തിരുവനന്തപുരം: ചാൻസലർ പദവി സർക്കാർ ഏറ്റെടുക്കില്ല. എന്നാൽ ഗവർണ്ണറുടെ അധികാരം വെട്ടിക്കുറയ്ക്കും. ഇതിന് വേണ്ടി പുതിയ തന്ത്രവുമായി പിണറായി സർക്കാർ. ഇലയെക്കും മുള്ളിനും കേടില്ലാതെ പ്രശ്‌ന പരിഹാരം. എന്നാലും ഇതിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ എടുക്കുന്ന നിലപാട് നിർണ്ണായകമാകും. സർവകലാശാലകളിൽ ഗവർണർക്കുള്ള അധികാരം മറികടക്കാൻ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കാനാണ് ശുപാർശ.

സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ നടന്ന പല സംസ്ഥാനങ്ങളിലും ചാൻസലറുടെ അധികാരം വെട്ടിക്കുറച്ചിരുന്നു. പശ്ചിമ ബംഗാളിൽ ചാൻസലർ പദവി മുഖ്യമന്ത്രിക്ക് നൽകാനാണ് തീരുമാനം. തമിഴ്‌നാട്ടിൽ വി സി. നിയമനാധികാരം ഗവർണറിൽനിന്ന് സർക്കാരേറ്റെടുത്തു. ചാൻസലർ ആരാണെന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകുന്നതാണ് രാജസ്ഥാനിലെ ഭേദഗതി. മഹാരാഷ്ട്രയിൽ വി സി.യെ നിയമിക്കാൻ ഗവർണർക്കുള്ള അധികാരം ഒഴിവാക്കിയാണ് നിയമം ഭേദഗതി ചെയ്തത്. ഇതിന് സമാനമായാണ് കേരളത്തിലും നീക്കം.

ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരും. എന്നാൽ, സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ ട്രിബ്യൂണൽ ചാൻസലർക്കു മുകളിലുണ്ടാവും. ചാൻസലറെന്ന നിലയിൽ ഗവർണറെടുക്കുന്ന തീരുമാനം ട്രിബ്യൂണലിന് പുനഃപരിശോധിക്കാം. ട്രിബ്യൂണലിന്റെ തീരുമാനമാകും അന്തിമം. സർവകലാശാലാനിയമങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ നിയോഗിച്ച ഡോ. എൻ.കെ. ജയകുമാർ കമ്മിഷന്റേതാണ് ഈ ശുപാർശ. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും. ഇത് അംഗീകരിക്കപ്പെടും. ട്രിബ്യൂണലിനെ നിയമിക്കുന്നത് സർക്കാരാകും. അതുകൊണ്ട് തന്നെ ഇതിൽ സ്വാധീനം ചെലുത്താൻ സർക്കാരിന് കഴിയും.

സർവകലാശാലകളുടെ തീരുമാനം റദ്ദാക്കാനുള്ള ചാൻസലറുടെ അധികാരം എടുത്തുകളയണമെന്നും ശുപാർശയുണ്ട്. വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള വിവേചനാധികാരം ഒഴിവാക്കും. പ്രൊ-ചാൻസലറെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് സർവകലാശാലാ കാര്യങ്ങളിൽ ഇടപെടാൻ അവകാശം നൽകണമെന്നും ശുപാർശയിൽ പറയുന്നു. അതായത് ഈയിടെ വിവാദമായ പലതിലും ജയകുമാർ റിപ്പോർട്ട് സർക്കാരിന് തുണയാകും. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വിവിധ സർവകലാശാലകളിലെ വി സി. നിയമനമടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഭിന്നതയിലായിരുന്നു. ഇതേത്തുടർന്നാണ് സർവകലാശാലകൾക്കുമേലുള്ള ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നത്.ഒരു ഘട്ടത്തിൽ ചാൻസലർ പദവി ഗവർണ്ണർ വേണ്ടെന്ന് പരസ്യമായി പറഞ്ഞു. പിന്നീട് സർക്കാർ അനുനയിപ്പിച്ചു. ഇതിന് ശേഷമാണ് നിർണ്ണായക നീക്കം നടത്തുന്നത്. ഫലത്തിൽ ചാൻസലർ അപ്രസക്തനാകും.

നിലവിൽ റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായി സർവകലാശാലകളിൽ അപ്പലേറ്റ് ട്രിബ്യൂണൽ ഉണ്ടെങ്കിലും വേണ്ടത്ര അധികാരമില്ല, പ്രവർത്തനക്ഷമവുമല്ല. സർവകലാശാലയുടെ തീരുമാനങ്ങളിൽ അപ്പലേറ്റ് അഥോറിറ്റി നിലവിൽ ചാൻസലറായ ഗവർണറാണ്. സർവകലാശാലാ ചട്ടങ്ങൾ ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച് 60 ദിവസം കഴിഞ്ഞിട്ടും തീരുമാനമായില്ലെങ്കിൽ അവ അംഗീകരിക്കപ്പെട്ടതായി കണക്കാക്കണം. ചാൻസലർ പുനഃപരിശോധന ആവശ്യപ്പെട്ടാൽ സെനറ്റ് അതു പരിശോധിച്ച് ആവശ്യമെങ്കിൽ ഭേദഗതി ചെയ്യണം. സെനറ്റ് രണ്ടാമതെടുക്കുന്ന തീരുമാനത്തിന് പിന്നീട് ചാൻസലറുടെ അനുമതി വേണ്ടെന്നാണ് ശുപാർശ.

വൈസ് ചാൻസലറാകാൻ യോഗ്യതയുള്ള അക്കാദമിക പണ്ഡിതനും ഹൈക്കോടതിയിൽ 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകനുമായിരിക്കും ട്രിബ്യൂണലിലെ മറ്റ് അംഗങ്ങൾ. വൈസ് ചാൻസലർ നിർണയ സമിതിയിലെ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം അടിസ്ഥാനമാക്കി വേണം പാനലിൽനിന്ന് വി സി.യെ നിയമിക്കേണ്ടത്. നിലവിൽ പാനലിൽനിന്ന് ആരെയും തിരഞ്ഞെടുക്കാനുള്ള അധികാരം ചാൻസലർക്കുണ്ട്.

ശുപാർശപ്രകാരം വി സി. നിർണയസമിതിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ നിശ്ചയിക്കുന്നതിനും പരിമിതിയുണ്ട്. ചാൻസലറുടെ പ്രതിനിധിയെ സർക്കാരാണ് നിശ്ചയിക്കേണ്ടത്. യുജിസി., സർവകലാശാല, ചാൻസലർ പ്രതിനിധികൾ അടങ്ങുന്ന സമിതിയിൽ ഇതോടെ സർക്കാരിന് വ്യക്തമായ മേൽക്കൈ ലഭിക്കും-റിപ്പോർട്ട് പറയുന്നു.