- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈനിൽ ജയിക്കുക പിണറായിയോ മുരളീധരനോ? നിർണ്ണായകം പ്രധാനമന്ത്രിയുടെ മനസ്സ്; കേരളത്തിന്റെ മുഖ്യമന്ത്രിയോട് മോദിക്കുള്ള സൗഹൃദം അതിവേഗ റെയിൽ പാതയെ ലക്ഷ്യത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ച് കരുനീക്കങ്ങൾ; എന്തുവന്നാലും വെട്ടാൻ വിദേശകാര്യ സഹമന്ത്രിയും; പിണറായിയുടെ കത്തെഴുത്ത് ചർച്ചകളിൽ
തിരുവനന്തപുരം: മോദി ആർക്കൊപ്പം? ഇതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെ സൗഹൃദം ഏറെ ചർച്ചയായതാണ്. കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്ഗരിയുമായും അടുത്ത കൂട്ട് പിണറായി വിജയനുണ്ട്. പലപ്പോഴും ഈ ബന്ധങ്ങൾ ദേശീയ മാധ്യമങ്ങളിൽ അടക്കം ചർച്ചയായിട്ടുണ്ട്. അങ്ങനെ കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുള്ള പിണറായി ഓപ്പറേഷൻ സിൽവർ ലൈനിന് ഇറങ്ങുകയാണ്. എതിർക്കാൻ കേന്ദ്ര സഹമന്ത്രി വി മുരളീധരനും. ആരാണ് ഇവിടെ ജയിക്കുകയെന്നതാണ് ഉയരുന്ന ചോദ്യം.
മന്ത്രിസഭാ പുനഃസംഘടനയിൽ അടക്കം വെട്ടി വീഴ്‌ത്തപ്പെടുമെന്ന് കരുതിയ മുരളീധരൻ ആ പ്രചരണത്തെ എല്ലാം അതിജീവിച്ച് വിദേശകാര്യ മന്ത്രിയായി തുടരുന്നു. മോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും വിശ്വാസമാണ് ഇതിന് കാരണം. സിൽവർ ലൈനിൽ കേരളത്തിലെ ബിജെരിയും മുരളീധരനും പ്രതിഷേധത്തിലാണ്. അതിനിടെയാണ് സിൽവർ ലൈനിനു വേണ്ടി ഏറ്റെടുക്കുന്ന റെയിൽവേ ഭൂമിയിൽ കല്ലിടാൻ റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ അവകാശവാദത്തെച്ചൊല്ലി വിവാദം എത്തുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്നും അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. റെയിൽവേ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി കല്ലിടാൻ അനുമതി നൽകിയെന്ന വാർത്ത ശരിയല്ലെന്നു ദക്ഷിണ റെയിൽവേയും അറിയിച്ചു. ഈ വിഷയത്തിൽ മോദിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിൽവർ ലൈനിൽ നിർണ്ണായക തീരുമാനം മോദി എടുക്കും. പിണറായിയുമായുള്ള സൗഹൃദം മോദി കണക്കിലെടുത്താൽ ഈ പദ്ധതിക്ക് അനുമതി കൊടുക്കുമെന്ന് കരുതുന്നവർ ഏറെയാണ്. അങ്ങനെ വന്നാൽ അത് കേരളത്തിലെ ബിജെപിക്ക് തിരിച്ചടിയാകും.
റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയുമായി ചീഫ് സെക്രട്ടറി വി.പി.ജോയ് 6നു നടത്തിയ ചർച്ചയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന 185 ഹെക്ടർ റെയിൽവേ ഭൂമിയിൽ അതിരടയാളക്കല്ലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷന്റെ പത്രക്കുറിപ്പ്. ഇതു പദ്ധതിയിലെ റെയിൽവേയുടെ വിഹിതമായി കണക്കാക്കുമെന്നും കെആർഡിസിഎൽ അറിയിച്ചു. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതോടെ പ്രതിപക്ഷവും സിൽവർ ലൈൻ വിരുദ്ധ സമരസമിതിയും ഇതിനെതിരെ രംഗത്തെത്തി. തുടർന്നാണ് വി.മുരളീധരൻ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തി വാർത്ത അടിസ്ഥാനരഹിതമാണെന്ന വാദവുമായി രംഗത്തെത്തിയത്.
റെയിൽവേ ഭൂമി കൂടി പദ്ധതിക്കായി വേണ്ടിവരുമെന്നു സംസ്ഥാനം അറിയിച്ചതോടെ ഇതുമായി ബന്ധപ്പെട്ട സംയുക്ത പരിശോധനകൾ നടത്താൻ മാത്രമാണു തീരുമാനിച്ചതെന്നും പരിശോധന പൂർത്തിയായാൽ മാത്രമേ എത്ര ഭൂമി പദ്ധതിക്കായി വിട്ടുകൊടുക്കേണ്ടി വരുമെന്നതും അലൈന്മെന്റും ഭൂമിയുടെ മൂല്യവും അറിയാൻ സാധിക്കൂവെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പറഞ്ഞു. ഇതിനിടെ പദ്ധതി അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതിയതും തന്ത്രപരമായ നീക്കമാണ്. വിഷയത്തിൽ മോദിയെ സജീവമാക്കാനുള്ള നീക്കം.
കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലായി മാറാവുന്ന തിരുവനന്തപുരംകാസർകോട് വേഗറെയിൽ പദ്ധതിക്ക് അനുമതി നൽകാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയത്. ഈ പദ്ധതി കേരളത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ പ്രയോജനകരമായിരിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 13,700 കോടി രൂപ ചെലവഴിച്ച് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്.
പദ്ധതിക്കായി കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ(കെ റെയിൽ) വാങ്ങുന്ന വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സർക്കാർ തത്വത്തിൽ തീരുമാനിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവരുടെ എതിർപ്പ് മറികടക്കാൻ പ്രധാനമന്ത്രിയുടെ പിന്തുണ അനിവാര്യമാണെന്ന് പിണറായിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് ഈ നീക്കം. മോദിയെ ഡൽഹിയിൽ എത്തി കാണുന്നതും മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
മറുനാടന് മലയാളി ബ്യൂറോ