- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഞങ്ങൾ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല.. അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ട്, ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുക; 'നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാസമ്പന്നരായ ആളുകളുണ്ടെന്ന് എല്ലാവർക്കും അറിയാല്ലോ'; സത്യപ്രതിജ്ഞാ ചടങ്ങിനുള്ള തയ്യാറെടുപ്പ് നടത്താൻ നിർദ്ദേശം നൽകിയെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എക്സിറ്റ് പോളുകൾ തുടർഭരണം പ്രവചിക്കുമ്പോൾ ഇടതു മുന്നണി വലിയ ആത്മവിശ്വാസത്തിലാണ്. ഇതിനിടെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്താനായി മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്ന വാർത്തകൾ ചില മാധ്യങ്ങളിൽ വന്നത്. എന്നാൽ, ഈ വാർത്തകൾ തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി രംഗത്തെത്തി.
സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടത്താനായി താൻ നിർദ്ദേശം നൽകിയെന്ന മാധ്യമവാർത്തകൾ അദ്ദേഹം തള്ളി. ഇംഗ്ളീഷ് ദിനപത്രമായ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ൽ ഇത് സംബന്ധിച്ച് വന്ന വാർത്ത ചൂണ്ടിക്കാട്ടിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സർക്കാർ അതേക്കുറിച്ച് യാതൊന്നും ആലോചിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുതയെന്നും അത്തരം കാര്യങ്ങൾ ആലോചിക്കുന്നതിന് ഒരു രീതിയുണ്ടെന്നും ആ രീതിയിൽ മാത്രമാണ് തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.മാധ്യമപ്രവർത്തരെ കുറ്റപ്പെടുത്തിക്കൊണ്ട് 'നിങ്ങളുടെ ഇടയിൽ ധാരാളം ഭാവനാ സമ്പന്നരുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ'- എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുമ്പും ഇത്തരത്തിൽ ഭാവനാ സമ്പന്നർ രംഗത്തുവന്നിട്ടുള്ളതാണെന്നും ഇപ്പോൾ ഇക്കാര്യത്തില് അങ്ങനെ തന്നെയിരിക്കട്ടെ എന്ന് വിചാരിച്ചതാകാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ഇടതുമുന്നണിക്ക് തുടർഭരണമുണ്ടാവുകയാണെങ്കിൽ തിങ്കളാഴ്ച്ച തന്നെ സത്യപ്രതിജ്ഞാ ചടങ്ങൊരുക്കാൻ മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകിയെന്നായിരുന്നു വാർത്ത. രാജ്ഭവനിൽ ലളിതമായ ഒരു ചടങ്ങായി സത്യപ്രതിജ്ഞ ചുരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചതായി 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ നീട്ടിക്കൊണ്ട് പോകില്ലെന്ന് സിപിഎം വൃത്തങ്ങൾ സൂചന നൽകുന്നതിനിടെയാണ് ഇത്തരമൊരു വാർത്തയും വന്നത്. കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമായിരിക്കെ ഭരണപ്രതിസന്ധി ഉണ്ടാകാൻ പാടില്ലെന്നാണ് പാർട്ടി നിലപാട്. തുടർഭരണമുണ്ടായാൽ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിക്കണമെന്ന നിർദ്ദേശം മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് നൽകി എന്നായിരുന്നു വാർത്ത.
നാളെ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽ.ഡി.എഫ് അനുകൂല വിധിയെഴുത്ത് ഉണ്ടായാൽ പൊതുഭരണ വകുപ്പ് രാജ്ഭവനുമായി ആലോചിച്ച് മറ്റ് ക്രമീകരണങ്ങൾ ഒരുക്കമെന്നും കോവിഡ് പ്രോട്ടോക്കൾ അടക്കം പാലിക്കേണ്ടത് ഉള്ളതിനാൽ രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ നടക്കുക. ചുരുക്കം ചിലർ മാത്രമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുകയെന്നുമായിരുന്നു പുറത്തുവന്ന വാർത്ത. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെ കെ ശൈലജയും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
നാളെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർട്ടിഫിക്കറ്റും വാങ്ങിയാകും രാജിക്കത്ത് നൽകാൻ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കുക. നാളെ രാത്രി തന്നെ അദ്ദേഹം തലസ്ഥാനത്തേക്ക് പുറപ്പെടുമെന്നാണ് വിവരം.യു.ഡി.എഫ് അധികാരത്തിൽ വന്നാലും സത്യപ്രതിജ്ഞ നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല.
മറുനാടന് മലയാളി ബ്യൂറോ