കൊച്ചി: ഒന്നുമില്ലാത്ത ഖജനാവിന് പ്രതിസന്ധിയായി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾതമ്മിലുള്ള തർക്കങ്ങളും. ദീർഘനാൾ നീളുന്ന നിയമയുദ്ധത്തിലേക്ക് കാര്യങ്ങൾ നീളുമ്പോൾ അതിലൂടെ കോടിക്കണക്കിന് രൂപ പൊതുഖജനാവിന് നഷ്ടമാകുന്നു. നയതന്ത്രബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടർച്ചയായി കേരളം നടത്തുന്ന നീക്കമാണ് ഇതിന് കാരണം.

എൻഫോഴ്സുമെന്റ് ഡയറക്ടറേറ്റും ക്രൈംബ്രാഞ്ചും തമ്മിലുള്ള ഏറ്റുമുട്ടലിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി രാജ്യത്തെതന്നെ ഏറ്റവുംമുതിർന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. ഇത്തരത്തിൽത്തന്നെ കോടിക്കണക്കിന് രൂപയാണ് പൊതുഖജനാവിന് നഷ്ടമാകുന്നത്. വിട്ടു കൊടുക്കാൻ രണ്ട് കൂട്ടരും തയ്യാറല്ല. അതിന്റെ സൂചനയാണ് ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്. ഈ കേസിൽ നിയമ പോരാട്ടം സുപ്രീംകോടതിയിൽ എത്തുമെന്ന് ഉറപ്പാണ്. പെരിയാ കൊലക്കേസിൽ ചെലവഴിച്ചതിന് സമാനമായ കോടികൾ ഇവിടേയും കേരള ഖജനാവിന് നഷ്ടമാകും. ഇഡിയെ തോൽപ്പിക്കാൻ വമ്പൻ അഭിഭാഷകരെ തന്നെ ഇറക്കും.

രാഷ്ട്രീയ ഏറ്റുമുട്ടലിനായി അന്വേഷണ ഏജൻസിയേയും നിയമസംവിധാനത്തെയും ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമാണ്. ബി.എസ്.എഫ്. മുന്മേധാവിയായിരുന്ന പ്രകാശ് സിങ് നൽകിയ പൊതുതാത്പര്യ ഹർജിയിൽ സുപ്രിംകോടതി 2006-ലെ സുപ്രധാനമായ ഉത്തരവിലൂടെ അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകിയിരുന്നു. ഇതൊന്നും ആരും നടപ്പാക്കിയില്ല. ഇതാണ് കേരളവും കേന്ദ്രവും തമ്മിലെ പ്രശ്‌നത്തിനും കാരണം.

ക്രമസമാധാനച്ചുമതലയുള്ള പൊലീസിനും കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന്, ആയുധ കള്ളക്കടത്ത് അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കുന്ന ഏജൻസികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നായിരുന്നു സുപ്രിംകോടതി അന്ന് വ്യക്തമാക്കിയത്. പക്ഷെ ഇതൊന്നും നടപ്പാക്കപ്പെടുന്നില്ലെന്നതാണ് തർക്കങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ വിഷയങ്ങളെല്ലാം കോടതിയും കയറുന്നു.

നിയമപരമായി അനുവദിച്ച ചട്ടക്കൂടിനുള്ളിൽ ഓരോ ഏജൻസികളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്ന ചർച്ചയാണ് സജീവമാകുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനു പിന്നിൽ രാഷ്ട്രീയ തീരുമാനം ആണെന്ന് വ്യക്തമായിരുന്നു. ഒരു കേന്ദ്രഏജൻസിയുടെപേരിൽ കേസെടുക്കുന്നതിൽ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവരിൽനിന്ന് ആദ്യഘട്ടത്തിൽ വിയോജിപ്പുകൾ ഉയർന്നുവെന്നാണ് സൂചനകൾ. ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ ഏപ്രിൽ എട്ടുവരെ കടുത്ത നടപടി ഉണ്ടാകരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്തു വന്നിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ആരേയും വിളിച്ചുവരുത്തില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചത് ജസ്റ്റിസ് വി.ജി. അരുൺ രേഖപ്പെടുത്തുകയും ചെയ്തു.

ക്രൈംബ്രാഞ്ചിന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയെത്തുടർന്ന് കേസെടുക്കാനാവുമെന്ന് നിയമോപദേശം ലഭിച്ചു. എന്നാൽ തുടക്കത്തിൽ കേസെടുക്കാൻ പൊലീസിന് താൽപ്പര്യമില്ലായിരുന്നു. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന മൊഴിയാണ് കേസിനാധാരം. ഹൈക്കോടതി കേസ് സ്റ്റേ ചെയ്യാത്തത് സർക്കാരിന് ആശ്വാസമാണ്. കേസിൽ വിധി വൈകുന്നതും ശ്രദ്ധേയമാണ്. ഇനി ഈ കേസ് ഏപ്രിൽ എട്ടിന് വരും. അതിന് മുമ്പ് കേരളത്തിൽ വോട്ടെടുപ്പും കഴിയും. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി വരുമെന്ന പ്രതീക്ഷയിൽ സുപ്രീംകോടതിയിൽ വോട്ടെടുപ്പിന് മുമ്പ് അപ്പീൽ കൊടുത്ത് തീരുമാനം എടുക്കാനുള്ള ഇഡിയുടെ മുന്നൊരുക്കവും വെറുതെയായി.

മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാർക്കെതിരേയും ഇല്ലാത്ത മൊഴിയുണ്ടാക്കാൻ കേന്ദ്രഏജൻസി ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. കേസെടുക്കണമെന്നത് സർക്കാർ തീരുമാനമായി വന്നതോടെ പൊലീസ് മേധാവി വഴങ്ങുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് മേധാവിയുടെ ഓഫീസിൽനിന്ന് ഫയൽ ക്രൈംബ്രാഞ്ചിൽ എത്തിയതും കേസെടുക്കൽ നടപടികളുമായി മുന്നോട്ടുപോയതും. രണ്ട് പൊലീസുദ്യോഗസ്ഥർ നൽകിയ മൊഴിയിലും സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്. എന്നാൽ, ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകളിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ചാണ് കേസ്.

സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകൻ പൊലീസ് മേധാവിക്ക് പരാതി നൽകുകയും തുടർന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്യുകയുമായിരുന്നു. ഇനി സന്ദീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ചിന് സന്ദീപ് നൽകുന്ന മൊഴി അതിനിർണ്ണായകമായിരിക്കും.