മലപ്പുറം; കേസ് കണ്ട് പതറുന്ന പാർട്ടിയല്ല മുസ്ലിം ലീഗെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പാണക്കാട് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് എംഎൽഎമാരായ കെഎം ഷാജിക്കും എംസി ഖമറുദ്ദീനുമെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്. സർക്കാർ പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. യുഡിഎഫ് നേതാക്കൾക്കെതിരായ പ്രതിപ്പട്ടിക തയ്യാറാക്കി പൊലീസിന് നൽകുകയാണ് സർക്കാർ. ഇത്തരം രാഷ്ട്രീയ പ്രേരിതമായ കേസുകൾ കണ്ട് പറതുന്ന പാർട്ടിയല്ല ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗെന്നും പാണക്കാട് ചേർന്ന യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതികാരം ചെയ്യുന്ന രീതിയിലാണ് ഇടതു സർക്കാർ പ്രവർത്തിക്കുന്നത്. കാലാവധി തീരാറായ ഒരു ഗവൺമെന്റാണ് ഇത്. കേവലം മാസങ്ങൾ മാത്രം ബാക്കിയുള്ള ഒരു സർക്കാറാണ് ഇതു ചെയ്യുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സർക്കാർ ഉണ്ടായിട്ടില്ല. നിങ്ങളുടെ പേരിലും കേസെടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി യുഡിഎഫ് നേതാക്കന്മാരുടെ പേരിൽ കേസെടുത്ത് പ്രതികാരം ചെയ്യുന്നു. ഇതെല്ലാം ജനങ്ങൾ വിലയിരുത്തുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചേർന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഇത്തരം കേസുകൾ കണ്ട് പതറുന്ന പാർട്ടിയല്ല മുസ്ലിം ലീഗ്. സ്വർണക്കടത്ത്, കഞ്ചാവ്, ഡോളർ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സർക്കാർ ശ്രമം.

ഞങ്ങളുടെ എംഎൽഎമാർക്കെതിരെയുള്ള കേസ് ജനങ്ങൾ കാണുന്നുണ്ട്. രണ്ട് കേസുകളും തമ്മിൽ വ്യത്യാസമുണ്ട്. എംഎൽഎമാർക്കെതിരായ കേസുകൾ നിയമത്തിന്റെ വഴിയിൽ നേരിടും. കാലാവധി കഴിയാറായ സർക്കാർ പോകുന്നപോക്കിൽ യുഡിഎഫ് നേതാാക്കളെ കേസിൽ കുടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി പൊലീസിന് നിർദ്ദേശം നൽകുന്നു. പേലീസിനെ രാഷ്ട്രീയമായി ഉപോയോഗിക്കുന്നത് ബാലിശമാണ്. അതിനെ ഞങ്ങൾ നേരിടും. അതിൽ സംശയം വേണ്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റം കൈവരിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായതിന് സമാനമായ മുന്നേറ്റം ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലും ആവർത്തിക്കും. വിജിലൻസിനെയും സർക്കാർ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയാണ്. എൽഡിഎഫ് കൺവീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ആളുമായ എ വിജയരാഘവൻ പറഞ്ഞിരിക്കുന്നത് ഒരു ഡസൻ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്നാണ്. കേവലം മൂന്ന് മാസം കൂടി കാലാവധിയുള്ള സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികൾ ചരിത്രത്തിൽ ആദ്യമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടിക്ക് പുറമെ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്, രാജ്യസഭ അംഗം പിവി അബ്ദുൽ വഹാബ് എംപി, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ എന്നിവരും പങ്കെടുത്തു. വിവിധ നേതാക്കൾ ഓൺലൈനായും ഇന്ന് നടന്ന മുസ്ലിം ലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ പങ്കെടുത്തു.