തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ നിറവേറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയ ബദൽ എന്ന ആശയമാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കിയും പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിച്ചുമാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ എന്താണ് അയ്യങ്കാളിയടക്കമുള്ളവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി എന്നു പരിശോധിക്കാൻ കൂടി നാം ഈയവസരം ഉപയോഗിക്കണം. അധഃസ്ഥിതർക്ക്‌നേരെ അതിക്രമങ്ങളും അടിച്ചമർത്തലുകളും വർദ്ധിക്കുമ്പോൾ മനസിലാക്കേണ്ടത്, ഭരണഘടനയും ജനാധിപത്യവും അപകടത്തിലാവുന്നു എന്നതാണ്. എല്ലാവരേയും ജാതിമതലിംഗ നിരപേക്ഷമായി ഉൾക്കൊള്ളുക എന്നതാണ് ജനാധിപത്യത്തി ന്റെയും ഭരണഘടനയുടെയും കാതൽ. ആരും അതിനു പുറത്തല്ല

പാഠമില്ലെങ്കിൽ പാടത്തേക്കില്ല എന്നതായിരുന്നു ഒരു ഘട്ടത്തിൽ അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം. അതിനാൽ ഓരോ വിദ്യാർത്ഥിക്കും പഠനാവശ്യത്തിനായി ഡിജിറ്റൽ ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാർ . നൂറുദിന കർമപരിപാടികളുടെ ഭാഗമായി എല്ലാവർക്കും കണക്ടിവിറ്റി ഉറപ്പാക്കുകയാണ് സർക്കാർ. ലൈഫ് പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ഇനി 52000 വീടുകളാണ് നൽകാനുള്ളത്. തൊഴിൽ മേഖലയിൽ നൈപുണ്യ പരിശീലനം, 20000 പേർക്ക് തൊഴിവസരം എന്നിവ ഉറപ്പാക്കും.

ആദിവാസി വിഭാഗത്തിൽപെട്ട കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 60 വയസിന് മുകളിൽ പ്രായമുള്ള അമ്മമാർ എന്നിവർക്ക് പോഷകാഹാരം നൽകുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴിൽ അധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദർശിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കൽ സയൻസ്. ഈ സ്ഥാപനത്തിൽ കൂടുതൽ കോഴ്സുകളും സീറ്റുകളും അനുവദിക്കും

ഇടതുപക്ഷ ജനാധിപത്യ സർക്കാരിന് തുടർഭരണം ലഭിച്ച ഘട്ടമാണിത്. ഈ തുടർച്ച കേരളത്തിലെ ജനങ്ങളുടെ നിശ്ചയദാർഡ്യത്തിന്റെ പ്രതിഫലനമാണ്. നൂറുദിന പരിപാടികൾ നടപ്പിലാക്കാനുള്ള ഇടപെടൽ അതിന്റെ ഭാഗമായാണ്. അരികു വൽക്കരിക്കപ്പെട്ടവരുടെയുൾപ്പെടെ സമസ്ത വിഭാഗങ്ങളുടെയും സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ.