- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നു സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ തീരുമാനം; നാളെ പോളിറ്റ് ബ്യൂറോയുടെ ഔദ്യോഗിക അനുമതി; വൈകാതെ സംസ്ഥാന സമിതിയും എൽഡിഎഫ് യോഗവും; തിങ്കളാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും; രാജ് ഭവനിലെ ചടങ്ങിൽ മന്ത്രി ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രം പ്രവേശനം
തിരുവനന്തപുരം: പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ തീരുമാനങ്ങൾ ഇന്നുണ്ടാകും. ഇന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കും. രാജ്ഭവനിൽ പ്രോട്ടോകോൾ പാലിച്ചാകും സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്നതാണ് ധാരണ. എൽ.ഡി.എഫ്. യോഗത്തിനുശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷപൂർവമായിരുന്നു ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ കോവിഡിൽ ഇത് വേണ്ടെന്ന് വയ്ക്കും. മന്ത്രിമാരിൽ ഏകദേശ ധാരണ മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. എന്നാൽ പാർട്ടിയിലെ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനങ്ങൾ എടുക്കൂ.
സർക്കാർ രൂപവത്കരണം സംബന്ധിച്ചുള്ള കാര്യങ്ങൾ ചൊവ്വാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. ബുധനാഴ്ച പൊളിറ്റ് ബ്യൂറോ യോഗവുമുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പി.ബി. ആണ്. പിണറായിയുടെ കാര്യത്തിൽ അത്തരമൊരു തീരുമാനമെന്നത് സാങ്കേതികമായ നടപടിമാത്രമാണ്. സംസ്ഥാനനേതൃത്വത്തിന്റെ നിർദേശങ്ങൾ കോടിയേരി ബാലകൃഷ്ണൻ പി.ബി. യോഗത്തിൽ അറിയിക്കും. ഇത് അംഗീകരിക്കുകയും ചെയ്യും. അതിന് ശേഷം സംസ്ഥാനസമിതിയോഗവും എൽ.ഡി.എഫ്. യോഗവും ചേരും. പിന്നീട് ഗവർണ്ണറെ കണ്ട് സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. ചടങ്ങിലേക്ക് മന്ത്രിമാരുടെ ബന്ധുക്കൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കും ആകും പ്രവേശനം. ആഘോഷങ്ങളും വീട്ടിനുള്ളിലേക്ക് ചരുക്കും.
തിങ്കളാഴ്ച സർക്കാർ അധികാരമേൽക്കുമെന്നാണ് വിവരം. ഇതിനുമുമ്പായി ഘടകകക്ഷികളുമായി ചർച്ച നടത്തി, മന്ത്രിമാർ, വകുപ്പുകൾ എന്നിവയിൽ ധാരണയുണ്ടാക്കും. ഒറ്റ അംഗങ്ങളുള്ള കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകാനിടയില്ല. അഞ്ച് ഘടകകക്ഷികൾ ഒറ്റഅംഗ പാർട്ടികളായി മുന്നണിയിലുണ്ട്. ഘടകകക്ഷിയല്ലാത്ത ആർ.എസ്‌പി. (ലെനിനിസ്റ്റ്) യുമുണ്ട്. സിപിഐ നാല്, കേരള കോൺഗ്രസ്(എം) രണ്ട്, എൻസിപി ഒന്ന്, ജനതാദൾ(എസ്) ഒന്ന് എന്നതാണു ഘടകകക്ഷി മന്ത്രിമാരുടെ എണ്ണം സംബന്ധിച്ചു പരിഗണനയിലുള്ള നിർദ്ദേശം. അങ്ങനെയെങ്കിൽ 20 അംഗ മന്ത്രിസഭയിൽ സിപിഎമ്മിന് ഒരു സ്ഥാനം കുറയും. നിലവിൽ മുഖ്യമന്ത്രി അടക്കം 13 മന്ത്രിമാരാണ്. 21 അംഗ മന്ത്രിസഭ ആണെങ്കിൽ 13 നിലനിർത്താം.
എൽജെഡി, കോൺഗ്രസ് (എസ്), കേരള കോൺഗ്രസ് (ബി), ആർഎസ്‌പി (എൽ), ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിങ്ങനെ 6 പാർട്ടികൾക്കാണ് ഒരു എംഎൽഎ വീതമുള്ളത്. മന്ത്രിസഭയിൽ സിപിഎമ്മിന്റെ അംഗബലം നിലവിലെ 13ൽനിന്ന് 12 ആയി കുറച്ചാൽ സിപിഐയുടെ ഡപ്യൂട്ടി സ്പീക്കർ, കാബിനറ്റ് റാങ്കുള്ള ചീഫ് വിപ് പദവി എന്നിവ രണ്ടും ഒരുമിച്ച് ഉണ്ടാകില്ല. കേരള കോൺഗ്രസിന് 2 മന്ത്രിസ്ഥാനത്തിനു പകരം ഒരു മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കർ പോലെയുള്ള പദവിയും നൽകാനുള്ള ഫോർമുലയ്ക്കും സാധ്യത ഏറെയാണ്.
ഇന്നലെ ഓൺലൈൻ മന്ത്രിസഭാ യോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയോടെ രാജ്ഭവനിലെത്തി നിലവിലെ മന്ത്രിസഭയുടെ രാജി ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നൽകി. പുതിയ മന്ത്രിസഭ അധികാരമേൽക്കുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചു. 14ാം നിയമസഭ പിരിച്ചു പിരിച്ചുവിട്ടുള്ള ഉത്തരവിൽ ഗവർണർ ഒപ്പുവച്ചു. ഇതിന് ശേഷം മന്ത്രിസഭയെ കുറിച്ചുള്ള അനൗദ്യോഗിക ചർച്ചകളിലേക്ക് പിണറായി കടന്നു.
മുഖ്യമന്ത്രിയെ തീരുമാനിച്ചില്ലെന്നു പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചെങ്കിലും അതു നടപടിക്രമങ്ങളും ഔപചാരികതയും പൂർത്തിയാക്കാത്തതു കൊണ്ടു മാത്രമാണെന്നു പാർട്ടി വ്യക്തമാക്കി. പാർട്ടി സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, നിയമസഭാ കക്ഷി യോഗം എന്നിവ ചേർന്ന ശേഷമേ ഇക്കാര്യത്തിൽ സിപിഎമ്മിന് ഔദ്യോഗിക തീരുമാനം എടുക്കാൻ കഴിയൂ.
മന്ത്രിസഭയിൽ പുതുമുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു. കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ശൈലജ, എം വിഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, ടി.പി.രാമകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, എം.എം.മണി എന്നിവർ ആദ്യ സാധ്യതാ പട്ടികയിൽ ഉണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ