- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്രൈനിൽ നിന്നെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് സർക്കാർ നൽകും; സ്വീകരിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുക്രൈനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മടങ്ങിയെത്തുന്ന മലയാളികളെ കേരളം സൗജന്യമായി ഡൽഹിയിൽ നിന്നും നാട്ടിലെത്തിക്കുമെന്നും ആവശ്യമെങ്കിൽ വേണ്ട താമസ സൗകര്യവും ഒരുക്കാൻ തയ്യാറാണെന്നും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണിയും അറിയിച്ചു. കേരള ഹൗസിൽ താമസ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും. 470 പേരുടെ സംഘത്തെയാണ് റുമേനിയ വഴി ഇന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നത്. തിരിച്ചെത്തുന്നവരിൽ 17 മലയാളികളുമുണ്ട്. കൂടുതൽ ആളുകളെ എത്തിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ ഇന്ന് തന്നെ മുംബൈയിൽ നിന്ന് യുക്രൈനിലേക്ക് പുറപ്പെടുമെന്നാണ് വിവരം.
ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തിരുന്നു.
മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാർത്ഥികളും എംബസി അധികൃതരും അറിയിച്ചു. മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും. ഡൽഹിയിൽ നിന്നും രണ്ടാം വിമാനവും ഇന്ന് ബുക്കാറെസ്റ്റിലേക്ക് എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്.
അതേസമയം, രക്ഷാദൗത്യങ്ങൾ വിലയിരുത്താനായി കേന്ദ്ര മന്ത്രിസഭായോഗം ചേരുന്നുണ്ട്. സുരക്ഷാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. യുക്രൈൻ സാഹചര്യങ്ങളെ യോഗം വിലയിരുത്തും.
മറുനാടന് മലയാളി ബ്യൂറോ