തലശേരി:കണ്ണൂർസർവ്വകലാശാല വിസി പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു. പിണറായിയിലെ വീട്ടിൽ നിന്നും ഇന്നു രാവിലെ കണ്ണുർ രാജ്യാന്തര വിമാനതാവളത്തിലേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ റോഡരികിൽ കാത്തുനിൽക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിക്കുകയായിരുന്നു.

തലശേരി റോഡിലെ മമ്പറത്ത് വച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി പിണറായിയിലെ വീട്ടിൽ നിന്നുംകണ്ണൂർ വിമാനതാവളത്തിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.സുധീപ് ജയിംസ്, കമൽജിത്ത്, വിനീഷ് ചുള്ള്യാൻ, പ്രിനിൽ മതുക്കോത്ത്, റിജിൻ രാജ്, മുഹ്‌സിൻ കീഴ്‌ത്തള്ളി, ഇമ്രാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടത്തിയത്.ഇതിനിടെ കണ്ണുർ സർവകലാശാല വി സി നിയമനത്തിനെതിരെ കോൺഗ്രസും മുസ്ലിം ലീഗും രംഗത്തു വന്നിട്ടുണ്ട്.

സർവകലാശാലാ വൈസ് ചാൻസലർ നിയമനം നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണെന്ന് ചാൻസലർകൂടിയായ ഗവർണർ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ എത്രയും പെട്ടെന്ന് വൈസ് ചാൻസലർ സ്ഥാനം രാജിവച്ച് മാന്യത കാണിക്കണമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു സർവകലാശാലാ ആക്ട് പ്രകാരം വൈസ് ചാൻസലറുടെ പ്രായപരിധി 60 വയസാണ്. പുനർനിയമനമെന്നത് സർവീസ് നീട്ടിക്കൊടുക്കലല്ല.

പുനർനിയമനത്തിന് താത്പര്യമുണ്ടായിരുന്നെങ്കിൽ അദ്ദേഹം സേർച്ച് കമ്മിറ്റി മുന്പാകെ അപേക്ഷ നൽകണമായിരുന്നു. അല്ലാതെ ചാൻസലറെ പോലും സമ്മർദത്തിലാക്കി അധികാരസ്ഥാനങ്ങൾ പിടിച്ചുവാങ്ങുകയല്ല വേണ്ടത്. നിയമവിരുദ്ധമായി വിസി നടത്തിയ രാഷ്ട്രീയനിയമനങ്ങൾക്കും സ്വജനപക്ഷപാത നടപടികൾക്കും അഴിമതിക്കുമുള്ള പ്രത്യുപകാരമാണ് വിസിയുടെ പുനർനിയമനമെന്ന് കേരളസമൂഹം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ ഭരണകാലത്തെ പല നിയമനങ്ങളും നിർനീണ പ്രവൃത്തികളും ചാൻസലർ നേതൃത്വം നൽകുന്ന ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും വൈസ് ചാൻസലർ രാജിവയ്ക്കാത്തപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതു തെറ്റാണെന്ന് നിയമനാധികാരിയും ചാൻസലറുമായ ഗവർണർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ധാർമികമായും നിയമപരമായും അദ്ദേഹത്തിന് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സാമാന്യ മര്യാദയുടെ പേരിൽ അദ്ദേഹം രാജിവച്ച് പുറത്തുപോകണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും ആവശ്യപ്പെട്ടു.

കാലാവധി കഴിയുന്ന ദിവസം തന്നെ ചരിത്രത്തിലാദ്യമായി ഒരു വൈസ് ചാൻസലർക്ക് പുനർനിയമനം നൽകിയാണ് കണ്ണൂർ സർവകലാശാലയുടെ ഔന്നിത്യം രാഷ്ട്രീയകാരണങ്ങളാൽ ഗവർണറും മുഖ്യമന്ത്രിയും നശിപ്പിച്ചത്. ഭരിക്കുന്ന പാർട്ടിയും ഭരണത്തലവനായ മുഖ്യമന്ത്രിയും ഗവർണറും പുനർനിയമനം ലഭിച്ച വിസിയുമെല്ലാം ഇതിൽ കൂട്ടുപ്രതികളാണ്.

അനധികൃത നിയമനങ്ങളിലും സിലബസിലെ കാവിവത്കരണത്തിലും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഇച്ഛയ്ക്ക് കൂട്ടുനിന്ന വൈസ് ചാൻസലർക്ക് കിട്ടിയ ഓശാരമാണ് പുനർനിയമനം. അത് നൽകിയ ചാൻസലർ തന്നെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ അധികാരമൊഴിഞ്ഞ് സർവകലാശാലയുടെ മാനം കാക്കുകയാണ് വൈസ് ചാൻസലർ ചെയ്യേണ്ടതെന്ന് അബ്ദുൾ കരീം ചേലേരി വ്യക്തമാക്കി.