- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് പാസ് എടുത്താൽ ടിപ്പറുകൾ കടത്തുന്നത് പത്തോളം ലോഡുകൾ; ടിപ്പറിൽ ജിപിഎസ് ഉണ്ടെങ്കിൽ കള്ളത്തരം കൈയോടെ പിടിക്കും; ഡൽഹിയിലും ആന്ധ്രയിലും ഓട്ടോയിൽ പോലും ജിപിഎസ് നിർബന്ധമായിരിക്കെ കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്തുമാറ്റാൻ നീക്കം; ടിപ്പർമാഫിയയുടെ കളികൾക്ക് ഗതാഗതവകുപ്പും കൂട്ട്; കരുനീക്കങ്ങൾ ഫലിച്ചതിൽ സന്തോഷിച്ച് എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശവും പുറത്ത്; കോവിഡിന്റെ മറവിലെ കളികൾ ഇങ്ങനെ
തിരുവനന്തപുരം: ടിപ്പർ ലോറികൾ ജിപിഎസ് വിമുക്തമാക്കാൻ ഗതാഗതവകുപ്പിൽ നിന്നും തന്നെ ശ്രമം. കോടികൾ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നത് തടയാൻ ഗതാഗത വകുപ്പിൽ നിന്ന് തന്നെയാണ് ശ്രമം നടക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ടിപ്പർ ഉടമകളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ടിപ്പറിൽ നിന്നും ജിപിഎസ് സംവിധാനം എടുത്തുമാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഒരു ലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് ജിയോളജി വകുപ്പിൽ നിന്നും പാസ് എടുത്ത് ഇതിന്റെ മറവിൽ ദിവസം പത്തോളം ലോഡുകൾ കടത്തുന്ന ടിപ്പർ ഉടമകളുടെ കള്ളത്തരം മറച്ച് പിടിക്കാനാണ് ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കാൻ ശ്രമം നടക്കുന്നത്. ഡൽഹിയിലും ആന്ധ്രയിലും ഓട്ടോ റിക്ഷകൾക്ക് വരെ ജിപിഎസ് നിർബന്ധമാണ്. അതിലൊക്കെ അപകടം വന്നാൽ ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി ബട്ടണുകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ അവസ്ഥ സംസ്ഥാനങ്ങളിൽ നിലനിൽക്കുമ്പോഴാണ് കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്നും ജിപിഎസ് ഒഴിവാക്കാൻ ശ്രമിക്കുന്നത്.
ടിപ്പറുകളിൽ ജിപിഎസ് വന്നാൽ സർക്കാർ ഖജാനയിലേക്ക് കോടികൾ പണം ഒഴുകുകയും ടിപ്പർ ഉടമകളുടെ കീശ കാലിയാകുകയും ചെയ്യും. ജിപിഎസ് നിർബന്ധമാക്കുകയും അത് മോണിറ്റർ ചെയ്യാൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ ടിപ്പർ ഉടമകൾക്ക് വൻ തിരിച്ചടിയാണ് വരുക. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയുള്ള 151 A വകുപ്പ് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്. ഇരിക്കൂറിൽ നടന്ന വാഹനാപകടത്തിൽ പത്ത് സ്കൂൾ കുട്ടികൾ അതിദാരുണമായി മരണമടഞ്ഞപ്പോഴാണ് സർക്കാർ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് പൊതുവാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കാൻ സർക്കാർ തലത്തിൽ തീരുമാനം വന്നത്. ഈ തീരുമാനം തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവനാശിയിൽ കണ്ടെയിനറും കെഎസ്ആർടിസിയും വോൾവോയും അപകടത്തിൽപ്പെട്ട് നിരവധി ജീവനുകൾ പൊലിഞ്ഞപ്പോൾ അന്വേഷണത്തിനു സഹായകരമായത് കണ്ടെയിനറിലെ ജിപിഎസ് സംവിധാനമായിരുന്നു. ഇത്തരം അപകടങ്ങളിൽ നിന്നുള്ള പാഠങ്ങൾ മുന്നിൽനിൽക്കുമ്പോഴാണ് ജിപിഎസ് സംവിധാനം ഒഴിവാക്കാൻ വകുപ്പ് തലത്തിൽ തന്നെ ശ്രമം നടക്കുന്നത്.
ജിപിഎസ് നടപ്പിലാക്കാൻ സിഡാക്കുമായി ചേർന്ന് എട്ടു കോടി പൊടിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷമാണ് ജിപിഎസ് സംവിധാനം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. വാഹനങ്ങളിൽ ജിപിഎസ് മാത്രം പോര ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കണമെന്ന് കോവിഡ് രോഗി 108 ആംബുലൻസിൽ നിന്ന് ബലാത്സംഗം ചെയ്യപ്പെട്ട പത്തനംതിട്ട സംഭവം വിളിച്ചു പറയുമ്പോഴാണ് ടിപ്പർ ലോറികളിൽ നിന്നും ജിപിഎസ് ഒഴിവാക്കാൻ വകുപ്പ് തലത്തിൽ തന്നെ ശ്രമം നടക്കുന്നത്. കോവിഡ് പടരുന്നതിനാൽ ഡിസംബർ 31 വരെ ജിപിഎസ് സംവിധാനം നിർബന്ധമല്ലെന്ന് സംസ്ഥാനത്തിനകത്ത് തീരുമാനം വന്നിട്ടുണ്ട്. ഡിസംബർ മുപ്പത്തിയൊന്നു വരെ അതുകൊണ്ട് തന്നെ ടിപ്പറിൽ ജിപിഎസ് സംവിധാനം നിർബന്ധമല്ല. ഈ രീതി തന്നെ നടപ്പാക്കാനാണ് നീക്കം നടക്കുന്നത്. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്ത് മാറ്റാൻ മന്ത്രിതല നീക്കം കാബിനെറ്റിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് ഇത് താത്കാലികമായി ഒഴിവായത്. ജിപിഎസ് ഫിറ്റ് ചെയ്ത വാഹനത്തിന്റെ വിവരങ്ങൾ തൽസമയം മോട്ടോർ വാഹന വകുപ്പ് അറിയും എന്നുള്ള ബോധം ഡ്രൈവർമാർക്ക് ഉണ്ടാകും. ഇത് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാകും. വിലപ്പെട്ട എത്രയോ ജീവനുകൾ രക്ഷിക്കാനും സാധിക്കും .
നിർഭയ സംഭവങ്ങൾക്ക് ശേഷമാണ് പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ കേന്ദ്ര തീരുമാനം വന്നത്. കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജിപിഎസ് നിർബന്ധമാക്കുകയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ജിപിഎസ് ഒഴിവാക്കുകയും ചെയ്യുന്ന നീക്കമാണ് മന്ത്രി തലത്തിൽ തന്നെ നടക്കുന്നത്. കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏതൊക്കെ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണം എന്ന് സംസ്ഥാന സർക്കാരിനു നോട്ടിഫിക്കേഷൻ ഇറക്കി തീരുമാനം എടുക്കാം എന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ രീതിയിലുള്ള ഒരു നോട്ടിഫിക്കേഷനും നിലവിലെ നിയമവും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്.
ടിപ്പറിൽ ജിപിഎസ് ഘടിപ്പിച്ചാൽ വൻ തിരിച്ചടിയാണ് ടിപ്പർ ഉടമകൾക്ക് വരുന്നത്. ടിപ്പർ ട്രാക്ക് ചെയ്യപ്പെടും. വലിയ വരുമാനം നിലയ്ക്കുകയും സർക്കാർ ഖജനാവിലേക്ക് വൻ തുകകൾ പിഴയായും അല്ലാതെയും ഇവർക്ക് അടക്കേണ്ടി വരും. ജിപിഎസ് സംവിധാനം വന്നാൽ ട്രാക്ക് റെക്കോർഡ് എടുക്കാം. ഓവർ സ്പീഡ് തടയാം. അപകടം വന്നാൽ പൊലീസിനു മോട്ടോർ വാഹനവകുപ്പിനും സന്ദേശം പോകും. അപകടത്തിൽപ്പെട്ടാൽ രക്ഷിക്കുകയും ആകാം.പക്ഷെ ജിയോളജി വകുപ്പിൽ ഒരു പാസ് എടുത്ത് പത്ത് ലോഡ് കടത്തുന്നത് തിരിച്ചറിയപ്പെടും. ടിപ്പർ ഏതൊക്കെ ദിശയിലേക്ക് സഞ്ചരിക്കുന്നു എന്നും വ്യക്തമായിക്കൊണ്ടിരിക്കും. പല ടിപ്പർ ഉടമകളും ജിയോളജി വകുപ്പിൽ നിന്നും ഒരു പാസ് ആണ് ദിവസം വാങ്ങിക്കുന്നത്. ഒരു ട്രിപ്പ് മാത്രം ഓടാൻ അനുവാദം നിലനിൽക്കെ ഇത് പത്ത് ലോഡ് വരെ പോകും. നാലായിരം ചെലവാക്കേണ്ട സ്ഥാനത്ത് 400 രൂപ മാത്രം ഒടുക്കിയാൽ മതി. ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടു അറുപതിനായിരത്തോളം ടിപ്പറുകൾ ഈ രീതിയിൽ സംസ്ഥാനത്തിനകത്ത് ഓടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
സർക്കാരിനു കൊടുക്കേണ്ട കോടികൾ വരുന്ന തുകയാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഓവർ ലോഡ് ആണെങ്കിൽ അത് ആറു ടൺ വരെ ഉണ്ടെങ്കിൽ 16500 രൂപ വരെ ഫൈൻ ഉണ്ട്. അതിലും കൂടുതൽ ലോഡ് ഉണ്ടെങ്കിൽ കാൽ ലക്ഷത്തോളം രൂപ ഫൈൻ ഉണ്ടാകും.
ടിപ്പർ കൈകാണിച്ചിട്ടും നിർത്താതെ പോയാൽ മുൻപ് 40000 രൂപയായിരുന്നു പിഴ. ഒത്തുകളിയുടെ ഭാഗമായി അതിപ്പോൾ 20000 രൂപയാക്കിയിട്ടുണ്ട്. ഓവർലോഡ് ഉണ്ടെങ്കിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയി എന്ന് പറയും. ഫൈൻ ഇരുപതിനായിരം മാത്രം അടയ്ക്കും. ഈ രീതിയിലും സർക്കാരിനു വൻ തുകകൾ നഷ്ടമാകുന്നുണ്ട്.
എന്തെങ്കിലും പ്രശ്നം വന്നാൽ കോടതിയിൽ പോയി സ്റ്റേ വാങ്ങും. എന്നിട്ട് പഴയ പടി സർവീസ് തുടരുകയും ചെയ്യും. ഇത്തരം കള്ളക്കളികൾ നിർബാധം തുടരാനുള്ള ശ്രമങ്ങളാണ് ജിപിഎസ് ഒഴിവാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ഇതിനു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഒത്താശ ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന എഎംവി അസോസിയേഷൻ നേതാവിനെ ഓഡിയോ സന്ദേശം ഇതിനുള്ള തെളിവായി നിൽക്കുന്നു.
എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം:
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടെഴ്സ് അസോസിയേഷൻ ഒരു സർവീസ് സംഘടന മാത്രമാണ്. നമ്മുടെ ഡിപ്പാർട്ട്മെന്റിൽ നിലനിൽക്കുന്ന വിഎൽടിഎസ് അടക്കുമുള്ള പൊതുജനങ്ങളെ വളരേയധികം ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾക്കെതിരെ കഴിഞ്ഞ മാർച്ചിനു ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ഞങ്ങൾക്ക് മന്ത്രി ഓഫീസിൽ പോകാനും കാര്യങ്ങൾ സംസാരിക്കാനും സാധിച്ചത്.കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് പബ്ലിക് സർവീസ് വെഹിക്കിൾ ഒഴികെ ബാക്കി എല്ലാ വാഹനങ്ങളെയും ജിപിഎസിൽ നിന്നും ഒഴിവാക്കാനായി നിർദ്ദേശം നൽകിയതായി അറിയാൻ സാധിച്ചു. അങ്ങിനെ നടന്നതിൽ എല്ലാ വിധ ഭാവുകങ്ങളും എല്ലാ വിധ സന്തോഷങ്ങളും ഞങ്ങൾ എല്ലാവർക്കുമായി നേരുന്നു. കാരണം ഇങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ഒരു നിയമം നടപ്പിലാക്കുന്നതിനുള്ള അവ്യക്തത ചൂണ്ടിക്കാണിക്കാൻ ഞങ്ങൾക്ക് സാധിച്ചതിലുള്ള ചാരിതാർത്ഥ്യം അതുമൂലം ജനങ്ങൾക്കുണ്ടായ ഗുണം ഞങ്ങൾ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.