തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളം സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിൽ രണ്ടര ലക്ഷം വീട് നൽകി. ദുർബല വിഭാഗങ്ങൾക്ക് പ്രത്യേക ഭവനപദ്ധതികളും ആവിഷ്‌കരിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) നിർമ്മിച്ച് നൽകിയ 25 വീടിന്റെ താക്കോൽ ദാനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ മഹാപ്രളയത്തിലും പിന്നീടുണ്ടായ പ്രകൃതിക്ഷോഭത്തിലും തകർന്ന വീടുകൾ പുനർനിർമ്മിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ സ്‌കൂളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എൻഎസ്എസ് വളന്റിയർമാരും തയ്യാറെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

സഹജീവികൾക്ക് തുണയാകുകയെന്ന ഉദാത്തമായ മാനവികതയാണ് 25 വീടിന്റെ നിർമ്മാണം സാധ്യമാക്കിയത്. മാനവിക മൂല്യങ്ങളിൽ കുഞ്ഞുങ്ങളെ ഉറപ്പിച്ചുനിർത്താൻ എൻഎസ്എസിന് കഴിയുന്നത് അഭിനന്ദനീയമാണ്. 2017-18 മുതൽ 2020--21 വിദ്യാഭ്യാസ വർഷംവരെ 463 വീടാണ് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ ശ്രമഫലമായി എൻഎസ്എസ് നിർമ്മിച്ചു നൽകിയതെന്ന് മുഖ്യമന്ത്രി ഓർമിച്ചു.

ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ഈ വർഷത്തെ എൻഎസ്എസ് പ്രവർത്തനോദ്ഘാടനം ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഇവിടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം എ എം ആരിഫ് എംപി നിർവഹിച്ചു. സി ആർ മഹേഷ് എംഎൽഎ, എൻഎസ്എസ് പ്രോഗ്രാം ഡയറക്ടർ ജേക്കബ് എബ്രഹാം, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ പങ്കെടുത്തു.