കണ്ണൂർ : ചികിൽസയുടെ പേരിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പിണറായി വിജയൻ അമേരിക്കയിൽ ചികിൽസയ്ക്ക് പോകുമെന്ന എക്‌സ്‌ക്ലൂസീവ് റിപ്പോർട്ട് മറുനാടൻ മലയാളി നൽകിയിരുന്നു. ഇതിനുള്ള നീക്കങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തൽസ്ഥാനത്തു നിന്നു മാറ്റാനും അതേ കാർഡ് സിപിഎം കേന്ദ്ര നേതൃത്വം ഇറക്കുമെന്ന് സൂചന. കോടിയേരിയുടെ മകൻ ബിനീഷുമായി ബന്ധപ്പെട്ട് ലഹരികടത്തിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഇത്.

സിപിഎമ്മിൽ സ്വർണക്കടത്ത്, മയക്കുമരുന്ന് കേസുകൾ ആയുധമാക്കുന്ന തെക്കൻ ലോബിക്കെതിരേ കണ്ണൂർ ലോബി ഭിന്നത മറന്ന് ഒന്നിക്കുന്നുവെന്ന വാർത്തയുമായി ഇന്ന് മംഗളം എത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുടർചികിത്സയ്ക്കു വിദേശത്തേക്കു പോകുന്ന അവസരം തെക്കൻ ലോബി മുതലെടുക്കാതിരിക്കാനാണു കണ്ണൂരിലെ സംയുക്തനീക്കമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

കോടിയേരിയുടെ മകൻ ബിനീഷ് മയക്കുമരുന്ന് കേസിൽ ബംഗളുരുവിൽ അറസ്റ്റിലായതോടെ പാർട്ടി നേതൃത്വത്തിനെതിരേ ഒരുവിഭാഗം നേതാക്കൾ ശക്തമായി രംഗത്തുണ്ട്. പാർട്ടി സെക്രട്ടറിക്കു മകനെ നേർവഴി നടത്താനായില്ലെന്ന വിമർശനമാണ് ഇവർ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ, പിണറായിക്കും കോടിയേരിക്കും ചികിത്സാർഥം മാറിനിൽക്കേണ്ടിവന്നാൽ സർക്കാരിന്റെ ചുമതല ഇ.പി. ജയരാജനിലേക്കും പാർട്ടി ചുമതല എം വി ഗോവിന്ദനിലേക്കും എത്തിക്കുകയാണു കണ്ണൂർ ലോബി ലക്ഷ്യമിടുന്നതെന്നും വിശദീകരിക്കുന്നു. പിണറായിയേയും കോടിയേരിയേയും ചികിൽസയുടെ മറവിൽ തൽസ്ഥാനത്ത് നിന്ന് നീക്കാനുള്ള ആലോചനയ്ക്കിടെയാണ് ഇത്തരമൊരു വാർത്ത എത്തുന്നത്.

മന്ത്രി ഇ.പി. ജയരാജൻ കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കേരളപ്പിറവി ആശംസകൾക്കുള്ള കമന്റിൽപ്പോലും പരോക്ഷമായി 'താത്കാലിക മുഖ്യമന്ത്രി'ക്കുള്ള അഭിവാദ്യങ്ങളുണ്ട്. നേരത്തേ, മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നപ്പോൾ തെക്കൻജില്ലക്കാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നു കണ്ണൂർ ലോബി പരസ്യമായി വിമർശിച്ചിരുന്നുവെന്നും മംഗളം റിപ്പോർട്ട് ചെയ്യുന്നു. എംഎ ബേബിയുടെ നീക്കങ്ങളെ തടയിടാനാണ് കണ്ണൂർ ലോബിയുടെ സംയുക്ത നീക്കമെന്ന സൂചനയാണ് മംഗളം വാർത്തിയുള്ളത്. തോമസ് ഐസക്കും ബേബിയും നേതൃത്വത്തിൽ എത്താതിരിക്കാനാണ് ശ്രമം.

ബിനീഷിന്റെ കാര്യത്തിൽ തെക്കൻജില്ലക്കാരനായ പി.ബി. അംഗം എം.എ. ബേബി ഫേസ്‌ബുക്കിൽ പരോക്ഷവിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പാർട്ടിയുടെ പ്രതിഛായ നിലനിർത്താൻ കേന്ദ്രനേതൃത്വം ബേബിയെ നിയോഗിച്ചേക്കുമെന്ന ആശങ്കയും കണ്ണൂർ ലോബിക്കുണ്ട്. സമവായ സെക്രട്ടറിയായി ബേബി വന്നേക്കുമെന്ന അഭ്യൂഹവുമുണ്ട്. പിണറായി വിജയനെ മുൻനിർത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ സിപിഎം. കേന്ദ്രനേതൃത്വത്തിനു താത്പര്യം കുറവാണ്. മന്ത്രിമാരായ ടി.എം. തോമസ് ഐസക്കോ കെ.കെ. ശൈലജയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടാണ് നീക്കം.

സ്വർണ്ണ കടത്തും ലൈഫ് മിഷനും കൈകാര്യം ചെയ്തതിൽ പിണറായി സർക്കാരിന് ഗുരുതര വീഴ്ചയുണ്ടായി എന്ന വിലയിരുത്തലിലാണ് സിപിഎം കേന്ദ്ര നേതൃത്വം. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം നഷ്ടമായി. അതുകൊണ്ട് തന്നെ കേരളത്തിൽ കരുതലോടെ പോകണമെന്ന നിർദ്ദേശം കേന്ദ്ര നേതൃത്വം നൽകിയിരുന്നു. എന്നാൽ ഒരു കരുതലും ഉണ്ടായില്ലെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. പിണറായി വിജയനെ പരസ്യമായി ആരും തള്ളി പറയില്ല. എന്നാൽ ഭരണ തുടർച്ചയുടെ സാധ്യത നിലനിർത്താൻ മുഖം മാറ്റം അനിവാര്യമാണെന്ന വിലയിരുത്തലാണ് സിപിഎം കേന്ദ്ര കമ്മറ്റിക്കുള്ളത്. ഇത് പിണറായിയും മനസ്സിലാക്കുന്നുണ്ട്. തന്ത്രപൂർവ്വം മുഖ്യമന്ത്രി സ്ഥാനം പിണറായി ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. അവസാന നിമിഷം വരെ രാജി ഒഴിവാക്കാനും പിണറായി ശ്രമിക്കും. ഇതിനിടെയാണ് പുതിയ വാർത്ത ചർച്ചയാകുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എം ശിവശങ്കർ. സ്വർണ്ണ കടത്തിന് അപ്പുറം ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയാകും. ഇത് മുഖ്യമന്ത്രിക്ക് വിനായാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു പ്രധാനിയും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. മന്ത്രി ജലീലും സംശയ നിഴലിലാണ്. ഇതെല്ലാം പിണറായിയെ ആണ് പ്രതികൂലമായി ബാധിക്കുന്നത്. പിണറായിയും കോടിയേരിയും സ്ഥാനം ഒഴിയേണ്ടതില്ലെന്ന് പരസ്യമായി പറയുമ്പോഴും സിപിഎം പോളിറ്റ് ബ്യൂറോയിൽ അടക്കം എതിർസ്വരങ്ങൾ ശക്തമാണ്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും തീർത്തും നിരാശരാണ്. ഇത് പിണറായിയും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കേണ്ടി വരുമെന്ന് പിണറായി തിരിച്ചറിയുന്നത്.

അതായത് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊടുങ്കാറ്റ് വീശുമ്പോൾ രാജിവച്ച് മുങ്ങാൻ ഒരുങ്ങി പിണറായി വിജയൻ തന്ത്രങ്ങൾ മെനയുകയാണെന്നാണ് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖം രക്ഷിച്ച് ചികിൽസ തേടി അമേരിക്കയ്ക്ക് പോകാൻ പദ്ധതി ഒരുക്കുന്നുവെന്നാണ് സൂചന. അവശേഷിക്കുന്ന സംസ്ഥാനവും കൈവിട്ടതിൽ ദേശിയ നേതൃത്വം ആശങ്കപ്പെട്ടതോടെ ഒരു നിവർത്തിയുമില്ലാതെ പടിയിറങ്ങാനാണ് പിണറായി നിർബന്ധിതനാകുന്നത്. പിണറായിക്ക് സ്ഥാനം പോയാൽ പകരം എത്തേണ്ടത് സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനാണ്. എന്നാൽ മകൻ മയക്കുമരുന്ന് കേസിൽ പ്രതിയായതോടെ അവസരം നഷ്ടപ്പെട്ട് കോടിയേരിയും പ്രതിസന്ധിയിലായി. പകരം ആരു മുഖ്യന്ത്രിയാകുമെന്നതും സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. ഇതോടെയാണ് കണ്ണൂർ ലോബി കളി തുടങ്ങിയത്.