കോഴിക്കോട്: സംസ്ഥാനത്തെ 44 വകുപ്പിന് കീഴിലെ എല്ലാ ഓഫീസും ഇ- ഓഫീസാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽ സർവീസിന്റെ കാര്യക്ഷമത ഉയർത്തുന്നതിന്റെ ഭാഗമാണിത്. 19 വകുപ്പിലെ ഫയലുകൾ പൂർണമായും ഇ -ഓഫീസിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനം ഓഫീസിലെത്താതെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. സേവനാവകാശ നിയമം സമയബന്ധിതമായി പരിഷ്‌കരിക്കും. എല്ലാ സേവനങ്ങളും ഓൺലൈനാക്കുന്നതോടെ സർക്കാരിന്റെ മുഖച്ഛായ മാറും. നിയമനം, സ്ഥലംമാറ്റം ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യാനായി എസ്റ്റാബ്ലിഷ്മെന്റ് സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നു. വിരമിക്കുന്ന ദിവസം എല്ലാ സർവീസ് ആനുകൂല്യവും ജീവനക്കാർക്ക് ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കും.

കോവിഡ് പ്രതിസന്ധി കാലത്തും ജീവനക്കാരെ സർക്കാർ കൈവിട്ടില്ല. പല സംസ്ഥാനത്തും ഇതല്ല അവസ്ഥ. 31 വരെ സംസ്ഥാനത്ത് നടക്കുന്ന കോവിഡ് വാക്സിൻ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി.