തിരുവനന്തപുരം: രോഗികൾക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഇഹെൽത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവഴി ഒപി യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും. അതുപോലെതന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് ഒരു രോഗിയെ റഫർ ചെയ്യുന്ന പക്ഷം അവർക്ക് മുൻകൂർ ടോക്കൺ ലഭ്യമാക്കാനും ഈ സൗകര്യം വഴി കഴിയും. ഓൺലൈൻ അപ്പോയ്ന്മെന്റ് എടുക്കുന്നതിനുള്ള സൗകര്യവും ഇ ഹെൽത്ത് പോർട്ടൽ വഴി ലഭ്യമാണ്.

രോഗികൾക്ക് വീട്ടിലിരുന്നുതന്നെ ഡോക്ടറെ വീഡിയോകോൾ മുഖേന കണ്ട് ചികിത്സ തേടുന്നതിനുള്ള ടെലിമെഡിസിൻ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ ജില്ലകളിലായി 50 ആശുപത്രികളിലെ ഇഹെൽത്ത് സംവിധാനം, എല്ലാ ജില്ലകളിലും വെർച്ച്വൽ ഐടി കേഡർ, ചികിത്സാ രംഗത്തെ കെ ഡിസ്‌കിന്റെ ഡയബറ്റിക് റെറ്റിനോപ്പതിക്ക് വേണ്ടിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് റെറ്റിനൽ ഇമേജ് ക്വാളിറ്റി അസെസ്മെന്റ് ആൻഡ് ഫീഡ്ബാക്ക് ജനറേഷൻ, ബ്ലഡ് ബാഗ് ട്രെയ്സിബിലിറ്റിയും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങൾ, ബ്ലോക്ക്ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് അനാലിസിസ് സിസ്റ്റം എന്നീ നൂതന പദ്ധതികൾ എന്നിവ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പൗരനും ഓരോ ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്നതാണ് ലക്ഷ്യം. ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ചികിത്സാരേഖകളും ഇതുമായി ലിങ്കുചെയ്ത് സൂക്ഷിക്കും. ഏതു സർക്കാർ ആശുപത്രിയിലും ഈ രേഖകൾ ചികിത്സയുടെ സമയത്ത് ലഭ്യമാക്കാനും കഴിയും. 311 ആശുപത്രികളിൽ ഇതിനോടകം തന്നെ ഇഹെൽത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങളിൽ ഉണ്ടായ ഭൗതിക മാറ്റങ്ങൾ ഇഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് സഹായകരമായിട്ടുണ്ട്. ഈ പദ്ധതി ഇപ്പോൾ 50 ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. ഇതിനുപുറമെ 349 ആശുപത്രികളിൽക്കൂടി ഇഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമേ 349 ആശുപത്രികളിൽ കൂടി ഇഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതിയും നൽകി.

കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ നൂറുകോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്കായി ചെലവഴിച്ചത്. ആകെയുള്ള 1,284 സർക്കാർ ആശുപത്രികളിൽ 707 സർക്കാർ ആശുപത്രികളിൽ ഈ സംവിധാനം അടുത്തുതന്നെ പൂർണമായും ലഭ്യമാകും. ശേഷിക്കുന്ന 577 ആശുപത്രികളിൽ കൂടി ഇഹെൽത്ത് സോഫറ്റ് വെയർ പൂർണതോതിൽ വികസിപ്പിച്ച് സമ്പൂർണ ഇഹെൽത്ത് പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സമ്പന്നർക്ക് മാത്രം ചികിത്സ ലഭിക്കുകയും സാധാരണക്കാർ ചികിത്സകിട്ടാതെ തെരുവിൽ അലയുകയും ചെയ്യുന്ന ചിത്രം നമ്മുടെ മുന്നിലുള്ളതാണ്. പക്ഷെ നമ്മുടെ സംസ്ഥാനത്ത് ആരെയും സർക്കാർ കൈവിട്ടിട്ടില്ല. എല്ലാവരെയും ചേർത്തു പിടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമായാണ് സർക്കാർ കാണുന്നത്. അതിന്റെ ദൃഷ്ടാന്തമാണ് ഇഹെൽത്ത് പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.