തിരുവല്ല: പരീക്ഷ കഴിഞ്ഞതിന് പിന്നാലെ, ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാർക്കൊപ്പം പ്ലസ് ടു വിദ്യാർത്ഥിനികൾ ഒളിച്ചോടി. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. പെൺകുട്ടികളിൽ ഒരാൾക്ക് പതിനെട്ടു വയസ് തികഞ്ഞിരുന്നു. രണ്ടാമത്തെ പെൺകുട്ടിക്ക് 17 വയസു മാത്രമാണ് പ്രായം. തന്റെ കാമുകനോട് 18 വയസ് തികഞ്ഞുവെന്ന് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് അയാൾ നാടുവിടാൻ തയാറായതെന്ന് പെൺകുട്ടി കോടതിയിൽ മൊഴി നൽകി.

തിരുമൂലപുരത്തെ സ്‌കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന കുറ്റൂർ, റാന്നി സ്വദേശിനികളാണ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ കാമുകന്മാർക്കൊപ്പം പുറപ്പെട്ടു പോയത്. നെടുമങ്ങാട് സ്വദേശി മൂനീർ, കുറ്റിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് പെൺകുട്ടികളുമായി സ്ഥലം വിട്ടത്. മുനീറിനൊപ്പം പോയ പെൺകുട്ടിക്ക് 18 വയസു തികഞ്ഞിരുന്നു. വിഷ്ണുവിനൊപ്പം പോയ കുട്ടിക്കാണ് 17 വയസുള്ളത്.

ശനിയാഴ്ചയാണ് പെൺകുട്ടികൾ നാടുവിട്ടത്. ഇരുകൂട്ടികളും കാമുകന്മാർക്കൊപ്പം അവരുടെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്നിറങ്ങിയതിന് പിന്നാലെ അതാത് സ്ഥലങ്ങളിലെ പൊലീസുകാർ ചെന്ന് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച തിരുവല്ലയിൽ എത്തിച്ച കമിതാക്കളെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്നാണ് കോടതിയിൽ ഹാജരാക്കിയത്.

സംഭവം സംബന്ധിച്ച് സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പോൾ കുട്ടികൾ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. പതിനെട്ടു വയസു തികഞ്ഞുവെന്ന് കാമുകനെ തെറ്റിദ്ധരിപ്പിച്ചെന്നും അതു കൊണ്ടാണ് തന്നെ അയാൾ കൊണ്ടു പോയതെന്നുമായിരുന്നു വിഷ്ണുവിനൊപ്പം പോയ കുട്ടിയുടെ മൊഴി. പീഡനം നടക്കാത്തതിനാലും ഒരാൾക്ക് 18 തികഞ്ഞതിനാലും പൊലീസ് കേസെടുത്തിട്ടില്ല.