- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠിക്കുമ്പോൾ കൂട്ടുകാരെ മദ്യപിക്കാൻ പ്രേരിപ്പിച്ച വില്ലൻ; മദ്യപിക്കാറേ ഇല്ലെന്ന കള്ളം കണ്ടെത്തിയപ്പോൾ ഭാര്യയുടെ പട്ടിണി കിടന്നുള്ള പ്രതിഷേധം; കീഴടങ്ങൽ പ്രഖ്യാപിച്ച് പൊലീസുകാരൻ ലഹരി വിരുദ്ധ പോരാളിയായി; ഒടുവിൽ കിട്ടിയത് മേലധികാരികളുടെ മെമോ; എ എസ് ഐ ഫിലിപ്പ് മമ്പാടിന് വേണ്ടി സോഷ്യൽ മീഡിയ ഒരുമിക്കുമ്പോൾ
മലപ്പുറം: കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ ക്ലാസ്സുകൾ നയിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത അധികാരകളുടെ താക്കീത്. സ്വകാര്യ ചടങ്ങുകളിൽ അനുമതി ഇല്ലാതെ പോയതിനും പൊതു പരിപാടിയിൽ കുടുംബത്തിനൊപ്പം ജന്മദിനം ആഘോഷിച്ചതിനും ഫെയ്സ് ബുക്കിൽ കൂടി പൊലീസ് യൂണിഫോമിലുള്ള ചിത്രങ്ങൾ ഉപയോഗിച്ച് പോസ്ററിട്ടതിനുമാണ് ജില്ലാ പൊലീസ് മേധാവിയുടെ താക്കീത്. ഇത് സംബന്ധിച്ചുള്ള മെമോയ്ക്ക് ഏഴുദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവ്. ഇത്തരം ഒരു മെമോ പുറത്ത് വന്നതോടുകൂടി വ്യാപക പ്രതിഷേധം ഉയരുകയും ഫിലിപ്പ് മമ്പാടിന് പിൻതുണ അറിയിച്ച് നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരിക്കുകയാണ്.
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരിഉപയോഗത്തിനെതിരെ ബോധവത്ക്കരണ ക്ലാസ്സുകൾ നയിച്ച് അവരെ നേർവഴിക്ക് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മലപ്പുറം ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.ജെ ഫിലിപ്പ് എന്ന ഫിലിപ്പ് മമ്പാട്. ലഹരിക്കടിപ്പെട്ട മനുഷ്യരെ സ്വസ്ഥജീവിതത്തിലേക്കു തിരികെക്കൊണ്ടുവരാൻ വേദികളിൽനിന്ന് വേദികളിലേക്കു പ്രയാണം നടത്തുന്ന ഉദ്യോഗസ്ഥന് നിരവധി പുരസ്ക്കാരങ്ങളും അനുമോദനങ്ങളും ലഭിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെ ജീവിതത്തിന്റെ കടുത്ത അന്ധകാരങ്ങളിൽനിന്നു വെളിച്ചത്തിലേക്കു നയിച്ച ഫിലിപ്പ് ഇന്നു സമൂഹത്തിലെ പലർക്കും പ്രതീക്ഷയുടെ തുരുത്തായി മാറിയിരിക്കുകയാണ്. മദ്യലഹരിയിൽ തകർന്ന അനേകം കുടുംബങ്ങളിലേക്കു സ്വസ്ഥതയും സമാധാനവും തിരികെക്കൊണ്ടുവരുന്നതിൽ നിർണ്ണായക പങ്കാണ് ഈ പൊലീസുകാരൻ വഹിച്ചിട്ടുള്ളത്. ഇതിനിടയിലാണ് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
കണ്ണൂർ ഗവ. പോളി ടെക്നിക്കിൽ പഠിക്കുന്നതിനിടെ സഹപാഠികളെ മദ്യപിക്കാൻ പ്രേരിപ്പിച്ചതിന് ഫിലിപ്പിനെ പുറത്താക്കിയിരുന്നു. തുടർന്ന് കോയമ്പത്തൂരിലേക്ക് പോയി. ഇതിനിടെ, സഹോദരി പി.എസ്.സി പരീക്ഷയ്ക്കു അപേക്ഷ നൽകി. പരീക്ഷ എഴുതി മാസങ്ങൾക്കു ശേഷം സഹോദരിയാണ് ആ സന്തോവാർത്ത ഫിലിപ്പിനെ അറിയിച്ചത്. തന്റെ പേര് റാങ്ക് ലിസ്റ്റിലുണ്ടെന്ന്. നാലുമാസം കഴിഞ്ഞപ്പോൾ ശാരീരിക പരിശോധനയ്ക്കു വിളിച്ചു. ഇത് പൂർത്തിയാക്കി മഞ്ചേരി പൊലീസ് സ്റ്റേഷനിൽ സേവനം തുടങ്ങി. പിന്നീട് കല്യാണവും കഴിഞ്ഞു. മദ്യപിക്കാറില്ലെന്ന് ഭാര്യയോട് കള്ളം പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയ ഭാര്യ പ്രതിഷേധസൂചകമായി മഞ്ചേരി പൊലീസ് സ്റ്റേഷനിലെ ക്വാർട്ടേഴ്സിൽ പട്ടിണി കിടന്നു. ആറു ദിവസം വെള്ളം മാത്രം കുടിച്ചായിരുന്നു പ്രതിഷേധം. ലഹരിക്കെതിരേയുള്ള ഭാര്യയുടെ പോരാട്ടത്തിനു മുന്നിലാണ് സത്യത്തിൽ ഫിലിപ്പ് കീഴടങ്ങിയത്. ഇതാണ് ഈ ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
ലഹരിക്കെതിരേ ബോധവൽക്കരണം നടത്തിക്കൂടേ എന്ന ചിന്തയ്ക്ക് അവിടെ നിന്നാണ് തുടക്കമിട്ടത്. സുഹൃത്ത് മഹേഷുമായി ചേർന്ന് കലാലായങ്ങളിലും കവലകളിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി. ലഹരിക്കെതിരേ 'തിരിച്ചറിവ് 2017'എന്ന പേരിൽ കേരളത്തിലങ്ങോളമിങ്ങോളം അവർ സഞ്ചരിച്ചു. 600ലേറെ പേരെ ലഹരിയുടെ പിടിയിൽ നിന്ന് അന്ന് മോചിപ്പിക്കാൻ കഴിഞ്ഞെന്ന് ചാരിതാർത്ഥ്യത്തോടെ ഓർമിക്കുന്നു. പാലക്കാട്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ലഹരിയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തുന്ന ഫിലിപ്പിന് പൂർണ പിന്തുണയുമായി ഭാര്യ ടോളി ഫിലിപ്പും പിതാവ് പ്ലാമൂട്ടിൽ ജെയിംസുമുണ്ട്. മനസാന്നിദ്ധ്യം മാത്രമാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി തളരാതെ മുന്നോട്ട് പോകാൻ ഇന്ന് ഫിലിപ്പിനെ സഹായിക്കുന്നത്. പാലക്കാട്, കണ്ണൂർ,വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ലഹരിയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ നടത്തുന്ന ഫിലിപ്പ് വീട്ടിലെത്തുന്നത് മിക്കവാറും രാത്രി ഒരു മണിക്ക് ശേഷമാണ്.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പേരിലുള്ള ആദരവ് എം ടി വാസുദേവൻ നായരുടെ കൈകളിൽ നിന്നും ഫിലിപ്പ് ഏറ്റുവാങ്ങി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങ് ഇവരുടെ പ്രവർത്തന മികവിന് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. RAAF പുരസ്കാരം ,നെഹ്റു യുവകേന്ദ്രയുടെ പുരസ്കാരം, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പുരസ്കാരം, ദേശാഭിമാനി അക്ഷരമുറ്റം പുരസ്കാരം ,പബ്ലിക് ട്രാൻസ്പോർട്ട് പ്രൊട്ടെക്ഷൻ കൗൺസിൽ അവാർഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസ് നടപ്പിലാക്കിയ Our responsibility to children ന്റെ (ORC) മലപ്പുറം ജില്ലയുടെ മാസ്റ്റർ ട്രെയിനറും Safe campus, Clean campus ന്റെ ട്രെയിനറുമാണ് ഫിലിപ്പ്. നാഷണൽ ഡ്രഗ് കൺട്രോൾ സൊസൈറ്റിയിലെ അംഗം കൂടിയാണ്. ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുഹൃത്തായ മഹേഷുമൊത്ത് അഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ യാത്രയിൽ അംഗീകാരങ്ങളും ഇവരെ തേടിയെത്തി. ഖത്തറിൽ പ്രവർത്തിക്കുന്ന Far -east trading company യുടെ പുരസ്കാരം ഏറ്റുവാങ്ങിയത് ഇവർ ഒരുമിച്ചാണ്. ഇവർ പങ്കുവെച്ച ജീവിതാനുഭവങ്ങളും ലഹരി വിരുദ്ധ ആശയങ്ങളും പ്രവാസികൾക്ക് മറക്കാവുന്നതല്ല.
മാതൃകാപരമായ ഈ പ്രവർത്തനങ്ങൾ സമൂഹത്തിനും വേണ്ടി ചെയ്തു വരുന്ന ഇദ്ദേഗത്തിനെതിരെ ഇത്തരത്തിൽ ഒരു നടപടി ഏറെ പ്രതിഷേധാർഹമാണെന്നാണ് നാട്ടുകാരും സോഷ്യൽ മീഡിയയും ഒന്നടങ്കം പറയുന്നത്. കേവലം ഒരു എഎസ്ഐ ആയ പൊലീസുദ്യോഗസ്ഥൻ തലപ്പത്തിരിക്കുന്നവരേക്കാൾ ഉയരത്തിലേക്ക് പോകുന്നത് കണ്ടുള്ള അസൂയയാണ് ഇതിന് പിന്നിലെന്നാണ് പരക്കെയുള്ള ആക്ഷേപം.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.