തലശേരി: സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ഏറ്റുമുട്ടുമ്പോൾ ചർച്ചയാകുന്നത് കണ്ണൂരിലെ കലാലയരാഷ്ട്രീയം. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ധർമടത്തെ ബ്രണ്ണൻ കോളേജും അതിന്റെ ചരിത്രവും ഇപ്പോൾ സംസ്ഥാനരാഷ്ട്രീയത്തിന്റെ ചർച്ചയായി മാറിയിരിക്കുകയാണ്. നേരത്തെ എർണാകുളത്തെ മഹാരാജാസും തിരുവനന്തപുരത്തെ യൂനിവേഴ്സിറ്റി കോളേജും ചർച്ചയായ സ്ഥാനത്താണ് ഇപ്പോൾ ബ്രണ്ണൻകോളേജും കടന്നുവന്നിരിക്കുന്നത്.

മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിൽ കൊമ്പുകോർക്കൽ തുടങ്ങിയതോടെ പ്രധാനകഥാപാത്രമായി ബ്രണ്ണൻ കോളേജ് മാറിയത് േസോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്. ബ്രണ്ണനിൽ രാഷ്ട്രീയ എതിരാളികൾ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുവന്നാണ് താൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയതെന്നും തന്നെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നു മംഗളൂരിൽ വിലക്ക് ഏർപ്പെടുത്തിയതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതോടെയാണ് ധർമടത്തെ ഈ കലാലയം രാഷ്ട്രീയ ശ്രദ്ധയിലേക്ക് കൂടുതൽ വരുന്നത്.

മംഗളൂരിൽ നടന്ന പൊതുയോഗത്തിലാണ് സംഘപരിവാറിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇതോടെ ഇന്ത്യയിലെ തന്നെ സംഘപരിവാറിനെതിരെ നിർഭയം പോരാടുന്ന നേതാവിന്റെ പ്രതിച്ഛായ മുഖ്യമന്ത്രിക്ക് ലഭിക്കുകയും ചെയ്്തു. എന്നാൽ തങ്ങൾ പലപ്പോഴും അടിച്ചോടിച്ച വിദ്യാർത്ഥി നേതാവായിരുന്നു പിണറായി വിജയനെന്ന കെ.സുധാകരന്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ ധീരോദാത്തമായ ഈ ഇമേജിനെയാണ് പൊളിച്ചടുക്കിയത്. ഇതാണ് പൊതുവേ സുധാകരന്റെ വിമർശനങ്ങളെ തൃണവൽഗണിച്ചിരുന്ന പിണറായിയെ പ്രകോപിപ്പിച്ചതും സുധാകരനെതിരെ ആഞ്ഞടിക്കാൻ പ്രേരിപ്പിച്ചതും.

ആണ്ടി വലിയ അടിക്കാരനെന്ന് ആണ്ടി തന്നെ പറഞ്ഞു നടക്കുന്നുവെന്ന നാട്ടുമൊഴി ധർമടം ഭാഗത്തുണ്ട്. സ്വന്തം വീരകൃത്യങ്ങളെ സ്വയം പുകഴ്‌ത്തി സംസാരിക്കുവരെ പരിഹസിക്കുന്നതാണ് ഈ പഴമൊഴി. ന്യൂജനറേഷൻ ഭാഷയിൽ തള്ളെന്നും പറയും. പിണറായി ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നകാര്യം തനിക്കറിയില്ലെന്നു പറയുന്ന സുധാകരൻ തന്റെ സുദീർഘമായ അഭിമുഖത്തിൽ രണ്ടാംനിലയിലെ കോവണിയിൽ നിന്നും പൂർവവിദ്യാർത്ഥിയായ പിണറായിയെ ചവുട്ടിവീഴ്‌ത്തിയത് വെളിപ്പെടുത്തിയതാണ് വിവാദമായത്.നീലഷർട്ടും വെള്ളമുണ്ടുമുടുത്താണ് പിണറായി വിജയൻ സ്പളിമെന്ററി പരീക്ഷയെഴുതാനായി അവിടെയെത്തിയത്.

എ.കെ ബാലന്റെ നടത്തിയ എസ്. എഫ്. ഐ വിദ്യാഭ്യാസസമരം പൊളിക്കുകയായിരുന്നു സുധാകരന്റെ ലക്ഷ്യം.ബഹളം കേട്ട് പരീക്ഷാമുറിയിൽ നിന്നും ഓടിയെത്തുകയായിരുന്നു പിണറായി. കോവണിപ്പടിക്ക് മുകളിൽ നിന്നിരുന്ന സുധാകരനെ നീയെന്താധാരാസിങാണോയെന്നു വെല്ലുവിളിച്ച പിണറായിവിജയനെ അന്ന് കളരി അഭ്യാസിയായ താൻ താഴേക്ക് ചവുട്ടിതെറിപ്പിച്ചെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നില്ലെന്നും താൻ കൈകൾ കൂട്ടിയിടിച്ച് വെല്ലുവിളിച്ചപ്പോൾ സുധാകരനെ മറ്റുവിദ്യാർത്ഥികൾ പിടിച്ചുമാറ്റുകയാണ് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തന്നെ അടിക്കണമെന്നും ചവുട്ടിവീഴ്‌ത്തണമെന്നുമുള്ളതെല്ലാം സുധാകരന്റെ വ്യാമോഹമാണെന്നായിരുന്നു പിണറായി പരിഹസിച്ചത്.

എന്നാൽ ഇത്തരമൊരു സംഭവം തനിക്കറിയില്ലെന്നാണ് അന്നത്തെ കെ. എസ്.യു യൂനിറ്റ് സെക്രട്ടറിയായ മമ്പറം ദിവാകരന്റെയും വെളിപ്പെടുത്തൽ. അന്ന് സുധാകരൻ തങ്ങളോടൊപ്പമുണ്ടായിരുന്നില്ലെന്നും സംഘടനാ കോൺഗ്രസുകാരനായിരുന്നുവെന്നും ദിവാകരൻ വെളിപ്പെടുത്തുന്നു. എന്നാൽ സുധാകരൻ ഇപ്പോൾ നടത്തുന്ന വെളിപ്പെടുത്തലുകളെല്ലാം പച്ചനുണയാണെന്നാണ് അന്നത്തെ എസ്. എഫ്. ഐ നേതാവായ എ.കെ ബാലൻ പറയുന്നത്.

ബ്രണ്ണൻ കോളേജിൽ താൻ കെഎസ്എഫിന്റെയും സുധാകരൻ കെഎസ്‌യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചിട്ടുണ്ട്. കെഎസ്എഫിനെ തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ പലവിധ ശ്രമങ്ങളും നടന്നു. ഒരിക്കൽ സുധാകരനും സംഘവും ആക്രമിക്കാൻ വന്നപ്പോൾ പിണറായി വിജയൻ വന്നതും ഓർക്കുന്നു. എന്നാൽ പരസ്പരമുള്ള വാക്കേറ്റമല്ലാതെ ഇപ്പോൾ സുധാകരൻ പറഞ്ഞ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. പിന്നീട്, സുധാകരൻ സംഘടനാ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ്ഒ നേതാവായി. മമ്പറം ദിവാകരൻ കെഎസ്‌യുവിന്റെയും ഞാൻ എസ്എഫ്ഐയുടെയും സുധാകരൻ എൻഎസ്ഒയുടെയും ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചു. ഞാനാണ് വിജയിച്ചത്. ജനതാ പാർട്ടിവഴി പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചുവന്ന സുധാകരൻ ഇപ്പോൾ പറയുന്നതെല്ലാം ഭാവനമാത്രമാണെന്നും എ.കെ ബാലൻ പറഞ്ഞു.

തന്റെ സുഹൃത്തായ ഫ്രാൻസിസ് കത്തിവീശിയപ്പോൾ തലനാരിഴയ്ക്കാണ് പിണറായി രക്ഷപ്പെട്ടതെന്നു സുധാകരൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എസ്. എഫ്. ഐ നേതാവായ എ.കെ ബാലനെ വധശ്രമത്തിൽ നിന്നും രക്ഷപ്പെടുത്തിയത് പിന്നീട് വീക്ഷണം ബ്യൂറോചീഫായിരുന്ന എടക്കാട് ലക്ഷ്മണനായിരുന്നു. ബാലനെ ലക്ഷ്യമിട്ടുവന്ന കെ. എസ്. യു പ്രവർത്തകരിൽ നിന്നും പിടിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു എടക്കാട് ലക്ഷ്മണൻ.ബ്രണ്ണനിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ അഷ്റഫ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ടത് അന്നത്തെ കെ. എസ്.യു നേതാവായ മമ്പറം ദിവാകരനാണ്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അഷ്റഫ് മരണമടയുന്നത്.

സംസ്ഥാനത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ആദ്യരക്തസാക്ഷിയായാണ് എസ്. എഫ്. ഐ അഷ്റഫിനെ വിശേഷിപ്പിക്കുന്നത്. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും കെ. എസ്. വൈ. എഫിലെത്തിയ പിണറായി വിജയൻ പിന്നീട് സി.പി. എം തലശേരി ലോക്കൽ സെക്രട്ടറിയായാണ് പാർട്ടി പ്രവർത്തനമാരംഭിച്ചത്. കണ്ണൂരിലെ ആദ്യരാഷ്ട്രീയ കൊലപാതകമെന്നു വിശേഷിപ്പിക്കുന്ന വാടിക്കൽ രാമകൃഷ്ണന്റെ വധക്കേസിൽ പ്രതിയാകുന്നത്് ഈ സാഹചര്യത്തിലാണ്. അന്നത്തെ വിദ്യാർത്ഥി യൂനിയൻ പ്രവർത്തകനായ കോടിയേരി ബാലകൃഷ്ണനെ സ്‌കൂൾ വിട്ടു വരും വഴി സംഘ്പരിവാർ പ്രവർത്തകർ അക്രമിച്ചു പരുക്കേൽപ്പിച്ച സംഭവത്തിലാണ് തിരിച്ചടിയുണ്ടായത്.

ഗുരുതരമായി പരുക്കേറ്റ കോടിയേരി ഏറെനാൾ ആശുപത്രിയിൽ കിടന്നിരുന്നു ഇതിന് പ്രത്യാക്രമണം നടത്താൻ സി.പി. എം തീരുമാനിക്കുകയായിരുന്നു.മുകുന്ദ് മല്ലാർ റോഡിൽ ആർ. എസ്. എസ് ശാഖ തുടങ്ങിയത് വാടിക്കൽ രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. തലശേരിയിൽ ആർ. എസ്. എസ് വേരുറപ്പിച്ചു വന്നിരുന്നത് തയ്യൽ തൊഴഴിലാളിയായ രാമകൃഷ്ണന്റെ സംഘാടനാ മികവിലായിരുന്നു. ഇതോടെയാണ് വാടിക്കൽ രാമകൃഷ്ണനെ തെരഞ്ഞുപിടിച്ചു കൊല്ലാൻ തന്നെ തീരുമാനിച്ചത്. കൊടുവാളും കൈമഴുവും ഉപയോഗിച്ചു വെട്ടിയും കുത്തിയുമായിരുന്നു ആ കൊലപാതകം. തലശേരി താലൂക്കിൽ കൊലപാതക രാഷട്രീയത്തിന് വിത്തിട്ട ഈ കൊലപാതകത്തിന് ശേഷം കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായത് മുന്നൂറിലേറെപ്പേരാണ്.