- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർഗ്ഗരേഖയ്ക്ക് പിന്നിൽ ഇനിയൊരു ടേമില്ലെന്ന തിരിച്ചറിവിൽ പിണറായി ഉഴപ്പുമോ എന്ന ആശങ്ക; കേരളത്തിൽ ഹാട്രിക് അടിക്കാൻ പ്രകടന പത്രിക മാത്രം മതിയെന്ന തിരിച്ചറിവിൽ സിപിഎം; സ്വപ്‌നാ സുരേഷിനെ പോലുള്ളവരെ അധികാര കേന്ദ്രത്തിൽ നിന്ന് അകറ്റാനും കരുതൽ; മാർഗ്ഗരേഖയുമായി ഇടപെടൽ
തിരുവനന്തപുരം: രാജ്യത്തെ ഏക കമ്യൂണിസ്റ്റ് സർക്കാരാണ് കേരളത്തിലേത്. അതുകൊണ്ട് തന്നെ അഞ്ചു കൊല്ലം കഴിഞ്ഞും ഭരണം തുടരേണ്ടതുമുണ്ട്. അല്ലെങ്കിൽ പാർട്ടിക്ക് അസ്ഥിത്വം ഇല്ലാതാകും. അതിനാൽ കേരളത്തിലെ ഭരണത്തിൽ കൂടുതൽ ഇടപെടലിന് പാർട്ടി തയ്യാറെടുക്കുകയാണ്.
സിപിഎം രീതി അനുസരിച്ച് ഇനിയൊരു ടേമിൽ കൂടി മുഖ്യമന്ത്രിയാകാൻ പിണറായി വിജയന് ഏറെ തടസ്സമുണ്ട്. ഒഴിയുമെന്ന് പിണറായിയും പരോക്ഷമായി സൂചന നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഭരണത്തിൽ മുഖ്യമന്ത്രി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന സംശയം സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇടപെടൽ.
തുടർഭരണം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ സർക്കാരിനു സിപിഎമ്മിന്റെ മാർഗരേഖ ഇനിയുണ്ടാകും. മന്ത്രിമാരും പഴ്‌സനൽ സ്റ്റാഫും പാലിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മാർഗരേഖ സിപിഎം സംസ്ഥാനകമ്മിറ്റി തയാറാക്കി. ഇത് അനുസരിച്ച് ഓരോ മന്ത്രിയും പ്രവർത്തിക്കണം. പാർട്ടിയോട് കൂടതൽ ആഭിമുഖ്യവും പുലർത്തണം. ആരേയും പാർട്ടിക്ക് മുകളിൽ വളരാനും വിടില്ല.
ഒന്നാം പിണറായി സർക്കാരിന്റെ അനുഭവങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട ഭരണം കാഴ്ചവയ്‌ക്കേണ്ടതിന്റ ആവശ്യകതയാണ് മാർഗ്ഗ രേഖ മുമ്പോട്ട് വയ്ക്കുന്നത്. സർക്കാരും പാർട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ വേണമെന്നും മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അധികാരകേന്ദ്രമായി മാറരുത്. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചാണ് ഈ മാർഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്.
പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പാക്കാൻ ഓരോ വകുപ്പും ബദ്ധശ്രദ്ധമായിരിക്കണം. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രകടനപത്രിക കണക്കിലെടുക്കണം. പാർട്ടിയുടെ നയപ്രഖ്യാപന രേഖയാണ് പ്രകടന പത്രിക. അതിൽ നിന്ന് വ്യതിചലിക്കരുതെന്നാണ് നിർദ്ദേശം. അതായത് പാർട്ടി നയത്തിന് വിരുദ്ധമായൊന്നും സംഭവിക്കരുതെന്ന മുന്നറിയിപ്പ്. പ്രകടന പത്രിക മാത്രം അടിസ്ഥാനമാക്കി പ്രവർത്തിച്ചാൽ കേരളത്തിൽ ഹാട്രിക് ഉറപ്പാണെന്ന് സിപിഎം വിശ്വസിക്കുന്നു.
മന്ത്രിമാരുടെ ഓഫിസ് തികഞ്ഞ അച്ചടക്കത്തോടെ പ്രവർത്തിക്കണം. അവിഹിതമായ ഒന്നും അവിടെ സംഭവിക്കരുത്. പാരിതോഷികങ്ങളോ ഉപഹാരങ്ങളോ സ്വീകരിക്കരുത്. പഴ്‌സനൽ സ്റ്റാഫ് അഴിമതിക്കു വിധേയമാകരുത്. ഇവരിൽ കൃത്യമായ നിരീക്ഷണം ഉണ്ടാകണം. മന്ത്രിമാർ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം-ഇങ്ങനെ പോകുന്നു നിർദ്ദേശങ്ങൾ. സ്വപ്‌നാ സുരേഷുമായി ബന്ധപ്പെട്ട വിവാദത്തിന് സമാനമായത് ഇനി സംഭവിക്കില്ലെന്ന് ഉറപ്പിക്കും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സഹകരണ മേഖലയിൽ കൂടുതൽ പിടി മുറുക്കാനുള്ള നിർദേശങ്ങളും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച മാർഗനിർദ്ദേശം തയാറാക്കിയിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തു. കമ്മിറ്റി ഇന്നു സമാപിക്കും.
അതിനിടെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശബ്ദിക്കണമെന്നു സിപിഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളുടെ നഗ്‌നമായ പ്രദർശനമാണ് വർഷകാല സമ്മേളനത്തിൽ കണ്ടത്.
പ്രതിപക്ഷം ഉയർത്തുന്ന വിമർശനം ശരി വയ്ക്കുന്നതാണ് ചീഫ് ജസ്റ്റിസിന്റെ കഴിഞ്ഞ ദിവസത്തെ പരസ്യ പരാമർശമെന്നും സിപിഎം ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ