തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദനെ അനുസ്മരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ ആകണമെന്ന് സഖാവ് ചടയൻ ജീവിതം കൊണ്ട് പഠിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതിസങ്കീർണ്ണമായ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ സഖാവ് കാട്ടിയ നേതൃപാടവം എല്ലാവർക്കും ഒരു പാഠമാണ്. ഓരോ ചുവടു മുന്നോട്ട് നീങ്ങുമ്പോഴും സഖാവ് ചടയന്റെ ഓർമ്മകൾ കരുത്തും ദിശാബോധവും നൽകുമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സഖാവ് ചടയൻ ഗോവിന്ദൻ ദിനമാണ് സപ്തംബർ 9. തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി സംസ്ഥാനത്തെ പാർട്ടിയെ നയിക്കാനുള്ള ചുമതലയിൽ എത്തിയ കമ്യൂണിസ്റ്റ് വിപ്ലവകാരിയായിരുന്നു ചടയൻ. അതുല്യ സംഘാടകൻ, ദൃഢതയുള്ള നിലപാട്, ഉന്നതമായ പാർട്ടി ബോധം, ഒരു കമ്മ്യൂണിസ്റ്റ് എങ്ങനെ ആകണമെന്ന് സഖാവ് ചടയൻ ജീവിതം കൊണ്ട് പഠിപ്പിച്ചു. അതിസങ്കീർണ്ണമായ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ സഖാവ് കാട്ടിയ നേതൃപാടവം ഞങ്ങൾക്കെല്ലാം ഒരു പാഠമാണ്. രോഗം അലട്ടിയപ്പോഴും പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി അദ്ദേഹം വ്യാപൃതനായി. ഏറ്റവും അടുത്തു നിന്ന് പ്രവർത്തിച്ച സഖാവും നേതാവും സഹോദരനുമായിരുന്നു സ.ചടയൻ. ഓരോ ചുവടു മുന്നോട്ട് നീങ്ങുമ്പോഴും സഖാവ് ചടയന്റെ ഓർമ്മകൾ കരുത്തും ദിശാബോധവും നൽകും.