തിരുവനന്തപുരം: തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ.സുധാകരൻ മുമ്പ് ഗൂഢാലോചന നടത്തി എന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി ഇന്നലെ ഉന്നയിച്ചതോടെ രൂക്ഷമായ വാക്‌പോരാണ് രാഷ്ട്രീയ ഗോദായിൽ തുടരുന്നത്. എന്നാൽ, ഇത് പിണറായി വിജയന്റെ പുതിയ വെളിപ്പെടുത്തൽ അല്ല എന്നാണ് വ്യക്തമാകുന്നത്. ഇതിന് മുമ്പും പിണറായി വിജയൻ ഇക്കാര്യം ആരോപിച്ചിരുന്നു. 2008ൽ മനോരമ ന്യൂസിന്റെ 'നേരെ ചൊവ്വേ' പരിപാടിയിൽ ജോണി ലൂക്കോസിനോടാണ് ഇക്കാര്യം പറഞ്ഞത്. മനോരമ ന്യൂസിൽ വന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ:

ജോണി ലൂക്കോസ്: താങ്കളുടെ ഈ കരുത്തിന്റെയൊക്കെ പിന്നിൽ മൃദുലമായ വികാരങ്ങളില്ലേ? താങ്കളുടെ അമ്മ മരിച്ച ഒരു മുഹൂർത്തമുണ്ടല്ലോ, ആ സമയത്ത് ശബ്ദം പോലുമില്ലാത്തവിധം, സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നില്ലേ താങ്കൾ. അതിനർഥം താങ്കൾക്കും അങ്ങനെയുള്ള വികാരങ്ങൾ ഉണ്ടെന്ന് തന്നെയല്ലേ?

പിണറായി വിജയൻ: എന്റെ ഒരു സുഹൃത്ത് എന്നോട് വന്ന് പറയുകയാണ്.. നിങ്ങളുടെ രണ്ട് കുട്ടികളെ അപായപ്പെടുത്താൻ ഇടയുണ്ട്. അവര് യുപിസ്‌കൂളിലും എൽപി സ്‌കൂളിലുമൊക്കെയായി പഠിക്കുന്ന സമയമാണ്. അപായപ്പെടുത്താനിടയുണ്ട്... അത് സൂക്ഷ്മമായി അറിയാവുന്ന ഒരാൾ വന്ന് പറയുകയാണ്. എന്ത് ചെയ്യും ഞാൻ? അത് പോലെയുള്ള ഘട്ടങ്ങൾ കടന്നുവന്നവനാണ് ഞാൻ.

വെള്ളിയാഴ്ച മുഖ്യമന്ത്രി പറഞ്ഞത്

മക്കളെ തട്ടിക്കൊണ്ടുപോകൽ പദ്ധതി

ഒരു ദിവസം അതിരാവിലെ സുധാകരന്റെ സുഹൃത്ത് എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫിനാൻസിയർ കൂടിയായിരുന്നു അയാൾ. സുധാകരനു നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളതെന്നു പറഞ്ഞു. വരുന്നിടത്തു കാണാമെന്നു ഞാൻ പറഞ്ഞു. ഭാര്യയോടു പോലും പറഞ്ഞില്ല. ഭാര്യ രണ്ടു കുട്ടികളെയും കയ്യിൽ പിടിച്ചു സ്‌കൂളിൽ പോകുന്ന കാലമാണ്. ആരോടും പറയാൻ പോയില്ല.

പണമുണ്ടാക്കാൻ മാത്രമാണ് സുധാകരൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നാണ് കണ്ണൂരിലെ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിരുന്ന പി. രാമകൃഷ്ണൻ പറഞ്ഞത്. സുധാകരനു വിദേശ കറൻസി ഇടപാടും ബ്ലേഡ് കമ്പനികളുമുണ്ട്. മണൽ മാഫിയയുമായി നേരിട്ടു ബന്ധമുണ്ട്. നേതാക്കൾക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കി.

ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രകാശ്ബാബുവും എങ്ങനെ സുധാകരന് എതിരായെന്നു രാമകൃഷ്ണൻ പറയുന്നുണ്ട്. പുഷ്പരാജിന്റെ കാലു തകർത്തു. രാമകൃഷ്ണനെ ഡിസിസി ഓഫിസിൽ കയറാൻ സമ്മതിച്ചില്ല. ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ ലഭ്യമാണ്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ചു തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി കെപിസിസി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫിസിനായി പിരിച്ച കോടികളെവിടെ ? ചിറക്കൽ രാജാസ് സ്‌കൂൾ വാങ്ങാൻ 30 കോടി പിരിച്ചെങ്കിലും സ്‌കൂൾ വാങ്ങിയില്ല. അലഞ്ഞു നടന്നുവന്ന റാസ്‌കലാണ് സുധാകരൻ; ഭീരുവുമാണ്.

സപ്തകക്ഷി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബ്രണ്ണൻ കോളജിൽ ഹാൾ ഉദ്ഘാടനത്തിനെത്തിയ സി.എച്ച്.മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി, ചെരിപ്പെറിഞ്ഞ് ചടങ്ങ് അലങ്കോലപ്പെടുത്താൻ സുധാകരൻ ശ്രമിച്ചു. ചടങ്ങ് സുഗമമായി നടന്നത് അന്നവിടെ കെഎസ്എഫിൽ പ്രവർത്തിച്ചിരുന്ന എ.കെ. ബാലൻ അടക്കമുള്ളവരുടെ ബലത്തിലാണ്. പുതുക്കിയ ഹാളിന്റെ ഉദ്ഘാടനത്തിന് ഈയിടെ പോയപ്പോൾ ബാലനാണ് ഈ സംഭവം പറഞ്ഞത്. സുധാകരനെ കോളജിൽ വിദ്യാർത്ഥികൾ അർധ നഗ്‌നനാക്കി നടത്തിയിട്ടുണ്ട്.

തനിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി ആരോപണങ്ങൾ തെളിയിച്ചാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. ബ്രണ്ണൻ കോളേജിലെ സഹപാഠികളിൽ ഒരാളെങ്കിലും, ഈ ആരോപണങ്ങൾ ശരിയാണെന്ന് പറഞ്ഞാൽ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കിൽ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരൻ ചോദിച്ചു. നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകണമെന്നും സുധാകരൻ പറഞ്ഞു.

കടപ്പാട്: മനോരമ ന്യൂസ്