കണ്ണൂർ: പവിത്രമായ ശബരിമല സന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവാണ് ശബരിമല തന്ത്രി ബിജെപി. പ്രസിഡണ്ട് പി.എസ്.ശ്രീധരൻപിള്ളയോട് നിയമോപദേശം തേടിയെന്ന വെളിപ്പെടുത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ കണ്ണൂരിൽ എൽ.ഡി.എഫ്. സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി.യുടെ അജണ്ട അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുന്നവരാണ് ശബരിമലയിലെ തന്ത്രിയും രാജകുടുംബവുമെന്ന് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇതിലൂടെ ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ആരാണെന്ന് തിരിച്ചറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തന്ത്രി ഒരു കാര്യത്തിന് അദ്ദേഹത്തിന്റെ ഫോണിലല്ലാതെ മറ്റൊരു ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും നിയമോപദേശം തേടിയെന്നുമാണ് ശ്രീധരൻപിള്ള പറഞ്ഞത്. തന്ത്രി ഇത്തരം കാര്യത്തിന് ശബരിമലയുമായി ബന്ധപ്പെട്ട് അഭിഭാഷകനോടോ ശബരിമല കാര്യങ്ങൾ നിരീക്ഷിക്കുന്ന ഹൈക്കോടതി റിട്ട. ജസ്റ്റിസിനോടോ അഡ്വ. ജനറലിനോടോ ആയിരുന്നു ഉപദേശം തേടേണ്ടിയിരുന്നത്. വേണമെന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാറിന്റെ അറ്റോർണി ജനറലിനോടോ ഉപദേശം തേടാം. എന്തുകൊണ്ട് അവരെ സമീപിച്ചില്ല മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ തന്ത്രിയും ശബരിമലയിലെ പ്രശ്നത്തിൽ ഭാഗവാക്കായില്ലേ എന്നും സംശയിക്കുന്നു.

തന്ത്രി നിയമോപദേശം തെടേണ്ടത് ബിജെപിയോടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിക്ക് വിശ്വാസം ബിജെപി സംസ്ഥാന പ്രസിഡന്റിലാണ് എന്നാണ് പറയുന്നത്. ശബരിമലയിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തന്ത്രി വിശ്വസിക്കുന്നത് വിചിത്രമാണ്. തന്ത്രിക്ക് നിയപോദേശം നേടാൻ അവകാശമുണ്ട്. പക്ഷെ അതിന് ഉത്തരവാദിത്വപ്പെട്ട വേറെ ആളുകളുണ്ട്. തന്ത്രി നിയമോപദേശം നേടേണ്ടത് ബിജെപിയോടല്ല. ആ ഘട്ടത്തിൽ ഉണ്ടായ പ്രത്യേക കൂട്ടുകെട്ടിൽ തന്ത്രിയും ഭാഗവാക്കായി. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു.

ശബരിമലയിൽ അക്രമം നടത്തിയത് ബിജെപിയാണെന്ന് ശ്രീധരൻപിള്ള പച്ചയായി പറഞ്ഞിരിക്കയാണ്. ബിജെപിയുടെ 'സ്ട്രാറ്റജിയാണ്' നടപ്പിലാക്കിയത്. ഇക്കാര്യം ശ്രീധരൻപിള്ള ഇടക്കിടെ പറയുന്നത്. വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിയെയും രാജകുടുംബകത്തെയും ക്ഷണിച്ചിരുന്നു. അവർ വരും എന്നാണ് പ്രതീക്ഷിച്ചത്. ഇപ്പൊഴാണ് അവർ വരാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായത്. ബിജെപിയുടെ അജണ്ടകൾ നടപ്പാക്കുന്ന ആളുകളായി ഇവരെ മാറ്റി എന്നാണ് ശ്രീധരൻപിള്ള പറയുന്നത്.

ശബരിമലയിൽ പണം ഭണ്ഡാരത്തിൽ ഇടരുത് എന്ന് പറയുന്ന ആർ.എസ്.എസ് ഗുരുവായൂരിലും സമാനമായി സമരം ചെയ്തിട്ടുണ്ട്. സർക്കാർ ശബരിമലയ്ക്ക് എതിരല്ല. ശബരിമലയെ സംരക്ഷിക്കാൻ എന്ത് നടപടിക്കും സർക്കാർ ഒരുക്കമാണ്. പ്രളയാനന്തരം ഏറ്റവും പ്രാധാന്യത്തോടെ സർക്കാർ പുനർനിർമ്മാണ പ്രവർത്തനം നടത്തിയത് ശബരിമലയിലാണ്. വിശ്വാസ സംരക്ഷണത്തിന് സർക്കാർ മുൻതൂക്കം കൊടുക്കാറുണ്ട്. മതനിരപേക്ഷത എന്നാൽ വിശ്വാസമുള്ളവർക്കും ഇല്ലാത്തവർക്കും അതനുസരിച്ച് ജീവിക്കാനുള്ള അവസരമൊരുക്കലാണ്.

നമ്മുടെ നാട്ടിൽ ഇതേവരെ വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള വേർതിരിവ് ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ചില പ്രസ്ഥാനങ്ങളെ അവിശ്വാസികളായി മുദ്ര കുത്തുന്നു. എൽ.ഡി.എഫിന് ഒപ്പമുള്ളവർ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. എന്നാൽ എൽ.ഡി.എഫ് അവിശ്വാസികളുടെ കൂടാരമാണെന്ന പ്രചരണവുമായി ചിലർ രംഗത്തുണ്ട്. ഈ ശൈലി ആരുടേതാണെന്ന് ഓർക്കണം. മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾക്കൊപ്പമുള്ളവർ വിശ്വാസികൾ മാത്രമല്ല വിശ്വാസികളല്ലാത്തവരുമുണ്ട്. വിശ്വാസികൾക്ക് എല്ലാ സംരക്ഷണവും സർക്കാർ നൽകും. അതുപോലെ തന്നെ വിശ്വാസമില്ലാത്തവർക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശവും ഈ നാട്ടിലുണ്ട്.ബിജെപി കെട്ടിപ്പൊക്കുന്ന ഓരോ നുണയും പൊളിഞ്ഞുകൊണ്ടിരിക്കയാണ്.

ശബരിമലയിലെത്തുന്ന ലക്ഷങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പേ കേരളത്തിൽ ഒരു ഹൈക്കോടതി വിധി വന്നിരുന്നു. സ്ത്രീ പ്രവേശനത്തിന് എതിരായ ഹർജിയിലായിരുന്നു ആ വിധി. അതിനുമുമ്പ് സ്ത്രീകൾ ശബരിമലയിൽ പോകാറുണ്ടായിരുന്നു.

അതിന് ഏറ്റവും വലിയ തെളിവ് കുമ്മനം രാജശേഖരനാണ്. കുമ്മനം അന്ന് തന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. ആ കത്തിൽ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിനെപ്പറ്റി വ്യക്തമായി പറയുന്നുണ്ട്. മാസപൂജയ്ക്ക് നട തുറക്കുമ്പോൾ ഒരുപാട് സ്ത്രീകൾ ശബരിമലയിൽ പോകാറുണ്ടായിരുന്നു. പിന്നീട് ഹൈക്കോടതി സ്ത്രീ പ്രവേശനം വിലക്കി. പിന്നീട് മാറിമാറി വന്ന സർക്കാരുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്നാണ് പറയുന്നത്. ചരിത്ര വിധിയെന്ന് പറഞ്ഞ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തവരാണ് കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം. എന്നാൽ കേരളത്തിൽ ഉമ്മൻ ചാണ്ടിയും കെപിസിസി. പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും പിന്നീട് കളം മാറ്റി ചവിട്ടുകയും ചെയ്തു. ആർ. എസ്. എസ് നിലപാടിനൊപ്പമാണ് ഇപ്പോൾ അവരുള്ളത്. കോൺഗ്രസ്സിൽ ഒരു വിഭാഗം ആർ. എസ്. എസ്. അനുമതിയോടെയാണ് ആ പാർട്ടിയിൽ തുടരുന്നതെന്ന് സംശയിക്കുന്നു. ആർ. എസ്. എസ്. നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ അണി ചേരുന്നവർ പിന്നീട് എത്രപേർ കോൺഗ്രസ്സിൽ നിൽക്കും. ആരെയാണ് നിങ്ങൾ ശക്തിപ്പെടുത്തുന്നത്. ഈ അപകടം നേരത്തെ ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ടിരിക്കയാണ്.

കണ്ണൂരിലെ ഒരു കോൺഗ്രസ്സ് നേതാവ് ആർ. എസ്. എസ് ഭാഗത്തേക്ക് കാല് ചവിട്ടി നിൽക്കുന്നുണ്ട്. പൂർണ്ണമായും ചവിട്ടിയിട്ടില്ല. മുമ്പ് പിറകിൽ കത്തി കാട്ടി ഭയപ്പെടുത്തി സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യിച്ച നേതാവാണത്. ശബരിമലയിൽ അദ്ദേഹം ചില മാധ്യമ പ്രവർത്തകരെ അത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി വിവരമുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നിലകൊള്ളാൻ സർക്കാറിനാവില്ല. ഇവിടെ പ്രക്ഷോഭം നടത്തുന്നവരുടെ നേതാക്കളാണ് കേന്ദ്രം ഭരിക്കുന്നത്. അവർക്ക് ഓഡിനൻസിലൂടെ മറികടന്നുകൂടേ? സുപ്രീം കോടതിക്കു മുന്നിൽ ഓഡിനൽസ് നിലനിൽക്കില്ല. പുരുഷന് തുല്യമായ അധികാരം സ്ത്രീക്കുണ്ടോ എന്നതാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. അതുകൊണ്ടു തന്നെ ഭരണ ഘടനാ വ്യവസ്ഥ അനുസരിച്ച് ഓഡിനൻസ് കൊണ്ടു വരാൻ കഴിയില്ല. പിണറായി പറഞ്ഞു.