തിരുവനന്തപുരം: വിവാദങ്ങളിൽ പെടുന്ന കാര്യത്തിൽ രണ്ടാം പിണറായി സർക്കാർ ആദ്യ സർക്കാരിനെ പിന്തുള്ളുകയാണോ? മുല്ലപ്പെരിയാർ മരംമുറി വിവാദവും സർക്കാർ പിന്മാറ്റവും ഇതിന്റെ ഏറ്റവും പുതിയ തെളിവും. എല്ലാ ഉത്തരവും പിൻവലിച്ച് തടിയൂരുകയാണ് സർക്കാർ. ദത്ത് വിഷയത്തിൽ പേരൂർക്കടയിലെ അമ്മ അനുപമ ഉയർത്തുന്ന ചർച്ചകളും സർക്കാരിന് നാണക്കേടാണ്.

കെഎസ്ആർടിസി സ്റ്റാൻഡുകളിൽ മദ്യക്കടകൾ തുടങ്ങാനുള്ള തീരുമാനവും സംഘടിത കുറ്റകൃത്യ നിരോധന നിയമം നടപ്പാക്കാനുള്ള തീരുമാനവും ഇമൊബിലിറ്റി പദ്ധതിയും വൈദ്യുതി ബോർഡിലെ ജീവനക്കാർക്ക് യൂണിഫോം നൽകാനുള്ള പദ്ധതിയും വാർത്തയും വിവാദവുമായതിനെത്തുടർന്നു സർക്കാർ പിൻവലിച്ചു. മുല്ലപ്പെരിയാറിൽ പറ്റിയത് നയപരമായ വീഴ്ചയാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തി മാസങ്ങൾക്കുള്ളിൽ നിരവധി വിവാദങ്ങളാണ് സർക്കാരിനെ പിടിച്ചുലച്ചത്. പ്രതിപക്ഷത്തിന്റെ ആർജ്ജവ കുറവിൽ പലതും ചർച്ചയായില്ല.

എകെ ശശീന്ദ്രൻ വനം മന്ത്രിയാണ്. സിപിഐയിൽ നിന്നും പിടിച്ചെടുത്ത് വനംവകുപ്പ് എൻസിപിക്ക് നൽകുകയായിരുന്നു സർക്കാർ. ഫോൺ വിളിയിൽ ആദ്യം കുടുങ്ങിയ ശശീന്ദ്രൻ പിന്നീട് മുട്ടിൽ മരം മുറിയിൽ ഒന്നും അറിയാത്ത മന്ത്രിയായി. ഇതു തന്നെയാണ് മുല്ലപ്പെരിയാറിലും സംഭവിച്ചത്. ഇതോടെ രണ്ടാം പിണറായി സർ്ക്കാരിലും ഏറ്റവും പ്രതിസന്ധി നേരിട്ട മന്ത്രിയായി ശശീന്ദ്രൻ മാറുകയാണ്. ആദ്യ സർക്കാരിൽ ഗതാഗത വകുപ്പായിരുന്നു നോക്കിയത്. അന്ന് പൂച്ചക്കുട്ടി വിവാദം അടക്കം സംഭവിച്ചു.

മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രതികരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മോൻസൺ മാവുങ്കൽ വിവാദത്തിലും മൗനത്തിലാണ്. പൊലീസ് പോലും ഈ വിഷയത്തിൽ പ്രതിക്കൂട്ടിലായി. മുട്ടിൽ മരം മറുയിലും മറ്റും അന്വേഷണത്തെ അട്ടിമറിച്ച് മുമ്പോട്ട് പോയ സർക്കാരിന് ഇരുട്ടടിയായി മുല്ലപ്പെരിയാറിലെ വനം വകുപ്പിന്റെ വിവാദ ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി അറിയിച്ചപ്പോഴാണ് വിവാദ ഉത്തരവ് പിണറായി പോലും അറിഞ്ഞത്. നന്ദി ഇല്ലായിരുന്നുവെങ്കിൽ തമിഴ്‌നാട് മരവും മുറിക്കുമായിരുന്നു. പൊതുമരാമത്ത് വകുപ്പ് മാത്രമാണ് അനുകൂല വാർത്തകളുമായി രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മുമ്പോട്ട് പോകുന്നത്.

ഗതാഗത വകുപ്പിനെ വെട്ടിലാക്കി കോഴിക്കോട്ടെ കെ എസ് ആർ ടി സി ടവർ നിർമ്മാണവും എത്തി. ഇതിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പേരും ചർച്ചയായി. കോവിഡിലെ പ്രതിരോധം പാളുന്നതും രണ്ടാം പിണറായി സർക്കാരിൽ കണ്ടു. മരണ നിരക്കിൽ മാറ്റം വന്നു. ഇന്ത്യയിലെ പ്രതിദിന രോഗികളിൽ പകുതിയും കേരളത്തിലാണ്. വാക്‌സിൻ എടുക്കാൻ മടിക്കുന്ന അധ്യപാകരും സർക്കാരിന് നാണക്കേടും തലവേദനയുമായി.

മുൻ സർക്കാരിന്റെ കാലത്ത് ബന്ധുനിയമനം, സ്പ്രിൻക്ലർ ഇടപാട്, പമ്പ മണൽക്കടത്ത്, ബ്രൂവറി തുടങ്ങൽ, സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാനം, സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ് കരാർ, അധിക വൈദ്യുതി ബിൽതുക ഈടാക്കൽ, പൊലീസിന്റെ സിംസ് പദ്ധതി കരാർ, പൊലീസ് നിയമഭേദഗതി ഓർഡിനൻസ് എന്നിവ വിവാദമായതോടെ സർക്കാരിനു പിന്മാറേണ്ടി വന്നു. വീഴ്ചയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ചായിരുന്നു പിന്മാറ്റം.