തിരുവനന്തപുരം: കോൺഗ്രസ് ഐ ഗ്രൂപ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് രണ്ട് മുന്മന്ത്രിമാർ മാത്രം. എ ഗ്രൂപ്പിലും സീനിയർ പ്ലയേഴ്‌സ് തിരുവഞ്ചൂർ രാധാകൃഷ്ണനും കെ ബാബുവും മാത്രം. അതുകൊണ്ട് തന്നെ മന്ത്രിമാരാകാൻ കോൺഗ്രസിൽ മത്സരിച്ച എല്ലാവരും സാധ്യത കാണുന്നു. അപ്രതീക്ഷിത മുഖങ്ങൾക്ക് ഹൈക്കമാണ്ട് പിന്തുണയോടെ മന്ത്രിയാകാൻ താൽപ്പര്യമുണ്ട്. എന്തുവന്നാലും അധികാരത്തിൽ തിരിച്ചു വരുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അതുകൊണ്ട് തന്നെ മത്സരത്തിൽ തോൽക്കുമോ ജയിക്കുമോ എന്ന് ഉറപ്പില്ലാത്തവർ പോലും മന്ത്രിയാകാൻ കളികൾ തുടങ്ങി കഴിഞ്ഞു.

കോൺഗ്രസിന് കുറഞ്ഞത് 11 മന്ത്രിമാർ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യുഡിഎഫിൽ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിപദങ്ങൾ നൽകും. പിജെ ജോസഫിന്റേ കേരളാ കോൺഗ്രസിന് ഒരു സീറ്റ് നൽകും. പരമാവധി രണ്ട് സീറ്റ്. അനൂപ് ജേക്കബിന് പിറവത്ത് ജയിച്ചാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിപദമുണ്ടാകും. 11 മന്ത്രിമാരിൽ എങ്ങനെ വിഭജനം വേണമെന്ന ചർച്ചയാണ് കോൺഗ്രസിൽ നടക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം കൊടുത്താൽ ആറു മന്ത്രിമാർ വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടും. അഞ്ച് ഐയ്ക്കും കിട്ടും. ചെന്നിത്തലയെ ഗ്രൂപ്പു കളിച്ച് ഐ ഗ്രൂപ്പ് വെട്ടിയാൽ മന്ത്രിപദങ്ങളിൽ കൂടുതൽ വേണമെന്ന ആവശ്യം ഐയും ഉയർത്തും. ചെന്നിത്തല മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷയിലാണ് ഐ ഗ്രൂപ്പ്. അതുകൊണ്ട് തന്നെ രണ്ടാം സാധ്യതയിൽ അവർ ചർച്ചകൾ നടത്തുന്നതുമില്ല.

സമുദായ സമവാക്യങ്ങൾ എല്ലാം പരിഗണിക്കും. എൻഎസ് എസിനും എസ് എൻഡി പിക്കും അർഹമായ പ്രാതിനധ്യവും കൊടുക്കും. ഇതിനൊപ്പം ക്രൈസ്തവ-മുസ്ലിം നേതാക്കളും ഇത്തവണ കോൺഗ്രസ് മന്ത്രിമാരാകും. ആരേയും പിണക്കാതെ പുതിയ ടീമിനെ കൊണ്ടു വരാനാകും ശ്രമിക്കുക. മുസ്ലിം ലീഗ് ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെടാൻ സാധ്യത കോൺഗ്രസ് കാണുന്നു. എന്നാൽ ഈ ചർച്ച ഭൂരിപക്ഷ സമുദായത്തെ കോൺഗ്രസിൽ നിന്ന് അകറ്റുമെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ അഞ്ച് മന്ത്രിമാരിലേക്ക് ലീഗിനെ അനുനയിപ്പിക്കും. എന്നാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായാൽ ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം കൊടുക്കാമെന്ന ചർച്ച എ ഗ്രൂപ്പും മുന്നിൽ വയ്ക്കുന്നുണ്ട്. അരാകും അടുത്ത മുഖ്യനെന്നതിൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ മനസ്സ് തന്നെയാകും നിർണ്ണായകം.

നിയമസഭാ തെരഞ്ഞെടുപ്പിൽ തികഞ്ഞ പ്രതീക്ഷയാണ് സിപിഎമ്മിനുമുള്ളത്. ഭരണ തുടർച്ച ഉറപ്പിച്ചാണ് കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തുന്നത്. ഇതിനിടെയാണ് എല്ലാ പരിധികൾക്കും അപ്പുറം മന്ത്രിമാരാകൻ മത്സരിച്ച മിക്ക എംഎൽഎ മത്സരാർത്ഥികളും രംഗത്ത് വരുന്നത്. ഗ്രൂപ്പ് മാനേജർമാരെ സ്വാധീനിച്ച് മന്ത്രിമാരാകാനാണ് ശ്രമം. സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനും നീക്കമുണ്ട്. ഹൈക്കമാണ്ടിന്റെ തീരുമാനങ്ങൾ സ്വാധീനിക്കുമെന്നും അറിയാം. അതുകൊണ്ട് തന്നെ എകെ ആന്റണിയേയും കെസി വേണുഗോപാലിനേയും കൈയിലെടുക്കാനും തന്ത്രങ്ങൾ പലരും ഒരുക്കുന്നുണ്ട്.

എ ഗ്രൂപ്പിലെ പ്രധാനിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് ജയം ഉറപ്പിച്ച സ്ഥാനാർത്ഥിയാണ്. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ തിരുവഞ്ചൂർ മന്ത്രിയാകുമെന്ന് 90 ശതമാനം ഉറപ്പാണ്. തൃപ്പുണ്ണിത്തുറയിലെ കടുത്ത മത്സരത്തെ അതിജീവിച്ചാലും പാർട്ടി അധികാരം പിടിച്ചാൽ കെ ബാബുവിന് മുന്നിൽ തടസ്സം ഏറെയാണ്. ബാർ കോഴ അഴിമതിയിലെ പഴയ ഭൂതം ഇപ്പോഴും ബാബുവിന് വില്ലനായി മാറുന്നു. വി എസ് ശിവകുമാറിന് ഐ ഗ്രൂപ്പ് ലേബലിൽ മന്ത്രിയാകാനും പ്രതിസന്ധി ഏറെയുണ്ട്. എൻ എസ് എസ് വീണ്ടും ശിവകുമാറിനെ പിന്തുണച്ചാൽ അതിനെ തള്ളിക്കളയാൻ ചെന്നിത്തലയ്ക്കാകില്ല. വണ്ടൂരിൽ ജനവധി തേടുന്ന അനിൽകുമാറിനും പഴയ സോളാർ കേസ് മന്ത്രിസ്ഥാന ലബ്ദിക്ക് തടസ്സമാണ്.

ഷാഫി പറമ്പിൽ, ശബരിനാഥ് തുടങ്ങിയ യൂത്ത് കോൺഗ്രസ് നേതാക്കളും മന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്. വിഡി സതീശനും കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മന്ത്രിയാകും. നേമത്ത് കെ മുരളീധരൻ ജയിക്കുമെന്ന് ഇപ്പോഴും കരുതുന്നവരുണ്ട്. അങ്ങനെ വന്നാൽ അധികാരത്തിൽ കോൺഗ്രസ് എത്തിയാൽ താക്കോൽ സ്ഥാനം മുരളീധരനാകും. തിരുവനന്തപുരത്ത് നിന്ന് ആരെല്ലാം മന്ത്രിയാകണമെന്നതും നിശ്ചയിക്കുക മുരളീധരന്റെ വിജയമാകും. പല ഘടങ്ങൾ പരിഗണിച്ചാകും മന്ത്രിമാരെ നിശ്ചയിക്കുകയെന്ന് സ്ഥാന മോഹികളെ നേതൃത്വവും അറിയിച്ചിട്ടുണ്ട്.

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് ഗ്രൂപ്പ് പരിഗണനയിൽ മന്ത്രിമാരെ തീരുമാനിക്കുന്നതിനെ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർക്കാനും സാധ്യതയുണ്ട്.