- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊവിഡും പ്രളയവും കൊണ്ടു പാപ്പരായ സംസ്ഥാന സർക്കാരിന് പദ്ധതിയുടെ 28ശതമാനം ചെലവു താങ്ങാൻ കഴിയുമോ? സിൽവർ ലൈൻ പദ്ധതിയിൽ സിപിഎമ്മിന് തലവേദനയായി യുവകലാസാഹിതി; പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയെ ചൊല്ലി ഇടതുമുന്നണിയിലും ഭിന്നത
കണ്ണൂർ: സംസ്ഥാനത്ത് കെ റെയിൽ -സിൽവർ ലൈൻപദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഇടതുമുന്നണിയിലും അഭിപ്രായഭിന്നത. പാർട്ടി വിലക്ക് മറികടന്നുകൊണ്ടു സി.പി. ഐയുടെ സാംസ്‌കാരിക സംഘടനയായ യുവാകലാസാഹിതിയും സി.പി. എം നിയന്ത്രിത സംഘടനയായ ശാസ്ത്രസാഹിത്യപരിഷത്തിലെ ഒരുവിഭാഗമാളുകളും പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.
പദ്ധതി ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞതാണെന്ന തൊടുന്യായം സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നുണ്ടെങ്കിലും എ. ഐ. വൈ. എഫിലെയും സി.പി. ഐയിലും ഒരു വിഭാഗം നേതാക്കൾ പദ്ധതി കേരളത്തിന് വിനാശകരമാണെന്ന അഭിപ്രായക്കാരാണ്. ജനസാന്ദ്രതയേറിയ കേരളത്തിൽ പദ്ധതിക്കായി ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കുന്നതും തുടർ പ്രളയങ്ങളുടെ സാഹചര്യത്തിൽ പരിസ്ഥിതിക്ക് വിനാശകരമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ഇടതു മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഇവർ പറയുന്നത്.
പദ്ധതിയുമായി മുൻപോട്ടുപോകുന്ന പിണറായി സർക്കാരിനെതിരെ പരിഷത്തിലെ ഒരു വിഭാഗം നേതാക്കളും ശക്തമായ എതിർപ്പുയർത്തുന്നുണ്ട്. ഇതോടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു പ്രത്യക്ഷത്തിൽ പ്രക്ഷോഭമാരംഭിക്കണമെന്ന അഭിപ്രായക്കാർ പരിഷത്തിൽ വർധിച്ചിട്ടുണ്ട്. പാർട്ടി മെഷിനറി ഉപയോഗിച്ചു സി.പി. എമ്മിന് തളയ്ക്കാൻ കഴിയാത്ത ലിബറൽ ചിന്താഗതിക്കാരായ ബുദ്ധിജീവികളാണ് ഇതിനു നേതൃത്വം നൽകുന്നതെന്ന കാര്യമാണ് സി.പി. എമ്മിന് തലവേദനയാകുന്നത്. ഇവരെ പരിഷത്തിന്റെ ആശയരൂപീകരണ നേതൃതലത്തിൽ നിന്നും ഒഴിവാക്കാനാണ് പാർട്ടി ഒരുങ്ങുന്നത്.
ഇതിനായി പരിഷത്തിലെ പാർട്ടി അംഗങ്ങളുടെയും സഹയാത്രികരുടെയും അടിയന്തിര ഫ്രാക്ഷൻ സംസ്ഥാന നേതൃത്വം ഉടൻ വിളിച്ചു ചേർക്കും. എന്നാൽ മന്ത്രിസഭയിലെ രണ്ടാമത്തെ പാർട്ടിയായ സി.പി. ഐയിൽ സിൽവർ ലൈനിനെ ചൊല്ലിയുള്ള ആശയഭിന്നത മൂർച്ഛിച്ചിരിക്കുകയാണ്. ഈ അതിവേഗ റെയിൽവേ പദ്ധതി ആർക്കുവേണ്ടിയെന്ന തലക്കെട്ടിൽ യുവകലാസാഹിതി പ്രസിദ്ധീകരിച്ച ലഘുലേഖ ഇപ്പോൾ ചൂടേറിയ ചർച്ചയായിട്ടുണ്ട്.യുവകലാസാഹിതി സംസ്ഥാന നേതൃത്വമാണ് സിൽവർ ലൈനിന്റെ പ്രത്യാഘാതങ്ങളെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടു ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.
ഉയർന്ന ക്ലാസിൽ മാത്രം യാത്ര ചെയ്യുന്നവർക്കായി ഒരുലക്ഷം രൂപ മുടക്കി ഇടതു സർക്കാർ അതിവേഗ റെയിൽവേ പാത നിർമ്മിക്കുന്നത് ആർക്കു വേണ്ടിയാണെന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്. ഇതു സാധാരണക്കാർക്ക് ഉപയോഗ്യമായ യാത്രാസംവിധാനമല്ലെന്നാണ് ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നത്. വെറും 675 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന സിൽവർ ലൈൻ ട്രെയിനിൽ യാത്രചെയ്യണമെങ്കിൽ തേർഡ് എ.സി നിരക്കു നൽകണം. സാധാരണക്കാർക്കു ഈ പദ്ധതികൊണ്ടു യാതൊരു കാര്യവും ഇതുകൊണ്ടു ഉണ്ടാകാൻ സാധ്യതയില്ലെന്നു യുവകലാസാഹിതി പുറത്തിറക്കിയ ലഘുലേഖയിൽ ചൂണ്ടിക്കാട്ടുന്നു.
കൊവിഡും പ്രളയവും കൊണ്ടു പാപ്പരായ സംസ്ഥാന സർക്കാരിന് പദ്ധതിയുടെ 28ശതമാനം ചെലവു താങ്ങാൻ കഴിയുമോയെന്ന കാര്യം ആലോചിക്കണമെന്നും യുവകലാസാഹിതിയുടെ ലഘുലേഖയിൽ ചോദിക്കുന്നുണ്ട്. നിലവിലുള്ള റെയിൽവേ സംവിധാനത്തെ ശകതിപ്പെടുത്തിയാൽ യാത്രാദുരിതം പരിഹരിക്കാനാവും.ഇതിനായി തെക്കുവടക്ക് റെയിൽവേ പാത ഇരട്ടിപ്പിക്കുകയും കേരളത്തിലെയും കർണാടകയിലെയും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൂടുതൽ വിമാനസർവീസുകൾ ആരംഭിക്കുകയും ചെയ്യണമെന്നും യുവകലാസാഹിതി ആവശ്യപ്പെട്ടു. എന്നാൽ സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യുവകലാസാഹിതിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നാണ് സൂചന.
ഇടതുമുന്നണി പ്രകടന പത്രികയിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴുള്ള എതിർപ്പുകൾ ഗൗരവകരമായി കാണേണ്ടതില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കാനത്തിന്റെ നിലപാടിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. വരും നാളുകളിൽ ഇതു സി.പി. ഐക്കുള്ളിൽ പൊട്ടിത്തെറിക്കു വഴിയൊരുക്കുമെന്നാണ് സൂചന.
പയ്യന്നൂരിൽ കെ-റെയിലിനെതിരേ സമരപ്രഖ്യാപനം
കാര്യമായ പഠനം നടത്താതെ നടപ്പാക്കാൻ പോകുന്ന കെ-റെയിൽ പദ്ധതി കേരളത്തിൽ കടക്കെണിയും പ്രകൃതിനാശവും ക്ഷണിച്ചുവരുത്തുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പ്രശാന്ത് ഭൂഷൺ പറഞ്ഞു. പയ്യന്നൂരിൽ കെ-റെയിൽ സിൽവർ ലൈൻ പ്രതിരോധസമിതി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രശാന്ത് ഭൂഷൺ.
ചാർധാം ഹൈവേ എന്ന പേരിൽ ഹിമാലയം പൊളിച്ച് റോഡ് നിർമ്മിക്കുന്ന ഉത്തരാഖണ്ഡിലെ ദുരന്തനിർമ്മാണത്തിന് സമമാണ് കെ-റെയിൽ പദ്ധതിയും. കാലാവസ്ഥാവ്യതിയാനം മൂലം പൊറുതിമുട്ടുന്ന കേരളത്തിന്റെ പ്രകൃതിയെ സാരമായി പദ്ധതി ബാധിക്കും. പദ്ധതി കേരളത്തെ കടക്കെണിയിലാക്കുകയാണ് ചെയ്യുക. പദ്ധതിയിൽനിന്നുള്ള വരുമാനംകൊണ്ട് ഇത് നികത്താനാവില്ല. നിലവിൽ കേരളത്തിലുള്ള ബ്രോഡ്ഗേജ് റെയിൽസംവിധാനം മെച്ചപ്പെടുത്താനും സ്പീഡ് വർധിപ്പിക്കാനും നിർദിഷ്ട കെ-റെയിലിന്റെ ചെലവിന്റെ 10 ശതമാനം മാത്രമേ വരൂ.
പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തെ തകർക്കുന്ന പദ്ധതിയെ ചെറുക്കേണ്ടത് അനിവാര്യമാണ്. അതിനാൽ, നിർദിഷ്ട കെ-റെയിൽ പദ്ധതിക്കെതിരേ ജനകീയ മുന്നേറ്റമുണ്ടാകണം. ഒട്ടേറെ ജനകീയസമരങ്ങളുടെ ചരിത്രഭൂമിയായ പയ്യന്നൂരിന് കെ-റെയിൽ പദ്ധതിക്കെതിരേ പുതുസമരചരിത്രം രചിക്കാനാകുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.
ഗാന്ധിപാർക്കിൽ കെ-റെയിൽ സിൽവർ ലൈൻ പ്രതിരോധസമിതി ചെയർമാൻ ടി.പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ-റെയിൽ വിരുദ്ധ സമരപ്രവർത്തക കിഴക്കേവീട്ടിൽ യശോദ പ്രശാന്ത് ഭൂഷണെ പൊന്നാടയണിയിച്ചു.
സമരസമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ, കെ.സി. ഉമേഷ് ബാബു, എ.പി. നാരായണൻ, കെ.ടി. സഹദുള്ള, ഡോ. ഡി. സുരേന്ദ്രനാഥ്, എസ്.എ. ഷുക്കൂർ ഹാജി, കെ. രാമചന്ദ്രൻ, അഡ്വ. ടി.വി. രാജേന്ദ്രൻ, അഡ്വ. വിനോദ് പയ്യട, കൺവീനർ വി.കെ. രവീന്ദ്രൻ, വിവിധ രാഷ്ടീയ-സാംസ്‌കാരിക പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
സമരത്തിന്റെ ഭാഗമായി 140 നിയമസഭാ സാമാജികർക്കും കത്തയക്കാൻ കൺവെൻഷൻ തീരുമാനിച്ചു. പയ്യന്നൂർ താലൂക്ക് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. പ്രക്ഷോഭം നയിക്കാൻ 50 അംഗ സമരസമിതി രൂപവത്കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ