തിരുവനന്തപുരം: സഖാക്കൾക്ക് വയസ്സുകാലത്ത് താങ്ങും തണലുമായി ഇനി സിപിഎം ഉണ്ടാകും. സ്വന്തമായി വരുമാനമോ ഉപജീവനമാർഗമോ ഇല്ലാത്ത, 75 വയസ്സ് പിന്നിട്ട നേതാക്കൾക്കു മാസം തോറും നിശ്ചിത തുകയും ചികിത്സാ സഹായവും നൽകാൻ സിപിഎം തീരുമാനിച്ചു. ഇതിനായി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രത്യേക ഫണ്ടും അക്കൗണ്ടും ആരംഭിക്കാൻ സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു.

ഫലത്തിൽ റിട്ടയർമെന്റിന് സമാനമാണ് ഈ പദ്ധതി. 75 കഴിയുന്നവർ പെൻഷനും വാങ്ങി യുവതലമുറയ്ക്ക് വഴിമാറണം. ഇതോടെ 75 വയസ്സു കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി റിട്ടയർമെന്റ് നൽകുമോ എന്നതാണ് ഉയുന്ന ചോദ്യം. എസ് രാമചന്ദ്രൻ പിള്ളയും പിണറായി വിജയനും പോളിറ്റ് ബ്യൂറോയിലെ സീനിയർ അംഗങ്ങളാണ്. പിണറായിക്ക് 76 വയസ്സായി. എസ് ആർ പിക്ക് എൺപതും കഴിഞ്ഞു. ഇതിനിടെയാണ് താഴെ തട്ടിൽ 75 വയസ്സ് കർശനമാക്കാനുള്ള സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം.

ഈ പാർട്ടി കോൺഗ്രസിൽ പിണറായി പിബി അംഗത്വം ഒഴിയുമോ എന്ന ചർച്ചകളും ഈ പെൻഷൻ നൽകൽ ഉയർത്തുന്നുണ്ട്. സിപിഎമ്മിന്റെ വിവിധ ഘടകങ്ങളിൽ 75 വയസ്സു പ്രായപരിധി നടപ്പാക്കുന്നതിന്റെ ഭാഗമായിക്കൂടിയാണു പുതിയ തീരുമാനം. പ്രായപരിധിയുടെ കാര്യത്തിൽ യാന്ത്രികമായി തീരുമാനം എടുക്കരുതെന്നു കീഴ്ഘടകങ്ങളോടു നിർദ്ദേശിച്ചിട്ടുണ്ട്. കഴിവും കാര്യപ്രാപ്തിയുമുള്ളവരെ വിവിധ കമ്മിറ്റികളിൽ പ്രത്യേക ക്ഷണിതാക്കളാക്കണം. അതായത് വോട്ടവകാശമില്ലാത്ത പ്രതിനിധികൾ.

മുതിർന്നവർക്കുള്ള പെൻഷൻ ഉടൻ നൽകി തുടങ്ങും. പാർട്ടി സമ്മേളനങ്ങൾക്കു ശേഷം സഹായപദ്ധതി ആരംഭിക്കും. നിലവിൽ രക്തസാക്ഷി കുടുംബങ്ങൾക്കു വേണ്ടി സിപിഎം ഫണ്ട് സമാഹരിക്കാറുണ്ട്. സാമ്പത്തിക സാഹചര്യമനുസരിച്ച് അടുത്ത ബന്ധുക്കൾക്കു പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ജോലി നൽകുന്ന പതിവുമുണ്ട്. ഇതും സിപിഎം തുടരും. പാർട്ടിയിൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ ഉണ്ടാകരുതെന്ന വിലയിരുത്തലിലാണ് ഇത്.

ജില്ലാ സെക്രട്ടേറിയറ്റുകളിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്താനും തീരുമാനമായി. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗങ്ങളായ വനിതകൾ അതതു ജില്ലാ ഘടകത്തിലും സ്വാഭാവികമായി അംഗമാകുമെങ്കിലും തിരഞ്ഞെടുക്കപ്പെടുന്ന വനിതാ അംഗം ജില്ലാ സെക്രട്ടേറിയറ്റുകളിൽ ഇല്ല. ജില്ലാ കമ്മിറ്റിയിൽ കുറഞ്ഞത് 5 വനിതാ അംഗങ്ങളെ ഉൾപ്പെടുത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതും സ്ത്രീ ശാക്തീകരണത്തിന് പുതിയ മാനം നൽകും.

ഇങ്ങനെ ജില്ലാ കമ്മറ്റിയിലും മറ്റും യുവതികളേയും യുവാക്കളേയും ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രായപരിധിയിൽ 75 വയസ്സെന്ന നിബന്ധന കർശനമാക്കുന്നത്. ഇത് മേൽ ഘടകത്തിലും സംഭവിച്ചാൽ പിണറായി വിജയൻ അടക്കമുള്ളവർക്കും സംഘടനാ ചുമതലകൾ ഇല്ലാതാകുമെന്നതാണ് വസ്തുത.