- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ജനരോഷത്തിന് മുമ്പിൽ പതറി പതിവ് ശീലം മാറ്റി പിണറായി; എങ്ങനേയും വിവാദം തീർക്കാൻ മന്ത്രിതല ചർച്ചയ്ക്കും റെഡി; ജനവികാരം എതിരായതോടെ മുഖം രക്ഷിക്കാൻ തിരക്കിട്ട നീക്കം; സമവായങ്ങൾക്ക് വഴങ്ങാതെ സമരം ശക്തിപ്പെടുത്തി ഉദ്യോഗാർത്ഥികൾ; ബ്രൂവറിക്കും സ്പ്രിങ്ളറിനും പൊലീസ് നിയമത്തിനും പിന്നാലെ വീണ്ടും സർക്കാർ പിന്നോട്ട് വലിയുമ്പോൾ
തിരുവനന്തപുരം: ബ്രൂവറി ലൈസൻ അനുവദിക്കാനുള്ള സർക്കാരിന്റെ നീക്കം വലിയ വിവാദമായി. എന്തുവന്നാലും പിൻവലിക്കില്ലെന്ന് വീമ്പു പറഞ്ഞു തുടക്കത്തിൽ സർക്കാർ. എന്നാൽ അഴിമതി പിടിക്കുമെന്ന് ആയപ്പോൾ പതിയെ ഉത്തരവ് റദ്ദാക്കി. സ്പ്രിങ്ലറിലും ഇതായിരുന്നു സംഭവിച്ചത്. എല്ലാ നടപടിക്രമവും അട്ടിമറിച്ച് സ്പ്രിങ്ലറിന് ഡാറ്റാ കരാർ നൽകി. എന്നാൽ കോടതി വടിയെടുത്തപ്പോൾ അതും വേണ്ടെന്ന് വച്ചു. താൽകാലികക്കാരുടെ സ്ഥിര നിമയനത്തിലും ഇതു തന്നെ സംഭവിച്ചു. പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പുച്ഛിച്ച സർക്കാർ ഒടുവിൽ മുഖം രക്ഷിക്കാൻ സ്ഥിര നിയമനം വേണ്ടെന്ന് വച്ചു. അതും ഹൈക്കോടതിയുടെ പരാമർശങ്ങൾ എതിരാണെന്ന വിലയിരുത്തൽ വന്നതിന് പിന്നാലെ. പൊലീസ് നിയമ ഭേദഗതിയിലും സംഭവിച്ചത് ഇതു തന്നെയായിരുന്നു.
അതിനിടെ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ വീണ്ടും മധ്യസ്ഥ ചർച്ചയുമായി ഡിവൈഎഫ്‌ഐ രംഗത്തു വന്നു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പ്രതിനിധികളുമായി ഇന്നലെ രാത്രി ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നേതാക്കൾ ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താനായില്ല. നേരത്തേ ഉന്നയിച്ച ആവശ്യങ്ങൾ ഉദ്യോഗാർഥികൾ ആവർത്തിച്ചു. സർക്കാർ കൂടുതൽ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നു ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞെങ്കിലും അതിൽ വ്യക്തതയില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. തങ്ങൾ ഉപാധികളോ നിർദേശങ്ങളോ വച്ചിട്ടില്ലെന്നും ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിച്ചായിരുന്നു ചർച്ചയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പറഞ്ഞു. ചർച്ച തുടരുമെന്നു സെക്രട്ടറി എ.എ.റഹിം അറിയിച്ചു. സർക്കാരിന് വേണ്ടിയായിരുന്നു ചർച്ച. എങ്ങനേയും പ്രശ്‌നം പരിഹരിക്കാൻ പിണറായി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ട്.
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽ നിന്നു സർക്കാരിനെ തടയുന്ന ചട്ടങ്ങളുണ്ടോയെന്ന് ഇതുസംബന്ധിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഹർജിക്കാരോടും സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളോടും നിർദേശിച്ചു.സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നൂറുകണക്കിനു ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു ചോദ്യം ചെയ്ത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടവും സംസ്ഥാന സെക്രട്ടറി വിഷ്ണു പന്തളവുമാണ് ഹർജി നൽകിയത്. സിപിഎമ്മുമായി ബന്ധമുള്ള നൂറുകണക്കിനു പേർക്കു ഭരണത്തിന്റെ അവസാന ഘട്ടത്തിൽ സർക്കാർ സ്ഥിരനിയമനം നൽകുന്നുവെന്ന് ആരോപിച്ചാണു ഹർജി. ഇതും സർക്കാരിന്റെ പിൻവലിയലിന് കാരണമായി.
സെക്രട്ടേറിയറ്റിനു മുന്നിൽ യാചനാ സ്വരത്തോടെ പിഎസ്‌സി റാങ്ക് ജേതാക്കൾ നടത്തുന്ന സമരത്തിനു ലഭിക്കുന്ന ജനപിന്തുണ പിണറായിയെ വലയ്ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ജനവികാരവും യുവവോട്ടർമാരും എതിരാകുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഈ പിന്മാറ്റം. 'തെറ്റിദ്ധരിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ നടത്തുന്ന സമരം' സ്ഥിരപ്പെടുത്തൽ അവസാനിപ്പിക്കാൻ കാരണമായെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചു. ഒപ്പം സ്ഥിരപ്പെടുത്തൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതും കാരണമായി. യൂത്ത് കോൺഗ്രസാണ് ഈ വിഷയം കോടതിക്ക് മുമ്പിലെത്തിച്ചത്. സ്ഥിരപ്പെടുത്തുന്ന ഫയലുകളിൽ സെക്രട്ടറിമാർ എതിരഭിപ്രായം എഴുതിയിട്ടുണ്ട്. ഈ ഫയൽ കോടതി പരിശോധിച്ചാൽ ആകെ പ്രശ്‌നമാകും. ഇതാണ് പിന്മാറ്റത്തിന് കാരണം.
നിയമ-ധന വകുപ്പുകൾ വിയോജിച്ച സ്ഥിരപ്പെടുത്തൽ നിയമപരമായി നിലനിൽക്കില്ലെന്നും ആശങ്ക ഉയർന്നു. ഇതെല്ലാം ഗൗരവത്തോടെ സിപിഎം കേന്ദ്ര നേതൃത്വം എടുത്തു. തെരഞ്ഞെടുപ്പിൽ തുടർഭരണം വേണമെങ്കിൽ സ്ഥിരപ്പെടുത്തൽ വേണ്ടെന്ന് വയ്ക്കാൻ നിർദ്ദേശിച്ചു. വൻ വിവാദം ഉയർത്തിയ പൊലീസ് നിയമ ഭേദഗതി മിന്നൽ വേഗത്തിൽ പിൻവലിക്കേണ്ടി വന്നതിനു ശേഷം മറ്റൊരു തിരുത്തൽ. ഇതിന് കാരണവും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ്. 4 മാസത്തിനുള്ളിൽ ഏതാണ്ട് 1300 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമാണ് ഇപ്പോൾ അതു വേണ്ടെന്നു വയ്ക്കുന്നത്. സിപിഎം ബന്ധുക്കൾക്കെല്ലാം ജോലി നൽകി കഴിഞ്ഞു. ഇതും പിൻവലിയൽ രാഷ്ട്രീയത്തിന് കാരണമായി. ഇനിയുള്ളത് സാധാരണക്കാരുടെ സ്ഥിരപ്പെടുത്തൽ ശുപാർശയായിരുന്നു. അത് വേണ്ടെന്ന വച്ചാലും പാർട്ടിക്ക് നഷ്ടമില്ലെന്ന വിലയിരുത്തലും ഉണ്ടായി.
വിവിധ വകുപ്പുകളിൽ നിന്നായി നൂറു കണക്കിന് സ്ഥിരപ്പെടുത്തൽ ശുപാർശ മന്ത്രിസഭയ്ക്കു മുന്നിലുണ്ടായി. 10 വർഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുന്നതു മാനുഷികമായ തീരുമാനമാണ് എന്നു ചൂണ്ടിക്കാട്ടി അതിനായി വാദിക്കുകയായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും. റാങ്ക് ഹോൾഡർമാരുടെ സമരത്തിനു ജനകീയ പിന്തുണ ലഭിച്ചതോടെ കഷ്ടപ്പെട്ടു പഠിച്ചവരോട് അനീതിയും ഇഷ്ടക്കാർക്കു ജോലിയും എന്നതിലേക്കു കാര്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. മൂവായിരത്തോളം പുതിയ തസ്തികകൾക്ക് മന്ത്രിസഭ അനുമതി നൽകിയെങ്കിലും സമരം നടത്തുന്ന വിഭാഗങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുമോയെന്നു സംശയമുണ്ട്. ഇതെല്ലാം ഇനിയും വിവാദത്തിന് വഴിമരുന്നിടും. ഈ സാഹചര്യത്തിലാണ് സമരം തുടരാൻ പി എസ് സി ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. അവർ ഇനിയും സമരം തുടരും. റാങ്ക് ലിസ്റ്റുകളിൽ നിന്ന് പരമാവധി പേർക്ക് ജോലി ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
സമരം തുടരും
സർക്കാർ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് സമരം തുടരാൻ ലാസ്റ്റ് ഗ്രേഡ്, സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലുള്ളവർ തീരുമാനിച്ചു. നിയമനഃശുപാർശ ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ഉദ്യോഗാർഥികളിൽ കൂടുതൽ പേർ സമരത്തിനെത്തി. സ്ഥിരനിയമനം തേടി ആശാ വർക്കർമാരും രംഗത്തെത്തി.
ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലെങ്കിലും ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നു പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർഥികൾ യോഗ തീരുമാനങ്ങളറിഞ്ഞു നിരാശരായി. വിദ്യാർത്ഥികൾ കുറവായതിനാൽ അംഗീകാരവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട എയ്ഡഡ് പ്രൈമറി സ്‌കൂൾ അദ്ധ്യാപകരും പ്രതിഷേധത്തിലാണ്. റോഡിൽ ഉരുണ്ട അദ്ധ്യാപികമാരെ ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
സമരം കെപിസിസി ഏറ്റെടുക്കാൻ ആലോചിക്കുകയാണെന്ന് ഉദ്യോഗാർഥികൾക്കു പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ നിരാഹാരം അനുഷ്ഠിക്കുന്ന സമരപ്പന്തലിലെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റിനു മുന്നിൽ 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.
അതിനിടെ ഈ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരുടെ എണ്ണം പിന്നീടു പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. വാർത്താ സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. സർക്കാർ എത്ര പേരെ സ്ഥിരപ്പെടുത്തിയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ നിന്നും നേരത്തേ മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.
ജലീലിന്റെ നിർദ്ദേശം തള്ളി കേരളാ സിൻഡിക്കേറ്റും
താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ കേരള സർവകലാശാലാ സിൻഡിക്കറ്റ് യോഗം പരിഗണിച്ചില്ല. സർവകലാശാലാ ചട്ടങ്ങളും സുപ്രീം കോടതി വിധിയും മറി കടന്നു കോളജ് അദ്ധ്യാപക നിയമനം അംഗീകരിക്കാനുള്ള മന്ത്രി കെ.ടി.ജലീലിന്റെ ശുപാർശയുടെ കാര്യത്തിലും തീരുമാനമെടുത്തില്ല.
ലൈബ്രറി അസിസ്റ്റന്റ്, ഡ്രൈവർ, ബൈൻഡർ, സെക്യൂരിറ്റി ഓഫിസർ, കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികകളിൽ ജോലി ചെയ്യുന്ന 65 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് മാറ്റിവച്ചത്. വിവാദമാകുമെന്ന ആശങ്ക മൂലം ഇതു സംബന്ധിച്ച പരിശോധനാ സമിതി റിപ്പോർട്ട് യോഗം പരിഗണിച്ചില്ല. ചട്ടങ്ങളും കോടതി വിധിയും മറികടന്നു കോളജ് അദ്ധ്യാപക നിയമനം അംഗീകരിക്കണമെന്ന മന്ത്രി കെ.ടി.ജലീലിന്റെ നിർദ്ദേശം സംബന്ധിച്ച് എൽഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങൾക്കിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയുള്ള സാഹചര്യത്തിലാണ് ഈ വിഷയവും ചർച്ച ചെയ്യാതിരുന്നത്. മന്ത്രിയുടെ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി, ചാൻസലർ കൂടിയായ ഗവർണർക്കു പരാതി നൽകിയിരുന്നു.
ചട്ടവിരുദ്ധമായി കോളേജ് അദ്ധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ മന്ത്രി ജലീലിൽ ഇടപെട്ടതായി ആരോപണം ഉയർന്നിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർക്ക് മന്ത്രി നിർദ്ദേശം നൽകിയെന്നാണ് ആരോപണം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിൻ ഭാഷാ അദ്ധ്യാപകനെ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാനാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത് എന്നാണ് ആരോപണം. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. ഈ പരാതിയിൽ രാജ് ഭവൻ അന്വേഷണം തുടങ്ങി. സഭകളുടെ ഇടപെടലിനെ തുടർന്നാണ് ഈ നീക്കമെന്നാണ് ആക്ഷേപം. സഭയുടെ അധീനതയിലുള്ള കോളേജിലാണ് വിവാദമുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിൻ ഭാഷാ അദ്ധ്യാപകനും പ്രിൻസിപ്പാളുമായ ഡോ. ഫാ. വി.വൈ. ദാസപ്പനെയാണ് ഇതേ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി മാറ്റി നിയമിക്കാൻ നീക്കം നടന്നത്. ഈ ആവശ്യം ഉന്നയിച്ചുള്ള കോളേജ് മാനേജ്‌മെന്റിന്റെ അപേക്ഷ പരിഗണിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്റെ അധ്യക്ഷതയിൽ പ്രത്യേകം യോഗം ചേർന്നുവെന്നാണ് ആരോപണം.
എംബി രാജേഷിന്റെ ഭാര്യയുടെ നിയമനം അന്വേഷണത്തിൽ
സിപിഎം നേതാവ് എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം അനധികൃതമാണെന്ന പരാതിയിൽ വിജിലൻസ് ഡയറക്ടർ എസ്.സുദേഷ് കുമാർ നിയമോപദേശം തേടി. വിജിലൻസ് ആസ്ഥാനത്തെ പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടറോടാണ് ഉപദേശം തേടിയത്. കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരുമോയെന്നാണു പരിശോധന. സാധാരണ ഇത്തരം പരാതി ലഭിച്ചാൽ അന്വേഷണത്തിനോ തുടർ നടപടിക്കോ സർക്കാർ അനുമതി തേടണമെന്നാണു പുതിയ നിർദ്ദേശം.
അന്വേഷണം വൈകിപ്പിക്കാനാണു നീക്കമെന്ന് ആരോപണമുണ്ട്. പരാതി കോടതിയിൽ ചോദ്യം ചെയ്താൽ നിയമോപദേശം തേടിയെന്നു വിജിലൻസിനു പറയാം. അല്ലെങ്കിൽ ഒടുവിൽ അനുകൂല റിപ്പോർട്ട് ലഭിച്ചാൽ അതു സഹിതം സർക്കാരിനു കൈമാറി ഇനി എന്തു വേണമെന്നും ചോദിക്കാം. ഇതേക്കുറിച്ചു പ്രതികരിക്കാൻ വിജിലൻസ് ഉന്നതർ തയാറായില്ല.
മറുനാടന് മലയാളി ബ്യൂറോ