കോട്ടയം : പി.സി.തോമസുമായി ലയിച്ചതോടെ പൊതുചിഹ്നവും കേരള കോൺഗ്രസിന്റെ രാഷ്ട്രീയ പൈതൃകവും കിട്ടിയെങ്കിലും പിജെ ജോസഫിന് പ്രശ്‌നങ്ങൾ തീരില്ല. മോൻസ് ജോസഫിനും ഫ്രാൻസിസ് ജോർജിനും ഒപ്പം ഒരു കരുത്തൻ കൂടി പിജെജോസഫിന്റെ പാർട്ടിയിൽ ഇനിയുണ്ടാകും. പിസി തോമസ്. മത്സരിക്കുന്നില്ലെങ്കിലും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിസി തോമസിനും അർഹമായ അംഗീകാരം നൽകേണ്ടി വരും. ജോസ് കെ മാണിയെ വിട്ടു വന്ന പലരും പാർട്ടിയിൽ അസംതൃപ്തരാണ്. വിക്ടർ തോമസ്, സജി മഞ്ഞക്കടമ്പൻ, ജോണി നെല്ലൂർ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ അസംതൃപ്തരെ വാഗ്ദാനങ്ങൾ കൊടുത്ത് പിജെ അടക്കി നിർത്തുകയാണ്. ഇവർക്കൊപ്പം വാഗ്ദാനങ്ങളിൽ വീണ് പിസി തോമസും എത്തുന്നു.

2010 വരെ താൻ നയിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിലേക്കു പി.ജെ. ജോസഫ് തിരിച്ചെത്തി എന്നതാണ് വസ്തുത. ഇതിനൊപ്പം പിസി തോമസും കേരളത്തിലെ പ്രധാന മുന്നണിയിൽ തിരിച്ചെത്തുന്നു. പി.ടി.ചാക്കോയുടെയും കെ.എം. ജോർജിന്റെയും പൈതൃകവും ഇനി ജോസഫിന് അവകാശപ്പെടാം. കേരള കോൺഗ്രസിന്റെ രൂപീകരണത്തിനു കാരണക്കാരനായ പി.ടി.ചാക്കോയുടെ മകനാണ് പി.സി.തോമസെങ്കിൽ സ്ഥാപക ചെയർമാൻ കെ.എം.ജോർജിന്റെ മകനാണ് ജോസഫിനൊപ്പമുള്ള കെ.ഫ്രാൻസിസ് ജോർജ്. ഇതോടെ മോന്‌സ് ജോസഫിന് പ്രസക്തി കുറയും. കേരളാ കോൺഗ്രസ് പാർട്ടിയിലെ രണ്ടാം സ്ഥാനം ആവശ്യപ്പെട്ടാണ് സ്വന്തം പാർട്ടി പിസി തോമസ്, പിജെ ജോസഫിന് നൽകുന്നത്.

കേരള കോൺഗ്രസിലെ (എം) പിളർപ്പിനു ശേഷം പാർട്ടിയും ചിഹ്നവും നഷ്ടപ്പെട്ട പി.ജെ.ജോസഫിന് ലയനം അനിവാര്യതയായിരുന്നു. 6 മാസം മുൻപ് ആരംഭിച്ചെങ്കിലും വേഗമില്ലാതിരുന്ന ലയന നീക്കം ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച പുലർച്ചെ 4 വരെ നീണ്ട ചർച്ചയിലാണ് വിജയത്തിലെത്തിയത്. അങ്ങനെ 13 വർഷത്തിനു ശേഷം ജോസഫിനൊപ്പം തോമസുമെത്തി. 2008ൽ പി.സി.തോമസ് പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിൽ ലയിച്ചെങ്കിൽ 2021ൽ പി.ജെ.ജോസഫ് തിരിച്ചു ലയിച്ചുവെന്നു മാത്രം.

6 മാസം മുൻപ് പി.സി.തോമസുമായി ആദ്യ ചർച്ച നടത്തി. ലയിച്ചാൽ പാർട്ടി ചെയർമാൻ സ്ഥാനവും നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റും പി.സി.തോമസ് ചോദിച്ചു. ചെയർമാൻ സ്ഥാനം നൽകാൻ ജോസഫ് തയാറായില്ല. ഡപ്യൂട്ടി ചെയർമാനിലൂടെ രണ്ടാമൻ സ്ഥാനം പി.സി. തോമസിനു നൽകുന്നതിനെ ജോസഫ് വിഭാഗത്തിലെ ഒരു കൂട്ടർ അന്ന് എതിർത്തു. എന്നാൽ ചി്ഹ്ന പ്രശ്‌നത്തിലെ സുപ്രീംകോടതി വിധി എതിരായതോടെ ജോസഫിന് മുമ്പിൽ മറ്റ് വഴികളില്ലാതെയായി.

കഴിഞ്ഞ 15ന് സുപ്രീംകോടതി വിധിയിൽ രണ്ടില ചിഹ്നം ജോസ് കെ.മാണിക്കു ലഭിച്ചു. ഇതോടെ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മത്സരിക്കണമെന്ന സ്ഥിതി വന്നു. റജിസ്‌ട്രേഷനുള്ള ഏതെങ്കിലും പാർട്ടിയിൽ ചേരാൻ ജോസഫ് വിഭാഗം ആലോചന തുടങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. അപ്പോഴും ജോസഫിന് മുമ്പിൽ വെല്ലുവിളികളുണ്ട്. തൽകാലം അതൊന്നും പ്രശ്‌നമാകില്ലെന്ന വിലയിരുത്തലിൽ മുമ്പോട്ട് പോവുകയാണ് ജോസഫ്.

2010 ൽ പി ജെ ജോസഫ് വിഭാഗം കെ എം മാണി നയിച്ച കേരളാ കോൺഗ്രസ് (എം)ൽ ലയിച്ചതിനെതിരെ പി സി തോമസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ കേസാണ് ഇപ്പോൾ പി സി തോമസിനും പി ജെ ജോസഫിനും വിനയാകുന്നത്. രണ്ട് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ലയിക്കണമെങ്കിൽ ആ രാഷ്ട്രീയ പാർട്ടികളുടെ ഭരണഘടനയിൽ അതിനുള്ള വകുപ്പുണ്ടായിരിക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ പി സി തോമസിന്റേയും പിജെ ജോസഫിന്റേയും കേരളാ കോൺഗ്രസുകാരുടെ ഭരണഘടനയിൽ അങ്ങനെയൊരു വകുപ്പില്ല എന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 11-06-2012 ൽ നൽകിയ സുപ്രധാന വിധിയിലെ 22-ാം ഖണ്ഡികയിൽ വ്യക്തമാക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ എപിഎൽസിയും കാപ്റ്റൻ സംഗ്മയും തമ്മിൽ നടന്ന കേസിലെ 1977 എഐആർ 2155 കേസിലെ വിധിന്യായം ഇന്ന് ലയിക്കുന്ന പി സി തോമസ് വിഭാഗത്തിനും പി ജെ ജോസഫിനും ബാധകമാകും.

പി ജെ ജോസഫ് വിഭാഗത്തിൽ നിന്നും മത്സരിക്കുന്ന 10 സ്ഥാനാർത്ഥികളിൽ കെ എം മാണിയുടെ മരുമകനായ വ്യക്തി ഒഴിച്ച് ബാക്കി 9 പേരും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളായിരന്നു. കഴിഞ്ഞ ദിവസം വരെ പി ജെ ജോസഫ് രണ്ടില ചിഹ്നത്തിനായി സുപ്രീം കോടതിയിൽ കേസ് നടത്തിയതിനാൽ നാളിതുവരെ ഇവരൊക്കെ കെ സി (എം) പാർട്ടി അംഗങ്ങളാണ്. ഒന്നുകിൽ ഇവരെ കെസി(എം) ചെയർമാൻ ജോസ് കെ മാണി പുറത്താക്കുകയോ, അല്ലെങ്കിൽ ഇവർ കെസി(എം)ൽ നിന്നും സ്വയം രാജി വയ്ക്കുകയോ ചെയ്യണം. അല്ലാതെ ഇവർക്ക് പി സി തോമസ് വിഭാഗത്തിൽ ചേരാനാവില്ല.

പി ജെ ജോസഫിന് സ്വന്തമായി ഒരു രജിസ്ട്രേഡ് രാഷ്ട്രീയ പാർട്ടി പോലും നിലവിൽ ഇല്ലാത്തതിനാൽ ജോസഫ് ഗ്രൂപ്പിന് പി സി തോമസ് നേതൃത്വം നൽകുന്ന ബ്രാക്കറ്റില്ലാത്ത കേരളാ കോൺഗ്രസിൽ ലയിക്കാനാകില്ല. ഈ നിയമ പ്രശ്‌നം ഇപ്പോഴും ഉണ്ട്. പകരം പി സി തോമസിനെ ചെയർമാനായി അംഗീകരിച്ച് പിസി തോമസിന്റെ കേരളാ കോൺഗ്രസിൽ അംഗത്വമെടുക്കാം. പി സി തോമസിനെ മാറ്റി പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കണമെങ്കിൽ പി സി തോമസിന്റെ കേരളാ കോൺഗ്രസിന്റെ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി 14 ദിവസത്തെ നോട്ടീസ് നൽകി വിളിച്ചുചേർക്കണം. അതാണ് പാർട്ടി ഭരണഘടന. ഇതെല്ലാം ഇപ്പോഴും പ്രശ്‌നമായി ജോസഫിന് മുമ്പിലുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ചിഹ്നം നൽകേണ്ടിവരുന്നതിനാൽ ലയന നീക്കം കോടതി കയറുമെന്നുറപ്പായിരിക്കുന്നു.