ഫേർഡ് യൂണിവേഴ്‌സിറ്റിയാണ്. അത് ഇന്ത്യയിൽ ഉൽപാദിപ്പിച്ച് കോവീഷീൽഡായി മാറുന്നു. ഈ വാക്‌സിൻ കണ്ടു പിടിച്ച ഇംഗ്ലണ്ടിൽ പോലും കൂടുതൽ പേർ ഉപയോഗിച്ചത് ഫൈസറായിരുന്നു. ഈ വാക്‌സിൻ ഇനിയും ഇന്ത്യയിൽ ലഭ്യമല്ല.

ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ വാക്‌സീനുകൾ ലഭ്യമാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണു കേന്ദ്രം. കുത്തിവയ്പു തുടങ്ങും മുൻപ് വാക്‌സീൻ ലഭ്യത ഉറപ്പുവരുത്താനുള്ള ഇന്ത്യൻ ശ്രമം പാളിയതിന്റെ സൂചന കൂടിയായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു. വാക്‌സിൻ ക്ഷാമം കണക്കിലെടുത്താണ് ഫൈസറിനേയും മൊഡോണയേയും ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്. വാക്‌സീൻ ലഭ്യമാക്കാൻ മറ്റ് രാജ്യങ്ങൾ വളരെ നേരത്തെ നടപടികൾ നീക്കിയിട്ടും ഇന്ത്യ ഇക്കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നു സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. ഗഗൻദീപ് കാങ് വിമർശിച്ചിരുന്നു.

ഫൈസറും മൊഡേണയും സൂക്ഷിക്കാൻ മെച്ചപ്പെട്ട ശീതീകരണ സംവിധാനം വേണമെന്നതായിരുന്നു ഇന്ത്യയ്ക്കു മുന്നിലെ വെല്ലുവിളി. ഇന്ത്യൻ കമ്പനികളായ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും അപേക്ഷ നൽകുന്നതിനു മുൻപു തന്നെ അടിയന്തരാനുമതി തേടി ഫൈസർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ നടപടി നീട്ടിക്കൊണ്ടുപോയി. ഇതാണ് ഫൈസറിനെ ഇന്ത്യയിൽ നിന്ന് അകറ്റിയത്.

എന്നാൽ പൂർണവിവരങ്ങളില്ലാതെ തന്നെ തദ്ദേശീയ വാക്‌സീനുകൾക്ക് അനുമതി നൽകുകയും ചെയ്തു. ആത്മനിർഭർ ഭാരത് വാക്‌സീനുകളാണ് തങ്ങളുടേതെന്നു പ്രഖ്യാപിച്ചു. ഇതോടെ ഫൈസർ അപേക്ഷ പിൻവലിച്ചു. കോവിഡ് രണ്ടാംതരംഗം ആഞ്ഞുവീശിയതോടെ കേന്ദ്രം പ്രതിസന്ധിയിലായി. പ്രത്യേക അനുമതി പോലുമില്ലാതെ വിദേശ വാക്‌സീനുകൾ സ്വീകരിക്കാമെന്നായി. എന്നിട്ടും ഫൈസർ ഇന്ത്യയോട് അനുകൂലമായി പ്രതികരിച്ചില്ല.

വാക്‌സീനില്ലാതെ സംസ്ഥാനങ്ങൾ ഫൈസറിനെ നേരിട്ടു സമീപിച്ചതു കേന്ദ്രത്തിന് ഇരട്ടി പ്രഹരമായി. കേന്ദ്രം വഴിയാണെങ്കിൽ മാത്രം വാക്‌സീൻ എന്ന കടുംപിടിത്തത്തിലേക്ക് ഫൈസറും എത്തി. ഇതോടെയാണ് ചർച്ച നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചത്. ഇതുവരെ ഫൈസറുമായോ മൊഡേണയുമായോ ഇന്ത്യയ്ക്ക് കരാറുകളൊന്നുമില്ല.

അതേസമയം, ഇരു കമ്പനികളിൽ നിന്നും 2023 വരെ വാക്‌സീൻ പ്രതീക്ഷിച്ചു ഓർഡർ നൽകിയ രാജ്യങ്ങൾ കാത്തുനിൽക്കുകയുമാണ്. 2020 ഡിസംബർ മുതൽ ഇരു കമ്പനികളും വാക്‌സീൻ നൽകുന്നുണ്ടെങ്കിലും ഓർഡർ നൽകാത്തതാണ് ഇന്ത്യയ്ക്കു വിനയായത്.