- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുറത്തുവന്നത് ഭയങ്കര കാര്യമല്ലേ.. എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നു; ഇതിൽ വലിയ ഗൂഢാലോചനയുണ്ട്; അന്വേഷണം മുറുകിയപ്പോളാണ് രേഖകൾ പുറത്തുവന്നത്; എല്ലാം പുറത്തുവരും; ആഴക്കടൽ വിവാദത്തിൽ പ്രശാന്തിനെ മഹാൻ എന്ന് വിശേഷിപ്പിച്ചു മുഖ്യമന്ത്രിയുടെ പരാഹാസം; ദല്ലാളിനും ബന്ധമെന്ന് ആരോപണം
മലപ്പുറം: ഇഎംസിസിയുമായി ഉണ്ടാക്കിയ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിറണായി വിജയൻ. കരാറിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നു എന്ന രേഖകൾ പുറത്തുവന്നപ്പോൾ അതിനെയും പിണറായി തള്ളിക്കളഞ്ഞു. പുറത്തുവന്നത് ഭയങ്കര കാര്യമല്ലേയെന്ന് പരിഹസിച്ച മുഖ്യമന്ത്രി എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
'ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു ഗൂഢാലോചന അരങ്ങേറിയിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഇന്നത്തെ കാലത്ത് ഒന്നും രഹസ്യമല്ല. ഇതിന്റെ തുടക്കം തന്നെ ഒരു ഗൂഢാലോചനയുടെ ഭാഗമായി തുടങ്ങിയതാണ്. സർക്കാർ എതിരായി പ്രവർത്തിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾക്കിടയിൽ ഒരു ബോധ്യം ഉണ്ടാക്കിയാൽ അവർ വലിയ വികാരാധീനരാകും. അതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്. മറ്റു പല കാര്യങ്ങളിലും ഇടപെടുന്ന ദല്ലാൾ എന്നറിയപ്പെടുന്ന ആളടക്കം ഇടപ്പെട്ടുവെന്നാണ് കേൾക്കുന്നത്. അന്വേഷണം മുറുകിയപ്പോളാണ് രേഖകൾ പുറത്തുവന്നത്. എല്ലാം പുറത്തുവരും. പി.ആർ.ഡി.പരസ്യം ഇറക്കാൻ മഹാൻ നിർബന്ധിച്ചു. ഗൂഢാലോചനയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങൾ നടത്തിയത്. ഈ പറയുന്ന മഹാന് ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ ആ ബന്ധപ്പെട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നു' മുഖ്യമന്ത്രി പറഞ്ഞു.
കേരള ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി എൻ.പ്രശാന്തിനേയാണ് മുഖ്യമന്ത്രി മഹാൻ എന്ന് വിശേഷിപ്പിച്ചത്. പ്രശാന്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ടെന്നും പറഞ്ഞു. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇ.എം.സി.സി. കമ്പനി ഉടമ കോൺഗ്രസുകാരുടെ നാമനിർദ്ദേശത്തോടെ മത്സരിക്കുന്നത് ഗൂഢാലോചനയുടെ പരിസമാപ്തിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
അതേസമയം ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നുണ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അമേരിക്കൻ കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവും അദ്ദേഹത്തിന്റെ നേതൃത്വവും ഉണ്ടായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വകുപ്പാണ് ഈ കരാറുകളെല്ലാം ഒപ്പിട്ടത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കടൽ വിൽക്കാൻ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായി നടത്തിയ ചർച്ച മുതൽ ധാരാണപത്രം ഒപ്പിട്ടത് വരെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്ന രേഖകൾ പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായുള്ള ധാരണാപത്രം സർക്കാരിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകളാണ് നേരത്തെ പുറത്തുവന്നത്. ഇഎംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ മറുനാടനും പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ചാനലിന് ലഭിച്ച രേഖകളിൽ പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉൾനാടൻ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി അമേരിക്കൻ കമ്പനി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേദിവസം ദിനേശ് ഭാസ്‌ക്കർക്ക് സന്ദേശം ലഭിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഇതേദിവസം തന്നെ അഡീഷണൽ ചീഫ് സെക്രട്ടിറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.ധാരണപത്രത്തിന്റെ ഫയലിൽ കെഎസ്ഐൻഎസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്‌ക്കറുമായി ചർച്ച നടത്തിയതായും, ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തേക്കുമെന്നും പറയുന്നുണ്ട്. പിആർഡി വഴി വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും നിർദ്ദേശിച്ചുവെന്ന് കുറിപ്പിലുണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ