അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി എന്ന് ആവർത്തിക്കുന്നു്; ജനത്തിന്റെ കൈയിൽ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നതെന്നും പിണറായി; ഏത് അന്വേഷണം വന്നാലും ഒരു ചുക്കുമില്ലെന്ന് ചെന്നിത്തലയും; സഭയിൽ ചോദ്യത്തോര വേളിൽ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവും നേർക്കുനേർ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളിൽ ഇന്ന് പ്രതപക്ഷ പ്രതീക്ഷകൾ തകിടം മറിച്ച് ഭരണപക്ഷത്തിന്റെ കടന്നാക്രമണം. അഴിമതി കേസുകളിൽ ചോദ്യം പ്രതിപക്ഷ നിരയെ മാത്രം ലക്ഷ്യമിട്ടു കൊണ്ട് തുടർച്ചയായി ഉയർന്നതോടെ പ്രതിപക്ഷം വെട്ടിലായി. ഇത് ഗൂഢാലോചനയാണെന്ന ആരോപിച്ചു പ്രതിപക്ഷ നേതാവും രംഗത്തിറങ്ങിയതോടെ ചോദ്യോത്തര വേള ചൂടുപിടിച്ചു.നിയമസഭയിൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ പരസ്പ്പരം പോരടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.
പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരായ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി സംസാരിക്കുമ്പേഴായിരുന്നു മുഖ്യമന്ത്രിയുടെ പരമാർശം. വിജിലൻസ് അന്വേഷണങ്ങളെ കുറിച്ചായിരുന്നു അംഗങ്ങളുടെ ചോദ്യം. ബാർ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തിൽ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവർണറെ സമീപിച്ചതെന്നായിരുന്നു പിണറായി സഭയിൽ പറഞ്ഞത്.ഇതോടെ പ്രതിപക്ഷ ബെഞ്ചിലെ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു.
പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നൽകിയത് തെറ്റായ കീഴ്‌വഴക്കമെന്നായിരുന്നു കെ സി ജോസഫിന്റെ പ്രതികരണം. ചോദ്യം പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കിൽ നോക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.ബാർ കോഴ രണ്ട് തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സി ഡിയിലാണ് തന്റെ പേരുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സി ഡിയിൽ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. താൻ കോഴ വാങ്ങിയിട്ടില്ല.
ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്‌വേലയാണിതെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ തന്നെ ബഹളം വയ്ക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഈ സർക്കാർ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയർത്തി. വൻകിട കമ്പനികൾ കേരളത്തിലേക്ക് വരുന്നു. വലിയ വികസനം നടക്കുന്നു. അതിൽ വിഷമമുണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനെയും ആശങ്കപ്പെടേണ്ടതോ ഭയപ്പെടേണ്ടതോ ഇല്ല. ജനത്തിന്റെ കൈയിൽ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. ജനം ജനത്തിന്റെ അനുഭവത്തിലാണ് പറയുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വി ഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തിൽ വിജിലൻസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിന്റെ മറ്റ് കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൈറ്റാനിയം കേസിൽ മുൻധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടിൽ സി ബി ഐ എത്തിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശൻ, എംസി കമറുദ്ദീൻ, ഉമ്മൻ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി പേർക്കെതിരെ ചോദ്യങ്ങൾ ഉയർന്നു.
മറുനാടന് മലയാളി ബ്യൂറോ