- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറുത്ത കാറിൽ കറുത്ത യൂണിഫോം ഇട്ട കമാണ്ടോകൾക്കൊപ്പം ചീറിപായുന്ന മുഖ്യമന്ത്രി; പാവങ്ങൾക്ക് കറുത്ത മാസ്‌ക് ധരിക്കാൻ വിലക്കും! മുഖ്യമന്ത്രിയുടെ ഇഷ്ട നിറം മഞ്ഞയോ? കറുത്ത മാസ്‌ക് ഊരി വാങ്ങി മഞ്ഞ മാസ്‌ക് നൽകി പൊലീസ്; മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന കെടിഡിസിക്ക് സമീപമുള്ള ഹോട്ടലുകളും അടപ്പിച്ചു; ഇത് സമാനതകളില്ലാത്ത സുരക്ഷാ നാടകം
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്‌ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്‌ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകൾ പൊലീസ് നൽകുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്‌ക്ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്‌ക്ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. കറുത്ത മാസ്‌കുകൾ വേദിക്ക് പുറത്ത് കൂട്ടിയിട്ടിരിക്കുന്നതു കാണാം.
കറുത്ത മാസ്‌കിനെ നിരോധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇന്നും പൊലീസ് കറുത്ത മാസ്‌ക് അനുവദിക്കുന്നില്ല. അതിനിടെ കറുത്ത മാസ്‌കിനെ പ്രതിഷേധത്തിനള്ള ഉപകരണമായി ചിലർ കാണുന്നുവെന്ന് മന്ത്രി എംവി ഗോവിന്ദൻ പ്രതികിരിച്ചു. കറുത്ത മാസ്‌ക് ധരിക്കണമെന്ന് എന്തിനാണ് ഇത്ര നിർബന്ധമെന്ന് ഇടതു കൺവീനർ ഇപി ജയരാജനും ചോദിച്ചു. കറുത്ത ഷർട്ടിട്ടാണോ എല്ലായിടത്തും പോകുന്നതെന്നും വിമർശിച്ചു. ഇതോടെ കറുത്ത മാസ്‌കിൽ നിയന്ത്രണം തുടരുമെന്ന് വ്യക്തമായി. ഇതിൽ സംസാകരി പ്രവർത്തകർ അടക്കം മൗനം തുടരുകയാണ്. വലിയ പ്രതിഷേധമാണ് ഇതിനിടെ കേരളത്തിൽ ഉടനീളം മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത്. കരിങ്കൊടി പ്രതിഷേധം തുടരുന്നു.
കറുത്ത കാറിലാണ് മുഖ്യമന്ത്രിയുടെ യാത്ര. കറുത്ത യൂണിഫോം ഇട്ട കമാണ്ടോകളാണ് ചുറ്റിനുമുള്ളത്. എന്നിട്ടും കറുത്ത മാസ്‌കിന് നിരോധനമെന്നതാണ് വസ്തുത. ആദ്യമായാണ് കറുത്ത കാറിനെ കേരളത്തിലെ ഒരു മുഖ്യമന്ത്രി ഔദ്യോഗിക വാഹനമാക്കുന്നത്. ഈ സാഹചര്യത്തിൽ കറുത്ത മാസ്‌കിനും വസ്ത്രത്തിനും എതിരായ വിലക്ക് പുതിയ ചർച്ചയുമാണ്. സാംസ്‌കാരിക നായകരുടെ മൗനം സർക്കാരിനെ പിണക്കാതാക്കാനാണ് എന്ന വാദവും ശക്തമാണ്. കുറ്റിപ്പുറത്ത് മിനി പമ്പയിൽ അടക്കം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായി.
പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ മലപ്പുറത്തും ചർച്ചയായി. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണം. സമീപത്തെ ഹോട്ടലുകൾ അടപ്പിച്ചു. അതായത് മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നിടത്ത് മറ്റാർക്കും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ പറ്റില്ല. ഇവിടെ പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് കാവലാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം.
സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു. മാസ്‌ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. അതേ സമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്.
മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്‌നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചു. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്‌പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ