- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലേജ് ഓഫീസിൽ പരാതി നൽകി വീട്ടിൽ മടങ്ങി വന്ന അച്ഛൻ മരിച്ചത് ഭക്ഷ്യവിഷ ബാധ ഏറ്റ്; കുടിച്ചത് ഒരു ചായ മാത്രവും; ധർമ്മടത്തെ ഭൂമി തട്ടിയെടുക്കൽ മാഫിയയെക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം; വ്യാജ പട്ടയമുണ്ടാക്കി തട്ടിപ്പ് നടത്തുന്നത് ഉദ്യോഗസ്ഥ-രാഷ്ട്രീയ മാഫിയ; പിണറായിയുടെ മണ്ഡലത്തിൽ ഭൂമി നഷ്ടമായത് ഏറെക്കാലമായി നാട്ടിലില്ലാത്ത നിരവധി പേർക്ക്
തലശേരി: മുഖ്യമന്ത്രി പിണറായിവിജയന്റെ മണ്ഡലമായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജപട്ടയം ഉപയോഗിച്ച് ഭൂമാഫിയ നിരവധി പേരുടെ ഭൂമി തട്ടിയെടുത്തതായി പരാതി. ഏറെക്കാലമായി നാട്ടിലില്ലാത്ത നിരവധി പേർക്കാണ് സ്വന്തമായി കിട്ടിയ ഭൂമി നഷ്ടപ്പെട്ടത്. ഇത്തരം സ്ഥലങ്ങളിൽ അനധികൃതമായി പലരും വീടുകളെടുത്തതായി ധർമടം സ്വദേശികളായ ഹെൻസ, ജയൻപരമേശ്വരൻ എന്നിവർ ആരോപിച്ചു.
ധർമടം വില്ലേജിലെ നിരവധി കുടുംബങ്ങൾ ഇത്തരം ഭൂമിതട്ടിപ്പിന്റെ ഇരകളാണ്. റവന്യൂ ഉദ്യോഗസ്ഥർ, ആധാരമെഴുത്തുകാർ, അഭിഭാഷകർ എന്നിവരടങ്ങുന്ന സംഘമാണ് വ്യാജപട്ടയം നിർമ്മിച്ചു ഭൂമി മറിച്ചു നിൽക്കുന്നതിന് കൂട്ടുനിൽക്കുന്നത്. ധർമടം, അണ്ടലൂർ, മേലൂർ ഭാഗങ്ങളിലെ നിരവധി പേർക്ക് ഇങ്ങനെ ഭൂമി നഷ്ടപ്പെട്ടതായി ഇവർ പറയുന്നു. തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്ന ഹെൻസയുടെ നാൽപതു സെന്റ്് ഭൂമിയാണ് നഷ്ടപ്പെട്ടത്.
രണ്ടു പതിറ്റാണ്ടിനു മുൻപെ നികുതി നൽകി വെച്ചിരുന്ന പൈതൃകസ്വത്താണ് നഷ്ടപ്പെട്ടതെന്ന് ഇവർ പറഞ്ഞു. ഈ ഭൂമി താനോ പിതൃസഹോദരിയോ മറ്റാർക്കെങ്കിലുംഇതുവരെ വിറ്റിട്ടില്ല. എന്നാൽ വിൽപ്പന നടന്നുവെന്ന് പേരിൽ ഭാഗാധാരമുണ്ടാക്കിയാണ് നാലുപേർക്ക് ഭൂമി കൈമാറിയത്. തന്റെ പിതാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ കയറാൻ പോലും ചിലർ വിടുന്നില്ലെന്നും ഭീഷണിപ്പെടുത്തുന്നവരുടെ പേര് സഹിതം പരാതി നൽകിയിട്ടും ധർമടം പൊലിസ് അന്വേഷിക്കാനോ കേസെടുക്കാനോ തയ്യാറാവുന്നില്ലെന്നും ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നടന്നില്ല. പ്രദേശത്തെ സി.പി. എം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഭൂമാഫിയ അഴിഞ്ഞാടുന്നതെന്നാണ് ആരോപണം. ധർമടം പഞ്ചായത്ത് കാലാകാലങ്ങളായി സി.പി. എം ഭരിക്കുന്നതാണ്. ഇത്തരത്തിൽ ധർമടം, വെള്ളൊഴുക്ക്, മേലൂർ ഭാഗങ്ങളിൽ പത്തോളം കുടുംബങ്ങൾക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ള സർക്കാർ അതു നൽകാൻ തയ്യാറായില്ലെങ്കിൽ കലക്ടറേറ്റിനു മുൻപിൽ മരണം വരെ ഭൂമി നഷ്ടപ്പെട്ടവർ നിരാഹാര സമരം നടത്തുമെന്നും ഹെൻസ പറഞ്ഞു.
ധർമടം വില്ലേജ് ഓഫീസ് അധികൃതരുടെ ചില ആധാരമെഴുത്തുകാർ ഒരുഭൂമിക്ക് രണ്ടു ആധാരം പകർത്തി നൽകുകയാണ്. ഇതു സംബന്ധിച്ചു പരാതി നൽകിയപ്പോൾ കോടതിയിൽ നിന്നും കമ്മിഷനെ വെച്ചിട്ടുണ്ടെന്ന വ്യാജെനെ ഒരു സംഘമാളുകൾ വന്നു. ഇവർ വ്യാജന്മാരാണെന്ന് പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസിലായത്. ഭൂമി തട്ടിപ്പിനെതിരെ പരതി നൽകിയവർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയാണ്. തന്റെ പിതാവ് വില്ലേജ് ഓഫിസിൽ ഇതു സംബന്ധിച്ചു പരാതി നൽകിയതിനു ശേഷം വീട്ടിൽ മടങ്ങിവന്നതിനു ശേഷമാണ് ഭക്ഷ്യവിഷബാധയേറ്റു മരിച്ചതെന്ന് ഹൻസ ആരോപിച്ചു.
ഇതിനിടെയിൽ അദ്ദേഹം ഒരു ചായ മാത്രമേ കുടിച്ചിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ടു അന്ന് സംശയം തോന്നിയിരുന്നില്ലെങ്കിലുംപിന്നീട് ഈക്കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാവുകയായിരുന്നുവെന്ന് ഹൻസ ആരോപിച്ചു. ഇതിനു സമാനമായി തന്റെ പേരിൽ തലശേരി നഗരത്തിന്റെ ഹൃദയഭാഗത്തെ ഒ.വി റോഡിലുണ്ടായിരുന്ന അഞ്ചു സെന്റ് സ്ഥലം ചിലർ വ്യാജപട്ടയം ഉപയോഗിച്ച് തട്ടിയെടുത്തതായി വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജയൻപരമേശ്വരൻ ആരോപിച്ചു.
താൻ നാട്ടിലില്ലാത്ത സമയത്താണ് ഈ തട്ടിപ്പു നടന്നത്. ഇതിനെതിരെ പരാതി നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും ഈ ഭൂമി ഇപ്പോൾ മറ്റൊരാളുടെ കൈവശമാണെന്നും അദ്ദേഹം ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ