- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ നേതാവിനെ രണ്ടാമനാക്കിയത് ചികിൽസ മുൻകൂട്ടി കണ്ട്; ശൈലജ ടീച്ചറിനെ മന്ത്രിസഭയ്ക്ക് പുറത്തിരുത്തിയത് രണ്ടാമനാക്കാനുള്ള ഭയം കാരണം; രാധാകൃഷ്ണനെ പഴയതു പോലെ വിശ്വാസം ഇല്ല; മയോ ക്ലീനിക്കിലും വിശ്രമിക്കില്ല! അമേരിക്കൻ ചികിൽസയിലും ഭരിക്കുന്ന മുഖ്യമന്ത്രിയാവാൻ പിണറായി
തിരുവനന്തപുരം: തുടർചികിൽസാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ അമേരിക്കയിലേക്ക് വീണ്ടും പോകുമെന്ന് 2021 സെപ്റ്റംബറിൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎം സമ്മേളനങ്ങൾ ചൂടു പിടിക്കും മുമ്പ് ചികിൽസ പൂർത്തിയാക്കി മടങ്ങിയെത്താനാണ് നീക്കം. നേരത്തെ അമേരിക്കയിൽ ചികിൽസ തേടിയ പിണറായിയോട് തുടർ പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലീനിക് നിർദ്ദേശിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഈ പരിശോധന നീണ്ടു. കോവിഡിൽ ഇളവുകൾ വരുമ്പോൾ തന്നെ അമേരിക്കയിൽ എത്തി പരിശോധനകൾ നടത്താനാണ് നീക്കമെന്നും വിശദീകരിച്ചു.
നിയമസഭാ സമ്മേളനം ഉടൻ ചേരും. അതിന് ശേഷം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന. അമേരിക്കയിലേക്ക് പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ആരെ ഏൽപ്പിക്കുമെന്നതാണ് നിർണ്ണായകം. കേന്ദ്ര കമ്മറ്റി അംഗമായ എംവി ഗോവിന്ദനാണ് മന്ത്രിസഭയിൽ പാർട്ടിയിലെ സീനിയർ. എന്നാൽ മറ്റൊരു കേന്ദ്ര കമ്മറ്റി അംഗമായ കെ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ചുമതല നൽകുമെന്നാണ് സൂചന. ഇതെല്ലാം മുന്നിൽ കണ്ടാണ് അതിവിശ്വസ്തനായ എ സമ്പത്തിനെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പിണറായി നിയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്. കണ്ണൂർ ലോബിയുടെ സ്വാധീനം സർക്കാരിൽ ഉണ്ടാകുന്നില്ലെന്ന് വ്യക്തമാക്കാൻ കൂടിയാകും ഈ നടപടി എന്നായിരുന്നു ആ റിപ്പോർട്ട്. ഒക്ടോബറിൽ പോകുമെന്നായിരുന്നു ആ വാർത്ത. എന്നാൽ രണ്ടു മാസം കൂടി യാത്ര നീണ്ടപ്പോൾ പിണറായിക്ക് രാധാകൃഷ്ണനിലും വിശ്വാസം പോയി എന്നതാണ് വസ്തുത.
2020ലും ചികിൽസയ്ക്ക് പോകാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ കോവിഡ് കാരണം നടന്നില്ല. നിലവിൽ മയോക്ലീനിക്കിന്റെ നിർദ്ദേശ പ്രകാരമുള്ള ചികിൽസയാണ് മുഖ്യമന്ത്രി തുടരുന്നത്. നേരത്തെ അമേരിക്കയിലേക്ക് പോയപ്പോൾ അന്ന് മന്ത്രിയായിരുന്ന ഇപി ജയരാജനെയാണ് പകരം ചുമതല ഏൽപ്പിച്ചത്. മന്ത്രിസഭയിലെ രണ്ടാമൻ അന്ന് ജയരാജന് ആണെന്ന് ഏവർക്കും അറിയാമായിരുന്നു. ശൈലജ ടീച്ചറിനെ രണ്ടാം മന്ത്രിസഭയിൽ എടുക്കാത്തതിന് കാരണവും വിദേശത്തേക്കുള്ള ചികിൽസാ യാത്രകൾ ഉണ്ടെന്ന തിരിച്ചറിവിലാണെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ മുഖ്യമന്ത്രിയുടെ ചുമതല ടീച്ചറിന് നൽകേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കാനാണ് ഏറെ സമ്മർദ്ദം ഉണ്ടായിട്ടും ശൈലജ ടീച്ചറിനെ ഒഴിവാക്കിയതെന്നായിരുന്നു സൂചന.
ഇത്തവണ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ചുമതല മറ്റാർക്കും കൈമാറില്ല. ഇതിന് കാരണം ആരേയും മുഖ്യമന്ത്രിക്ക് വിശ്വാസമില്ലത്രേ. അങ്ങനെ വിദേശത്ത് പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറുന്ന പതിവും പിണറായി തെറ്റിക്കുകയാണ്. പതിവു പോലെ ബുധനാഴ്ചകളിൽ ഓൺലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയൽ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളിൽ താൻ തീരുമാനമെടുക്കുമെന്നും ഇന്നലെ മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം 19ന് ഓൺലൈനായി ചേരുമെന്നും അറിയിച്ചു.
സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ടു കോഴിക്കോട്ട് ആയതിനാൽ അവിടെനിന്നാണു മുഖ്യമന്ത്രി ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. ഇതിന് സമാനമായി അമേരിക്കയിൽ നിന്നും മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിദേശത്തു പോകുമ്പോൾ ചുമതല മറ്റാർക്കെങ്കിലും കൈമാറുമോ എന്ന ആകാംക്ഷ അവസാനിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രി 15ന് മേയോ ക്ലിനിക്കിലേക്കു പോകും. 29നു തിരിച്ചെത്തും. രണ്ടാഴ്ച മുഖ്യമന്ത്രിയുടെ അഭാവത്തിൽ മരുമകൻ കൂടിയായ മുഹമ്മദ് റിയാസ് ചുമതലകളൊന്നും ഇല്ലാതെ തന്നെ ഭരണം നിരീക്ഷിക്കുമെന്നാണ് സൂചന.
തിരുവനന്തപുരത്ത് ഏഷ്യയിലെ തന്നെ മികച്ച ആർ സി സി, ലോക പ്രശസ്തമായ ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട്, സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജ്, എറണാകുളത്തെ ലേക് ഷോർ, അമൃത ഇങ്ങനെ ലോകോത്തരമായ ഒരുപാട് ആശുപത്രികളുണ്ട്. ഇവിടെ എല്ലാ രോഗത്തിനും ചികിൽസയുമുണ്ട്. ഈ സാഹചര്യത്തിൽ എന്തിനാണ് മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതെന്ന ചോദ്യം ആദ്യ ഘട്ടത്തിൽ ഉടർന്നിരുന്നു. സിപിഎം നേതാക്കൾക്ക് പോലും മുഖ്യമന്ത്രിയുടെ രോഗത്തെ കുറിച്ച് അറിയില്ല. അത്രയും രഹസ്യമായാണ് രോഗ വിവരം സൂക്ഷിക്കുന്നത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററിൽ പ്രവർത്തിക്കുന്ന മയോ ക്ലിനിക്കിലാക്കിനെ കാൻസറിന്റെ വിദഗ്ദ ചികിൽസാലയം ആയാണ് വിലിയിരുത്തുന്നത്.
മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, നിയമസഭാ സ്പീക്കറായിരുന്ന ജി. കാർത്തികേയൻ എന്നിവരും മയോ ക്ലിനിക്കിൽ ചികിൽസ തേടിയിരുന്നു. ഇരുവരും കാൻസർ രോഗത്തിനാണ് മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് എത്തിയത്. ഇന്ത്യയിലെ പല പ്രമുഖരും ചികിൽസയ്ക്കായി പോകുന്നത് മയോ ക്ലീനിക്കിലാണ്. ഈ പാതയാണ് പിണറായിയും പിന്തുടരുന്നത്. മലയാളികളായ അമേരിക്കൻ ഡോക്ടർമാരാണ് ചികിൽസയ്ക്ക് വേണ്ട സൗകര്യങ്ങൾ പിണറായിക്ക് ഒരുക്കി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ