തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കു സർക്കാർ സേവനം വീടുകളിൽ ലഭ്യമാക്കുന്നതുൾപ്പെടെ 10 പദ്ധതികൾ കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പുതുവത്സര ദിനത്തിൽ പ്രഖ്യാപിക്കുന്നത് തുടർഭരണം മാത്രം ലക്ഷ്യമിട്ട്. 2 ഘട്ടമായി പ്രഖ്യാപിച്ച, 100 ദിവസം വീതമുള്ള പദ്ധതികൾക്കു പുറമേയാണിത്. തദ്ദേശത്തിൽ കിറ്റും പെൻഷനും ഗുണം ചെയ്തുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതു രണ്ടും വോട്ടായി മാറി. അതുകൊണ്ട് തന്നെ മുതിർന്ന പൗരന്മാരെ കൂടെ നിർത്തി പരമാവധി വോട്ട് ഉറപ്പിക്കുകയാണ് ലക്ഷ്യം.

മുതിർന്ന പൗരന്മാർ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും ഓഫിസുകളിൽ ഹാജരാകുന്നത് ഒഴിവാക്കും. വിജ്ഞാപനം 10നകം പുറത്തിറക്കും. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫിലെ സഹായം, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങൾ. ക്രമേണ എല്ലാ സേവനങ്ങളും വീട്ടിലെത്തിക്കും. ഇതിലൂടെ സർക്കാരിന് കരുതലിന്റെ പുതിയ മുഖം കിട്ടുമെന്നാണ് പ്രതീക്ഷ.

65 വയസ്സിനു മുകളിലുള്ളവർക്കും (പ്രത്യേകിച്ച്, മറ്റുള്ളവരുടെ സഹായം ലഭ്യമല്ലാത്തവർ), ഭിന്നശേഷിക്കാർക്കും ഭവന സന്ദർശനത്തിലൂടെ സർക്കാർ സേവനങ്ങളുടെ ആവശ്യം മനസ്സിലാക്കി ലഭ്യമാക്കുന്ന പരിപാടി. ഇത് 15 ന് ആരംഭിക്കും. ക്ഷേമപെൻഷൻ വർധനയും ഭക്ഷ്യക്കിറ്റും അടക്കമുള്ള നൂറുദിന പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളികൾക്ക് പുതുവർഷസമ്മാനമായി പത്തിന ജനകീയ പദ്ധതികളുമായി എൽഡിഎഫ് സർക്കാർ എത്തുന്നത്.

വയോജനങ്ങൾക്കുള്ള കരുതലാണ് ഇതിൽ പ്രധാനം. സേവനം കിട്ടുന്നതിനോ പ്രശ്നം സർക്കാരിനെ അറിയിക്കുന്നതിനോ ഉറ്റവർ അടുത്തില്ലാത്ത വയോജനങ്ങൾക്ക് സേവനം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ഓഫീസുകളിൽ വയോജനങ്ങൾ നേരിട്ട് എത്തേണ്ടാത്ത രീതിയിൽ ക്രമീകരണമുണ്ടാക്കും. ഓൺലൈനിൽ അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരുടെ വീടുകളിൽ പോയി പരാതി സ്വീകരിച്ച് അധികാരികൾക്ക് എത്തിക്കും. തുടർനടപടികൾ വിളിച്ച് അറിയിക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടും.

65 വയസ്സിൽക്കൂടുതൽ ഉള്ളവർ, മറ്റുള്ളവരുടെ സഹായം കിട്ടാതെ താമസിക്കുന്നവർ, കാഴ്ച- കേൾവിക്കുറവുള്ളവർ, ചലനശേഷിയില്ലാത്തവർ തുടങ്ങിയവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങൾ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഇവർ വീടുകളിലെത്തി സഹായം സംബന്ധിച്ച കാര്യങ്ങൾ തിരക്കും. തദ്ദേശ സ്ഥാപനങ്ങളും കലക്ടർമാരും ഇതിന് മേൽനോട്ടം വഹിക്കും. വാർഷികവരുമാനം 2.5 ലക്ഷത്തിൽ താഴെയുള്ള കുടുംബത്തിലെ മിടുക്കരായ 1000 ബിരുദ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ ധനസഹായ പദ്ധതിയിൽ ഒരുലക്ഷം രൂപ വീതം നൽകാനുള്ള തീരുമാനം യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്.

സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് 'എമിനന്റ് സ്‌കോളേഴ്സ് ഓൺലൈൻ' പദ്ധതിയിലൂടെ വിവിധ മേഖലകളിലെ ആഗോളപ്രശസ്തരായ പ്രതിഭകളുമായി സംസാരിക്കാൻ അവസരമൊരുക്കും. പൊതുരംഗത്തെയും സർക്കാർ സർവീസുകളിലെയും അഴിമതി ഇല്ലാതാക്കാൻ അഴിമതിമുക്ത പൊതുസേവനം പദ്ധതി ആരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ രഹസ്യമായി അറിയിക്കാം. കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാനും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കൗൺസലിങ് വിപുലമാക്കും പ്രകൃതി സൗഹൃദ നിർമ്മാണം പ്രോൽസാഹിപ്പിക്കുന്നതിന് ഒറ്റത്തവണ കെട്ടിട നികുതിക്ക് ഗ്രീൻ റിബേറ്റ് ഏർപ്പെടുത്തും. മുതിർന്നവർക്ക് പ്രഭാതസവാരിക്കും കുട്ടികൾക്ക് കളിക്കുന്നതിനും എല്ലാ വില്ലേജിലും പൊതു ഇടങ്ങൾ ഒരുക്കുകയും ചെയ്യും.

കുട്ടികൾക്കിടയിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ പദ്ധതിയും കരുതലിന്റെ ഭാഗമാണ്. 1024 സ്‌കൂൾ കൗൺസലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. മാസത്തിൽ 2 തവണ ബ്ലോക്ക് തലത്തിൽ രക്ഷിതാക്കൾക്കു കൗൺസലിങ്. സ്‌കൂളുകളിൽ 20 കുട്ടികൾക്ക് ഒരു അദ്ധ്യാപകൻ എന്ന ക്രമത്തിൽ നിരീക്ഷണം. പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഓൺലൈൻ കൺസൽറ്റേഷൻ. പ്രകൃതിസൗഹൃദ ഗാർഹിക നിർമ്മാണങ്ങൾക്ക് ആദ്യം ഒറ്റത്തവണയായി അടയ്ക്കുന്ന കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ഇളവ്.

മടങ്ങിവന്ന പ്രവാസികൾക്കു ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സർക്കാർ രേഖകൾ അപേക്ഷിച്ചു 15 ദിവസത്തിനകം ലഭ്യമാക്കാനും പദ്ധതിയുണ്ട്.