തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫിൽ നിയമിക്കാവുന്നവരുടെ എണ്ണം 30ൽ നിന്നു 37 ആകുകയും ചെയ്യും. ഈ വിചിത്ര ഉത്തരവിന്റെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു. താൽകാലിക്കാരെ സ്ഥിരപ്പെടുത്തൽ മാമാങ്കം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ ഉറപ്പാക്കാനുള്ള തീരുമാനം. നിയമവകുപ്പുമായി ആലോചിക്കാതെ ധനവകുപ്പിൽനിന്നു മാത്രം അഭിപ്രായം തേടിയായിരുന്നു തീരുമാനം.

കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗമാണ് മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫിൽപെട്ട ക്ലാർക്ക്, ഓഫിസ് അറ്റൻഡന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരുടെ നിയമനം ക്രമപ്പെടുത്താൻ പഴ്‌സനൽ സ്റ്റാഫ് സ്‌പെഷൽ റൂൾസിൽ ഭേദഗതി തീരുമാനിച്ചത്. ഈ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേ മാസം മുതൽ പ്രാബല്യം നൽകിയാകും പൊതുഭരണ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുക.

പൊതുഭരണ വകുപ്പിന്റെ 2011 സെപ്റ്റംബർ 16ലെ ഉത്തരവനുസരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചീഫ് വിപ്പിനും പ്രതിപക്ഷ നേതാവിനും പ്രൈവറ്റ് സെക്രട്ടറി, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തുടങ്ങി 30 പേരെയാണ് പഴ്‌സനൽ സ്റ്റാഫിൽ നിയമിക്കാനാകുക. മുഖ്യമന്ത്രിക്കു മാത്രം സെക്രട്ടറി റാങ്കിൽ ഒരാളെക്കൂടി വേണമെങ്കിൽ വയ്ക്കാം. ഇവർ 2 വർഷം ജോലി ചെയ്താൽ സർക്കാർ പെൻഷൻ ലഭിക്കും.

പഴ്‌സനൽ സ്റ്റാഫ് നിയമനത്തിന്റെ അടിസ്ഥാന രേഖയായ സ്‌പെഷൽ റൂളിൽ പൊളിറ്റിക്കൽ സെക്രട്ടറി, പ്രസ് അഡൈ്വസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് എന്നിങ്ങനെ തസ്തികകളില്ല. ഇത്തരം നിയമനങ്ങൾ മുൻപു പഴ്‌സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയിരുന്നില്ല. നിലവിലെ സർക്കാർ പാർട്ടി പത്രത്തിൽ നിന്നുള്ള 3 പേരെയാണ് ഈ 3 സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നത്. പ്രഭാ വർമ്മയാണ് പ്രസ് അഡൈ്വസർ. പ്രസ് സെക്രട്ടറി പിഎം മനോജും. രണ്ടു പേരും ദേശാഭിമാനിയിലെ ജീവനക്കാരായിരുന്നു.

ശമ്പളം ഒരു ലക്ഷം രൂപ മുതൽ 1.20 ലക്ഷം രൂപ വരെ. ചട്ടപ്രകാരമല്ലാതെ നിയമിതരായവർ വിരമിക്കുമ്പോൾ പെൻഷൻ നൽകുന്നതിനെ അക്കൗണ്ടന്റ് ജനറൽ ചോദ്യം ചെയ്യാതിരിക്കാനാണ് ഭരണം ഒഴിയുംമുൻപുള്ള ഭേദഗതി. ഇതിൽ പ്രസ് സെക്രട്ടറി 2 വർഷം പൂർത്തിയാക്കിയിട്ടില്ലാത്തതിനാൽ അദ്ദംഹത്തിന് പെൻഷന് അർഹത ആയിട്ടില്ല. എന്നാലും ബാക്കിയുള്ളവർക്കെല്ലാം ഈ നിയമ ഭേദഗതിയുടെ ആനുകൂല്യം കിട്ടും. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് തീരുമാനങ്ങൾ.

ഡിസംബർ 24നു ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് ചട്ട ഭേദഗതി തീരുമാനിച്ച് കരട് ഉത്തരവ് തയാറാക്കി ധനവകുപ്പിനു കൈമാറിയത്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ സ്റ്റാഫ് ആരൊക്കെയാണെന്നു കൂടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു ധനവകുപ്പ് ഫയൽ മടക്കി. അതിൽ മുഖ്യമന്ത്രി ഇങ്ങനെ കുറിച്ചു ''പഴ്‌സനൽ സ്റ്റാഫിൽ അധിക വിഭാഗക്കാരെയും അവർക്കുള്ള സ്റ്റാഫിനെയും ഏഴിൽ കവിയാത്ത അംഗസംഖ്യയിൽ നിയമിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്''. ഇതനുസരിച്ചാണ് കഴിഞ്ഞ മന്ത്രിസഭായോഗം ചട്ടഭേദഗതിക്കു തീരുമാനിച്ചത്. 25 മതിയെന്ന് തീരുമാനിച്ച സർക്കാർ

പഴ്‌സനൽ സ്റ്റാഫിൽ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നു തത്വത്തിൽ തീരുമാനമെടുത്ത സർക്കാരാണ് പിണറായിയുടേത്. അധികാരത്തിൽ എത്തുമ്പോൾ ഇതെല്ലാം അവർ ചർച്ചയാക്കുകയും ചെയ്തു. ഇതേ സർക്കാരാ് ഇപ്പോൾ 37 പേരെ നിയമിക്കാൻ സൗകര്യമൊരുക്കുന്നത്. ശമ്പളക്കമ്മിഷനാകട്ടെ, 2 വർഷം സർവീസിനു വരെ പെൻഷൻ നൽകുന്നതു നിർത്തി 4 വർഷം സർവീസ് നിഷ്‌കർഷിക്കണമെന്നു ശുപാർശ ചെയ്തിരിക്കുകയുമാണ്. ഇതും വിമർശനത്തിന് വിധേയമാകുന്നുണ്ട്.