കൊച്ചി: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ചികിത്സാച്ചെലവിനത്തിൽ കൈപ്പറ്റിയത് 73.40 ലക്ഷം രൂപ മാത്രമെന്ന് വിവരാവകാശ രേഖ. മന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ ചികിത്സാച്ചെലവുകൾക്ക് വിനിയോഗിച്ച തുകയും ഇതിൽ ഉൾപ്പെടും. വിവരാവകാശ പ്രവർത്തകൻ എം.കെ. ഹരിദാസിന് ലഭിച്ചതാണ് ഈ വിവരങ്ങൾ. എന്നാൽ പിണറായി സർക്കാരിൽ കുറച്ചു കാലം മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ ചികിൽസാ ചെലവ് ഈ പട്ടികയിൽ ഇല്ല. അതുകൊണ്ട് തന്നെ അവസാന ഒരുവർഷത്തെ കണക്കാണോ എതെന്ന സംശയവും സജീവമാണ്.

ഏതായാലും മുൻ കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് ഈ തുക. സ്വകാര്യ ആശുപത്രിയിൽ ചികിൽസാ ചെലവ് ഏറെയാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ 13 മന്ത്രിമാരുടെ കണക്കുകൾ ഖജനാവിന് ആശ്വാസം നൽകുന്നതാണ്. വനംവകുപ്പ് മന്ത്രിയായിരുന്ന കെ. രാജുവാണ് ഏറ്റവുമധികം തുക കൈപ്പറ്റിയത്. 8.68 ലക്ഷം. 7.74 ലക്ഷം ചെലവഴിച്ച ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് രണ്ടാം സ്ഥാനത്ത്. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ 7.32 ലക്ഷം രൂപ ചെലവഴിച്ചു.

ഏറ്റവും കുറച്ച് തുക കൈപ്പറ്റിയത് വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ്. 42,884 രൂപ. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ 52,381 രൂപ ചെലവഴിച്ചു. വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.എൻ. രവീന്ദ്രനാഥ് ചികിത്സയ്ക്ക് പണം കൈപ്പറ്റിയതായി രേഖകളില്ല.

വാങ്ങിയ തുക

പിണറായി വിജയൻ 4,68,438
ഇ. ചന്ദ്രശേഖരൻ 73,258
മേഴ്സിക്കുട്ടിയമ്മ 5,04,225
എ.കെ. ബാലൻ 1,55,762
എം.എം. മണി 2,49,434
ടി.പി. രാമകൃഷ്ണൻ 4,86,165
മാത്യു ടി. തോമസ് 1,82,453
വി എസ്. സുനിൽകുമാർ 6,04,270
രാമചന്ദ്രൻ കടന്നപ്പള്ളി 2,97,861
കടകംപള്ളി സുരേന്ദ്രൻ 5,50,561
കെ.ടി. ജലീൽ 1,24,228 തിലോത്തമൻ 1,19,672
കെ. കൃഷ്ണൻകുട്ടി 6,62,775
ജി. സുധാകരൻ 3,91,566