- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓക്സ്ഫോർഡിനെയും ബ്രിസ്റ്റോളിനെയും ഒരേ കണ്ണിൽ കാണുന്ന കേരള സർക്കാർ; വിദേശ പഠന സ്‌കോളർഷിപ്പിന് ഉമ്മൻ ചാണ്ടി സർക്കാർ നിശ്ചയിച്ച 200 യൂണിവേഴ്സിറ്റികളെ 600 ആക്കി മാറ്റി നിലവാര തകർച്ചയ്ക്ക് അംഗീകാരം നൽകുന്ന മാജിക്കുമായി പിണറായി സർക്കാർ; ഉപദേശക വൃന്ദത്തിന്റെ അട്ടിമറികൾ വീണ്ടും സർക്കാരിനെ നാണം കെടുത്തുമ്പോൾ
ലണ്ടൻ: കേരളത്തിൽ നിന്നും ഓരോ വർഷവും അനേകായിരം വിദ്യാർത്ഥികളാണ് യുകെയിൽ അടക്കമുള്ള വിദേശ സർവകലാശാലകൾ തേടിയെത്തുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കിൽ യുകെയിലേക്കു മാത്രം ഇന്ത്യൻ വിദ്യാർത്ഥികൾ പഠന ചെലവിനായി നൽകിയത് 28.8 ബില്യൺ പൗണ്ട് ആണെന്ന വെളിപ്പെടുത്തൽ പുറത്തു വരുമ്പോൾ അതിൽ ഒട്ടും മോശം അല്ലാത്ത തുകയും മലയാളിയുടേതാണ്. ഓരോ വർഷവും വിദേശ പഠനത്തിന് ഉള്ള വിദ്യാർത്ഥികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ഏഴു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ പിന്നോക്ക വിഭാഗ വിദ്യാർത്ഥികൾക്കായി രൂപം നൽകിയ സ്‌കോളർഷിപ്പ് പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തന്നെ വിദഗ്ധമായി അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ഇതോടെ മികച്ച സർവകലാശാലകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ പഠിക്കുക എന്ന മോഹം സാക്ഷാൽക്കരിക്കാൻ മറ്റു വഴികൾ തേടേണ്ട ദുരവസ്ഥയാണ്. ഇത്തരം പരിതാപകരമായ അവസ്ഥയിൽ എത്തിയ യൂണിവേഴ്‌സിറ്റി ഓഫ് സസ്‌കസ് ആന്ത്രോപ്പോളജി വിഭാഗം വിദ്യാർത്ഥിനി ഹഫീഷ ഇക്കാര്യം പൊതു സമൂഹത്തിനോട് വിളിച്ചു പറയുമ്പോൾ മാത്രമാണ് സ്‌കോളർഷിപ്പിന്റെ പേരിൽ നടന്ന ആസൂത്രിത അട്ടിമറി പുറത്തറിയുന്നത്.
മികവ് കാട്ടുന്ന വിദ്യാർത്ഥികൾക്ക് സഹായമില്ല
മികച്ച വിദ്യാർത്ഥികളിൽ ഇഷ്ടക്കാർ കുറവായിരിക്കും എന്ന സത്യം മൂലം സ്‌കോളർഷിപ്പിന് അർഹരായവരെ കണ്ടെത്താനുള്ള അടിസ്ഥാന യോഗ്യതയിൽ വെള്ളം ചേർത്താണ് ഇപ്പോൾ കേരള സർക്കാർ മികവ് കാട്ടുന്ന വിദ്യാർത്ഥികളോട് ചിറ്റമ്മ നയം കാട്ടുന്നത്. സ്‌കോളർഷിപ്പിന് ഉള്ള യോഗ്യത നേടാൻ ലോകത്തെ മികച്ച 200 യൂണിവേഴ്‌സിറ്റികൾ എന്ന പട്ടിക 600ലേക്ക് വലിച്ചു നീട്ടിയപ്പോൾ മികവ് എന്ന ലക്ഷ്യം കൂടിയാണ് അട്ടിമറിക്കപ്പെട്ടത്.
അതായതു കേരള സർക്കാരിന്റെ മുന്നിൽ ഇപ്പോൾ യുകെയിലെ ഒന്നാം നമ്പർ യൂണിവേഴ്‌സിറ്റികളായ കേംബ്രിഡ്ജിനും ഓക്സ്ഫോർഡിനും ഇംപീരിയൽ കോളേജിനും ഒക്കെ റാങ്കിൽ ഏറെ പിന്നിൽ ഉള്ള കീൽ, ബ്രിസ്റ്റോൾ, ബിർമിങ്ഹാം യൂണിവേഴ്സിറ്റികൾക്കു ഒപ്പം പരിഗണന. ഒരു പക്ഷെ എല്ലാം യുകെ യൂണിവേഴ്‌സിറ്റികൾ അല്ലേയെന്ന ചോദ്യമാകും കേരള സർക്കാരിന്റെ ഉപദേശകർക്കുള്ളത്.
എന്നാൽ യുകെയിൽ പഠിക്കാൻ അവസരം കിട്ടിയ ഏതെങ്കിലും ഒരു വിദ്യാർത്ഥിയോട് ഇക്കാര്യം തിരക്കിയെങ്കിൽ യൂണിവേഴ്‌സിറ്റി റാങ്കിങ്ങിന്റെ വിശദാംശങ്ങൾ വ്യക്തമായി കേരള സർക്കാരിന് പിടികിട്ടുമായിരുന്നു. മാത്രമല്ല മികച്ച പല യൂണിവേഴ്സിറ്റികളും ഇപ്പോൾ കേരളത്തിന്റെ പട്ടികയിൽ ഇല്ലെങ്കിലും ഒരു യോഗ്യതയും പറയാൻ ഇല്ലാത്ത അനേകം യൂണിവേഴ്‌സിറ്റികൾ കടന്നു കൂടിയിട്ടുമുണ്ട്.
കഴിഞ്ഞ ഏതാനും വർഷമായി പിന്നോക്ക വികസന വകുപ്പിന്റെ ഓവർസീസ് സ്‌കോളർഷിപ്പ് നേടിയവരുടെ കണക്കെടുത്താൽ മികച്ച യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നവരാണോ മോശം യൂണിവേഴ്‌സിറ്റിയിൽ എത്തിയവരാണോ സർക്കാർ സഹായം കരസ്ഥമാക്കിയത് എന്ന് വ്യക്തമാകും. സർക്കാരിന്റെ ദീർഘവീക്ഷണം ഇല്ലാത്ത നയം മൂലം അർഹതയുള്ള പ്രതിഭകളാണ് തുടർച്ചയായി തഴയപ്പെട്ടിരിക്കുന്നത്.
സർക്കാരിന്റെ കയ്യിൽ ഉള്ളത് രണ്ടു കോടി രൂപ, നൽകുന്നത് പാതി മാത്രം
പലപ്പോഴും കയ്യിൽ ഉള്ളതിന്റെ പാതി പോലും നൽകാൻ സർക്കാർ ഈ സ്‌കോളർഷിപ്പിലൂടെ തയ്യാറാകുന്നില്ല എന്നാണ് പിന്നോക്ക വികസന വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ മനസിലാകുന്നത്. ചുരുങ്ങിയത് 20 വിദ്യാർത്ഥികൾക്കായി 200 ലക്ഷം രൂപ കയ്യിൽ ഉള്ള സർക്കാർ പലപ്പോഴും നൂറു ലക്ഷം മാത്രം നൽകി കൈകഴുകുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സർക്കാരിന്റെ പണമല്ലേ ഇതിനൊക്കെ കണക്കുണ്ട് എന്ന ഭാവത്തിൽ ഏതാനും പേരടങ്ങിയ ഒരു സംവിധാനത്തിലൂടെ കടന്നു പോകുന്നത് വഴിയാണ് അനേകായിരം പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കാൻ വരുമ്പോഴും സർക്കാർ സഹായം സ്വീകരിക്കാൻ ആളില്ലാതെ പോകുന്നത്.
നിലവിൽ സർക്കാരിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാൻ ആയും പിന്നോക്ക വികസന വകുപ്പിൽ നിന്നും ഒരാൾ ഡയറക്ടർ ആയും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി ആയി അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ആളുടെ കൂടി സാന്നിധ്യത്തിൽ മാത്രമേ സ്‌കോളർഷിപ്പിനുള്ള അപേക്ഷകരെ തിരഞ്ഞെടുക്കാവൂ എന്നാണ് ചട്ടം. അർഹതയുള്ള കുട്ടികൾ കണ്ണീരും കിനാവുമായി കാത്തിരിക്കുകയാണ് എന്ന കാര്യം തീരുമാനം എടുക്കാൻ നിയോഗിക്കപ്പെട്ട ഇവർക്കും അറിയാമെങ്കിലും അടുത്തകാലത്തൊന്നും മുഴുവൻ തുകയും നൽകിയിട്ടില്ല.
വരുമാനം മാത്രം മാനദണ്ഡം ആകുമ്പോൾ മികച്ചവർ പിന്നിലാകുന്നു
ലോകത്തെ വിവിധ ഇടങ്ങളിലെ മികച്ച വിദ്യാര്ഥികളുമായി മത്സരിച്ചു മുന്നേറി സീറ്റു നേടുന്ന യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർത്ഥിയെയും അപേക്ഷിച്ചാൽ ഉടനെ സീറ്റ് ലഭിക്കുന്ന യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയെയും ഒരേ കണ്ണിൽ കാണുന്ന സോഷ്യലിസമാണ് ഇപ്പോൾ ഹഫീസയെ പോലുള്ള വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത്.
മാനദണ്ഡത്തിൽ വരുമാനം മാത്രം പരിഗണിക്കുന്ന കേരള സർക്കാർ മികവ് കാട്ടാൻ ഓരോ വിദ്യാർത്ഥിയും നടത്തുന്ന അധ്വാനത്തിനും അവരുടെ പ്രതിഭയ്ക്കും ഒരു വിലയും നൽകാൻ തയ്യാറല്ലേ എന്ന ചോദ്യത്തോടും സർക്കാർ ഉത്തരവ് ഇങ്ങനെയാണ് എന്ന് മാത്രമാണ് മറുപടിയായി മുഴങ്ങുന്നത്. ഒരു നോട്ടിഫിക്കേഷൻ വഴി ഈ അപാകത പരിഹരിക്കാമല്ലോ എന്ന് ചോദിക്കുമ്പോഴും അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞു കൈകഴുകുകയാണ് പിന്നോക്ക വികസന വകുപ്പ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ.
ഒരു പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞു കൈകഴുകാൻ കേരള സർക്കാരിന് കഴിഞ്ഞേക്കാം. എന്നാൽ ഓരോ വർഷവും വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഒരിക്കലും കേരള സർക്കാരിന്റെ മുന്നിൽ എത്തുന്നില്ല എന്നതാണ് സത്യം. സ്വന്തം പണം മുടക്കി എത്തുന്ന വിദ്യാർത്ഥിക്ക് പോലും ബാങ്കിൽ നിന്നും ഒരു സ്റ്റേറ്റ്മെന്റ് ലഭിക്കാൻ പോലും മാനേജർമാരുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഗതികേടാണ് അനുഭവിക്കേണ്ടി വരുന്നത്.
വിദേശത്തു പോയി പഠിക്കുക എന്നത് തലയിൽ വെളിവ് ഉള്ളവർക്ക് കിട്ടുന്ന സൗഭാഗ്യം ആണെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ കാട്ടുന്ന കുശുമ്പിനും കുത്തിത്തിരിപ്പിനും ഇരയായവരാണ് ബിനേഷ് ബാലനെ പോലുള്ള മിടുക്കരായ അനേകം വിദ്യാർത്ഥികൾ. എന്നാൽ ഇതിലൊന്നും തങ്ങൾക്കു ഒന്നും ചെയ്യാനില്ല എന്ന തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കേരള സർക്കാരിനുള്ളത്.
സർക്കാരിന്റെ നോക്കുകുത്തി നയം ഏജൻസികൾ വളമാക്കുന്നു
ലക്ഷക്കണക്കിന് രൂപ അങ്ങോട്ടു നൽകുന്ന അനേകം ബ്രിട്ടീഷ് സ്‌കോളർഷിപ്പുകൾ കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ അവസരം ഉണ്ടെങ്കിലും ഇതേക്കുറിച്ചൊന്നും അവബോധം നൽകാനോ വേണ്ട സഹായം നൽകാനോ ഉന്നത വിദ്യാഭ്യാസ വകുപ്പിന് നേരവുമില്ല. വേണ്ടവർ എല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ കണ്ടുപിടിച്ചു വേണ്ടത് ചെയ്തോളണം. ഈ സമീപനമാണ് മറ്റു പല കാര്യത്തിലും എന്ന പോലെ വിദേശ പഠന രംഗത്തും കേരള സർക്കാരിന്റെ നിലപാട്. കഴിഞ്ഞ ഏതാനും വർഷമായി കേരളത്തിൽ നിന്നും നേഴ്‌സിങ് മുതൽ ഗവേഷണം വരെ പല തട്ടിലായി വിദ്യാർത്ഥികൾ എത്തിക്കൊണ്ടിരിക്കുകയാണ്.
ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും ഉള്ള പ്രമുഖരുടെ മക്കൾ സ്‌കൂൾ തലം മുതൽ പഠനം യുകെയിലേക്കു പറിച്ചു നടുന്ന ട്രെന്റും സജീവമാകുകയാണ്. ഐ എ എസ് / ഐ പി എസ് തുടങ്ങി സർക്കാരിൽ ഉന്നത പദവിയിൽ ഉള്ള അനേകരുടെ മക്കളാണ് ഓരോ വർഷവും യുകെ പഠനത്തിനായി എത്തി മടങ്ങുന്നത്. സുരേഷ് ഗോപി എംപിയുടെ മകൻ പ്ലസ് ടു പഠനത്തിന് തുല്യമായ എ ലെവൽ പഠനത്തിനും നന്തിലത്ത് ഗ്രൂപ്പ് സാരഥി ഗോപു നന്തിലത്തിന്റെ മകൻ കോളേജ് പഠനത്തിനും തിരഞ്ഞെടുത്തത് യുകെ തന്നെയാണ്.
ഇത്തരത്തിൽ അനേകായിരം പേരാണ് യുകെയിൽ വന്നു പോകുന്നത്. ഇവരെ ഒക്കെ സഹായിക്കാനോ മാർഗ നിർദ്ദേശം നൽകാനോ നിലവിൽ സ്വകാര്യ ഏജൻസികൾ മാത്രമാണ് രംഗത്തുള്ളത്. ഒരു പക്ഷെ സ്വകാര്യ ഏജൻസികൾക്ക് പണം പിടുങ്ങാൻ വേണ്ടി സർക്കാർ മൗനം പാലിച്ചു നിൽക്കുന്നതാണോ എന്നുപോലും സംശയിക്കേണ്ടി വരും തുടർച്ചയായ നിസ്സംഗത കാണുമ്പോൾ.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.