തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയ കേന്ദ്രസർക്കാർ നടപടിയെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള നടത്തിപ്പിൽ പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് ഈ മേഖലയിൽ കുത്തകാവകാശം നൽകാനാണ് കേന്ദ്രസർക്കാർ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അദാനിക്ക് കൈമാറിയാൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചുപോലും മുന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സുപ്രീംകോടതിയിലെ ഹർജി പോലും പരിഗണിക്കാതെയാണ് കേന്ദ്രത്തിന്റെ നടപടി. കൈമാറ്റം വികസനത്തിനല്ല. കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. നിയമ നടപടികൾക്കായി സർക്കാർ ചുമതലപ്പെട്ടത്തിയ അഭിഭാഷക സംവിധാനം ഫല പ്രദമാണ്. അവർ ദുഃസ്വാധീനത്തിന് വഴങ്ങുന്നവരല്ല. വിമാനത്താവള സ്വകാര്യവൽക്കരണം തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതിനിടെ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരായ ഹർജികൾ തിങ്കളാഴ്ച തന്നെ പരിഗണിക്കണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഹർജി ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. വിമാനത്താവള നടത്തിപ്പ് കരാർ ഒപ്പുവച്ചെന്ന എയർ പോർട്ട് അതോറ്റിയുടെ അറിയിപ്പിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ നീക്കം.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യംചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി ഒക്ടോബർ 19 ന് തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നവംബറിലാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് പുറമെ എയർപോർട്ട് ജീവനക്കാരുടെ സംഘടനയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.