- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ: 88 കിലോമീറ്ററിൽ ആകാശപാത; 1383 ഹെക്ടർ ഭൂമി വേണ്ടിവരും; പരിസ്ഥിതി ആഘാത പഠനം നടത്തി; കേന്ദ്രാനുമതി അന്തിമഘട്ടത്തിൽ; 63941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാത (സിൽവർ ലൈൻ) സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ പരിശോധനകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർധ അതിവേഗ റെയിൽപ്പാത പദ്ധതിയുടെ അനുമതി അവസാനഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കെ റെയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ഉൾപ്പെടെ 1383 ഹെക്ടർ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 13362 കോടി സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവാകും.
ഏറ്റെടുക്കേണ്ടതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയെന്നും 9314 കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. ഒരു ഹെക്ടറിന് ഒൻപത് കോടി നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാടശേഖരങ്ങൾക്ക് മുകളിൽ 88 കിലോമീറ്റർ ആകാശപാത ഉണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്ളിക്ക് ഹിയറിങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി നടത്തിപ്പിന് മുന്നോടിയായ സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് സാമൂഹിക ആഘാത പഠനം നടത്തുക. പരിസ്ഥിതി ആഘാത പഠനം നടത്തിയതിൽ പാടശേഖരങ്ങൾക്ക് മുകളിലൂടെ 88 കിലോമീറ്റർ പാത നിർമ്മിക്കേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. പഠനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് സർക്കാർ വീണ്ടും അടിവരയിടുകയാണ്.
അതേസമയം കെ റെയിൽ അപ്രായോഗികമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. പരിസ്ഥിതിക്ക് വലിയ ആഘാതവും സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുമുണ്ടാകുമെന്നാണ് യുഡിഎഫ് ഉപസമിതി ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്. പദ്ധതിയുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ അന്തിമാനുമതിക്കായി റെയിൽ മന്ത്രാലയത്തിനും സാമ്പത്തികകാര്യ വകുപ്പിനും കേന്ദ്ര മന്ത്രിസഭക്കും സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ റെയിൽവേ മന്ത്രാലയം, നീതി ആയോഗ്, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പെന്റീച്ചർ എന്നീ വിഭാഗങ്ങൾ അംഗീകരിക്കുകയും ഈ തുകയിൽ ഉൾപ്പെട്ട 33,700 കോടി രൂപയുടെ വിദേശവായ്പക്ക് കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിന് ശുപാർശ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതിക്കായി വിദേശവായ്പ എടുക്കുന്നതിന് കേന്ദ്രസർക്കാരിന്റെ സാമ്പത്തികകാര്യ മന്ത്രാലയത്തിൽ പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിങ് കമ്മിറ്റി പദ്ധതികൾ പരിശോധിച്ച് വിദേശധനകാര്യ സ്ഥാപനങ്ങൾക്ക് വായ്പകൾക്കായി സമർപ്പിക്കുന്നതാണ് നടപടിക്രമം. ജൈക്ക, എ.ഡി.ബി, എ.ഐ.ഐ.ബി,കെ.എഫ്.ഡബ്ല്യൂ എന്നീ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാനാണ് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കേരളസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള ജോയിന്റ് വെൻജ്വർ കരാർപ്രകാരം പദ്ധതിയിൽ സാമ്പത്തികനഷ്ടം ഉണ്ടായാൽ അത് പദ്ധതിയിലുള്ള ഓഹരിയുടെ അനുപാതത്തിൽ ഏറ്റെടുക്കും. 22 ജൂൺ 2021 ന് കൂടിയ സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിങ് കമ്മിറ്റി പദ്ധതി പരിഗണിക്കുകയും പദ്ധതിയുടെ വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പദ്ധതിയുടെ 'സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ' വായ്പ തിരിച്ചടയ്ക്കാൻ പരാജയപ്പെട്ടാൽ ആ ബാധ്യത സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്ന "Undertaking" നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂസ് ഡെസ്ക്